Asianet News MalayalamAsianet News Malayalam

IPL 2022 : 'ആര്‍സിബി ജയിക്കുംവരെ കല്യാണമില്ല'; പെണ്‍കുട്ടിയുടെ ചിത്രം വീണ്ടും വൈറല്‍, ട്രോള്‍പൂരം

ആര്‍സിബി കപ്പുയര്‍ത്തും വരെ കല്യാണം കഴിക്കില്ല എന്നെഴുതിയ പ്ലക്കാര്‍ഡുമായി ഗാലറിയില്‍ നില്‍ക്കുന്ന യുവതിയുടെ ചിത്രമാണ് ട്വിറ്ററും ഫേസ്‌ബുക്കുമടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും വൈറലായത്

IPL 2022 RR vs RCB Qualifier 2 placard saying no marriage till RCB wins trophy again viral
Author
Ahmedabad, First Published May 28, 2022, 10:27 AM IST

അഹമ്മദാബാദ്: ഐപിഎല്ലിൽ(IPL) ഇതുവരെ കിരീടം നേടാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore). എല്ലാ സീസണിലും സൂപ്പര്‍താരങ്ങളെ അണിനിരത്തുന്ന ടീമിനെ കുറിച്ച് ആരാധകരുടെ അവകാശവാദങ്ങള്‍ക്ക് പക്ഷേ കുറവുണ്ടായിട്ടില്ല. വിരാട് കോലിയും(Virat Kohli) ഫാഫ് ഡുപ്ലസിയും(Faf du Plessis) ഗ്ലെന്‍ മാക്‌സ്‌വെല്ലുമുള്ള(Glenn Maxwell) പതിനഞ്ചാം സീസണിലെ ടീമും ആരാധകര്‍ക്ക് വലിയ പ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനോട്(Rajasthan Royals) ഏറ്റുമുട്ടി തോറ്റു. ആര്‍സിബി വീണ്ടുമൊരിക്കല്‍ക്കൂടി തലതാഴ്‌ത്തി മടങ്ങുമ്പോള്‍ പഴയൊരു ചിത്രം വൈറലായിരിക്കുകയാണ്. 

ആര്‍സിബി കപ്പുയര്‍ത്തും വരെ കല്യാണം കഴിക്കില്ല എന്നെഴുതിയ പ്ലക്കാര്‍ഡുമായി ഗാലറിയില്‍ നില്‍ക്കുന്ന യുവതിയുടെ ചിത്രമാണ് ട്വിറ്ററും ഫേസ്‌ബുക്കുമടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും വൈറലായത്. ആര്‍സിബി തോല്‍ക്കുമ്പോള്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ള ചിത്രമാണിത്. ഇന്ത്യന്‍ മുന്‍താരം അമിത് മിശ്ര ഏപ്രില്‍ 12ന് ഈ ചിത്രം ഷെയര്‍ ചെയ്‌തിരുന്നു. 

എന്തുകൊണ്ട് ആര്‍സിബി തോറ്റു

വമ്പൻ താരങ്ങൾ മാറിമാറി വന്നുപോയെങ്കിലും ഇത്തവണയും ഐപിഎൽ കിരീടത്തിൽ തൊടാൻ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ഭാഗ്യമുണ്ടായില്ല. വിരാട് കോലിയുടെ മങ്ങിയ പ്രകടനം തന്നെയായിരുന്നു ബാംഗ്ലൂരിന്റെ ഏറ്റവും വലിയ തിരിച്ചടി. കരിയറിലാദ്യമായി മൂന്ന് ഗോൾഡൺ ഡക്കായ കോലിയുടെ പേരിനൊപ്പമുള്ളത് രണ്ടു അർധസെഞ്ചുറി മാത്രം. 32 ഫോറും എട്ട് സിക്സുമടക്കം സീസണിൽ 341റൺസ് മാത്രമാണ് കോലിയുടെ സമ്പാദ്യം. 

ക്യാപ്റ്റൻ ഡുപ്ലെസിക്കും സിഎസ്കെയിലെ മികവിലേക്ക് എത്താനായില്ല. ദിനേശ് കാർത്തിക്കിന്റെ മിന്നലാട്ടങ്ങൾ മാറ്റിനിർത്തിയാൽ ആ‍‍ർസിബി മധ്യനിര മിക്കപ്പോഴും ആടിയുലഞ്ഞു. ബൗളിംഗ് നിരയായിരുന്നു എല്ലാക്കാലത്തും ബാംഗ്ലൂരിന്റെ വഴികളടയ്ക്കുന്നത്. ഇക്കുറിയും ഇക്കാര്യത്തിൽ മാറ്റമുണ്ടായില്ല. 2009ലും 2011ലും 2016ലും ഫൈനലിൽ എത്തിയത് മാത്രമാണ് ഐപിഎല്ലില്‍ പതിനഞ്ച് സീസണുകള്‍ ടീം പൂര്‍ത്തിയാക്കിയപ്പോള്‍ ബാംഗ്ലൂരിന് ആശ്വസിക്കാനുള്ളത്. 

ഇത്തവണ രാജസ്ഥാന് മുന്നില്‍ വീണു

ആര്‍സിബിക്കെതിരെ ജോസ് ബട്‌ലറുടെ ഇടിവെട്ട് സെഞ്ചുറിയില്‍ ഏഴ് വിക്കറ്റിന് ജയിച്ച് രാജസ്ഥാൻ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ബാംഗ്ലൂരിന്‍റെ 157 റൺസ് ബട്‌ലറുടെ വെടിക്കെട്ടില്‍ 11 പന്ത് ശേഷിക്കേ രാജസ്ഥാൻ മറികടന്നു. വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനലിലെത്തിയത്. 

തകർത്തടിച്ച് തുടങ്ങിയ യശസ്വീ ജയ്സ്വാൾ 21ൽ വീണെങ്കിലും ജോസ് ബട്‍ലർ ബാംഗ്ലൂരിന്‍റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. 60 പന്തിൽ 10 ഫോറും ആറ് സിക്‌സും പറത്തിയ ബട്‍ലർ 106 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സഞ്ജു സാംസണെ 23ലും ദേവ്ദത്ത് പടിക്കലിനെ ഒൻപതിലും മടക്കിയെങ്കിലും ബാംഗ്ലൂരിന് ആശ്വസിക്കാന്‍ ഒന്നുമുണ്ടായില്ല. നേരത്തെ, മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണയും ഒബേദ് മക്കോയിയുമാണ് ബാംഗ്ലൂരിനെ 157ൽ പിടിച്ചുകെട്ടിയത്. 58 റൺസെടുത്ത രജത് പടിദാറാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറർ. വിരാട് കോലി ഏഴ് റൺസിന് പുറത്തായി. 

IPL 2022 : കന്നിക്കിരീടത്തിന് ആര്‍സിബിയുടെ ഹിമാലയന്‍ കാത്തിരിപ്പ് നീളുന്നു; ടീമിന് പിഴച്ചത് എവിടെയൊക്കെ

Follow Us:
Download App:
  • android
  • ios