Asianet News MalayalamAsianet News Malayalam

IPL 2022: അടിതെറ്റി ലഖ്നൗ; ജയത്തോടെ ബാംഗ്ലൂര്‍ രണ്ടാമത്

182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ മുഹമ്മദ് സിറാജിനെതിരെ രണ്ട് ബൗണ്ടറി അടിച്ചാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ ഒമ്പത് റണ്‍സടിച്ച ലഖ്നൗവിന് പക്ഷെ ഗ്ലെന്‍ മാക്സ്‌വെല്‍ എറി‌ഞ്ഞ ണ്ടാം ഓവറില്‍ അഞ്ച് റണ്‍സെ നേടാനായുള്ളു.

IPL 2022:Royal Challengers Bangalore beat Lucknow Super Giants by 18 runs
Author
Mumbai, First Published Apr 19, 2022, 11:38 PM IST

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ(LSG vs RCB) 18 റണ്‍സിന് തകര്‍ത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ ഏഴ് കളികളില്‍ 10 പോയന്‍റുമായി ബാംഗ്ലൂര്‍ പോയന്‍റ് പട്ടികയില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബാംഗ്ലൂരിന്‍റെ മുന്നേറ്റം. തോല്‍വിയോടെ മൂന്നാം സ്ഥാനത്തായിരുന്ന ലഖ്നൗ നാലാം സ്ഥാനത്തേക്ക് വീണു. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 181-6, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 163-8.

തുടക്കം പിഴച്ചു, ഒടുക്കവും

182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ മുഹമ്മദ് സിറാജിനെതിരെ രണ്ട് ബൗണ്ടറി അടിച്ചാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ ഒമ്പത് റണ്‍സടിച്ച ലഖ്നൗവിന് പക്ഷെ ഗ്ലെന്‍ മാക്സ്‌വെല്‍ എറി‌ഞ്ഞ ണ്ടാം ഓവറില്‍ അഞ്ച് റണ്‍സെ നേടാനായുള്ളു. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ മൂന്നാം ഓവറില്‍ ഡി കോക്കിനെ(3) നഷ്ടമായ ലഖ്നൗവിന് നേടാനായത് മൂന്ന് റണ്‍സ് മാത്രം. ഷഹബാസ് അഹമ്മദ് എറിഞ്ഞ നാലാം ഓവറില്‍ ഏഴ് റണ്‍സടിച്ചെങ്കിലും ഹേസല്‍വുഡ് എറിഞ്ഞ അഞ്ചാം ഓവറില്‍ മനീഷ് പാണ്ഡെയും(6) ലഖ്നൗവിന് നഷ്ടമായി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സടിച്ച് ലഖ്നൗ തുടക്കം ഭേദപ്പെട്ടതാക്കിയെങ്കിലും കൃഥ്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ബാംഗ്ലൂര്‍ കളിയില്‍ പിടിമുറുക്കി.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ(24 പന്തില്‍ 30) ഹര്‍ഷല്‍ പട്ടേല്‍ മടക്കുമ്പോള്‍ ലഖ്നൗ സ്കോര്‍ ബോര്‍ഡില്‍ 64 റണ്‍സെ ഉണ്ടായിരുന്നുള്ളു. ദീപക് ഹൂഡയെയും(13), ആയുഷ് ബദോനിയെയും(13) കൂട്ടുപിടിച്ച് ക്രുനാല്‍ പാണ്ഡ്യ(28 പന്തില്‍ 42) നടത്തിയ പോരാട്ടം ലഖ്നൗവിന് പ്രതീക്ഷ നല്‍കിയെങ്കിലും  ക്രുനാലിനെ മാക്സ്‌വെല്‍ വീഴ്ത്തിയതോടെ ആ പ്രതീക്ഷയും തകര്‍ന്നു.

മാര്‍ക്കസ് സ്റ്റോയ്നിസും(15 പന്തില്‍ 24), ജേസണ്‍ ഹോള്‍ഡറും(8 പന്തില്‍ 16) നടത്തിയ ചെറുത്തുനില്‍പ്പിന് ലഖ്നൗവിന്‍റെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. ബാംഗ്ലൂരിനായി ജോഷ് ഹേസല്‍വുഡ് നാലോവറില്‍ 25 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍  ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 47 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തി. സിറാജും മാക്സ്‌വെല്ലും ഓരോ വിക്കറ്റ് വീതമെടുത്തു.

സൂപ്പര്‍ ഡൂപ്പര്‍ ഡൂപ്ലെസി

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ മികവിലാണ് ബാംഗ്ലൂര്‍ മികച്ച സ്കോറിലെത്തിയത്. ഫാഫ് ഡൂപ്ലെസി 64 പന്തില്‍ 96 റണ്‍സെടുത്തപ്പോള്‍ ഷഹബാസ് അഹമ്മദും(26) ഗ്ലെന്‍ മാക്സ്‌വെല്ലും(23) ഡൂപ്ലെസിക്ക് മികച്ച പിന്തുണ നല്‍കി.

പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അനുജ് റാവത്തിനെ(4) നഷ്ടമായ ബാംഗ്ലൂരിന് തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി(0)യെയും നഷ്ടമായി. ചമീരയുടെ ഇരട്ടപ്രഹരത്തില്‍ ഞെട്ടിയ ബാംഗ്ലൂരിന് പവര്‍ പ്ലേ പിന്നിടും മുമ്പെ തകര്‍പ്പന്‍ തുടക്കമിട്ട ഗ്ലെന്‍ മാക്സ്‌വെല്ലിനെയും(11 പന്തില്‍ 23) നഷ്ടമായി.

പവര്‍പ്ലേക്ക് പിന്നാലെ സുയാഷ് പ്രഭുദേശായിയെ(10) കൂടി നഷ്ടമായതോടെ 62-4 എന്ന നിലയില്‍ തകര്‍ന്ന ബാംഗ്ലൂരിനെ ഡൂപ്ലെസിയും ഷഹബാസും ചേര്‍ന്നാണ് 100 കടത്തിയത്. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡൂപ്ലെസി അവസാന ഓവറില്‍ അര്‍ഹിച്ച സെഞ്ചുറിക്ക് നാലു റണ്‍സകലെ ഹോള്‍ഡറുടെ പന്തില്‍ സ്റ്റോയ്നിസിന് ക്യാച്ച് നല്‍കി ഡൂപ്ലെസി മടങ്ങി. ലഖ്നൗവിനായി ദുഷ്മന്ത് ചമീര രണ്ട് വിക്കറ്റെടുത്തു.

Follow Us:
Download App:
  • android
  • ios