ഇതുവരെ 31 മത്സരങ്ങളിലാണ് ആര്‍സിബിയും മുംബൈ ഇന്ത്യന്‍സും മുഖാമുഖം വന്നത്

പൂനെ: ഐപിഎല്ലില്‍ (IPL 2022) ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും (Rohit Sharma) മുന്‍ നായകന്‍ വിരാട് കോലിയും (Virat Kohli) നേര്‍ക്കുനേര്‍ വരുന്ന ദിനമാണിന്ന്. ഇന്നത്തെ രണ്ടാമത്തെ കളിയില്‍ രാത്രി ഏഴരയ്‌ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-മുംബൈ ഇന്ത്യന്‍സ് (RCB vs MI) പോരാട്ടം. മുംബൈയെ രോഹിത്താണ് നയിക്കുന്നതെങ്കില്‍ ഈ സീസണ്‍ മുതല്‍ കോലിക്ക് പകരം ഫാഫ് ഡുപ്ലസിയാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍. ഇരു ടീമുകളുടെയും മുന്‍ കണക്കുകള്‍ പരിശോധിക്കാം. 

ഇതുവരെ 31 മത്സരങ്ങളിലാണ് ആര്‍സിബിയും മുംബൈ ഇന്ത്യന്‍സും മുഖാമുഖം വന്നത്. ഇതില്‍ 19 ജയങ്ങളുമായി മുംബൈക്ക് കൃത്യമായ മേധാവിത്വമുണ്ട്. ആര്‍സിബിയുടെ ജയങ്ങള്‍ 12ല്‍ ഒതുങ്ങി. എന്നാല്‍ അവസാന അഞ്ച് മത്സരങ്ങളില്‍ 3-2ന്‍റെ മുന്‍തൂക്കം ആര്‍സിബിക്കാണ്. മാത്രമല്ല, കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളിലും ജയം ആര്‍സിബിക്കൊപ്പമായിരുന്നു. ഈ കണക്കുകള്‍ തന്നെയാവും ഇക്കുറി ടീമുകളില്‍ വന്‍ മാറ്റങ്ങള്‍ വന്നെങ്കിലും ബാംഗ്ലൂരിന്‍റെ ആത്മവിശ്വാസം. 

ഈ സീസണില്‍ മൂന്നില്‍ രണ്ട് ജയവുമായി നാല് പോയിന്‍റുള്ള റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനക്കാരാണ്. അതേസമയം കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ മുംബൈ ഒന്‍പതാം സ്ഥാനത്തും. തോറ്റ് തുടങ്ങിയെങ്കിലും തുട‍ർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഫാഫ് ഡുപ്ലെസിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മുംബൈക്കെതിരെ ഇറങ്ങുന്നത്. തോറ്റ് തുടങ്ങിയ മുംബൈയാവട്ടെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലാണ് തലതാഴ്‌ത്തി മടങ്ങിയത്. 

ഇഷാൻ കിഷൻ തകർത്തടിക്കുന്നുണ്ടെങ്കിലും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശർമ്മയ്ക്ക് ഇതുവരെ ബാറ്റിംഗില്‍ ഫോമിലേക്ക് എത്താനായിട്ടില്ല. സൂര്യകുമാർ യാദവിനൊപ്പം തിലക് വ‍ർമ്മയുടെ പ്രകടനം മുംബൈയ്ക്ക് ആശ്വാസമാണ്. ജസ്പ്രീത് ബുമ്ര ഒഴികെയുള്ള ബൗള‍ർമാരെല്ലാം നിയന്ത്രണമില്ലാതെയാണ് റൺ വഴങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ പാറ്റ് കമ്മിൻസിന്‍റെ വെടിക്കെട്ടിൽ നിന്ന് ബൗളർമാ‍‍ർ മുക്തരായാൽ മാത്രമേ മുംബൈയ്ക്ക് രക്ഷയുള്ളൂ. 

അവസാന രണ്ട് കളിയിൽ ജയിച്ചെങ്കിലും ബാംഗ്ലൂരിനും ആശങ്കകളേറെയുണ്ട്. ഫാഫ് ഡുപ്ലെസിയും വിരാട് കോലിയും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടില്ല. ഗ്ലെൻ മാക്സ്‍വെൽ മധ്യനിരയിൽ തിരിച്ചെത്തിയത് കരുത്താവും. ഇതോടെ റുതർഫോർഡിന് സ്ഥാനം നഷ്‌ടമാവും. പരിചയസമ്പന്നനായ ദിനേശ് കാർത്തിക്കിന്‍റെ ഫിനിഷിംഗ് മികവിലും പ്രതീക്ഷയേറെ. ഹ‍ർഷൽ പട്ടേല്‍, വാനിന്ദു ഹസരംഗ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരുൾപ്പെട്ട ബൗളിംഗ് നിര സമ്മ‍ർദം എങ്ങനെ അതിജീവിക്കുന്നു എന്നതും ബാംഗ്ലൂരിന് നി‍ർണായകം. മഞ്ഞുവീഴ്‌ചയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കുമെന്നുറപ്പ്.

IPL 2022 : രോഹിത്തും കോലിയും മുഖാമുഖം; ഐപിഎല്ലില്‍ ഇന്ന് ആര്‍സിബി-മുംബൈ പോര്