മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളി തുടങ്ങുക

മുംബൈ: ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിലെ (RR vs RCB) ശ്രദ്ധാകേന്ദ്രം സഞ്ജു സാംസണ്‍ (Sanju Samson). ടി20 ക്രിക്കറ്റില്‍ 5000 റണ്‍സ് എന്ന നാഴികക്കല്ലിനരികെയാണ് സഞ്ജു സാംസണ്‍. ചരിത്ര നേട്ടത്തിലേക്ക് 81 റണ്‍സിന്‍റെ അകലമേ രാജസ്ഥാന്‍റെ (Rajasthan Royals) മലയാളി നായകനുള്ളൂ. ടി20 കരിയറിലെ 3153 റണ്‍സും സഞ്ജു നേടിയത് ഐപിഎല്ലില്‍ (IPL) നിന്നാണ്. 

മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളി തുടങ്ങുക. ടൂര്‍ണമെന്‍റില്‍ ഇതിനകം ബട്‍ലറും സഞ്ജുവും ഹെറ്റ്മെയറും ദേവ്ദത്തുമെല്ലാം ബാറ്റിംഗ് കരുത്ത് തെളിയിച്ചുകഴിഞ്ഞു. ബട്‍ലറും സഞ്ജുവും ഹെറ്റ്മെയറും ക്രീസിലുറച്ചാൽ സ്കോ‍ർ ബോർഡിന് റോക്കറ്റ് വേഗമുറപ്പ്. യശസ്വീ ജയ്സ്വാളിന്‍റെ ഫോം മാത്രമാണ് ആശങ്ക. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്‌ണ, നവദീപ് സെയ്‌നി, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ എന്നിവരുൾപ്പെട്ട രാജസ്ഥാന്‍ ബൗളിംഗ് നിരയും സന്തുലിതമാണ് എന്നാണ് വിലയിരുത്തല്‍. 

പതിവുപോലെ പ്രവചനങ്ങൾക്ക് പിടികൊടുക്കുന്നില്ല ബാംഗ്ലൂർ. പഞ്ചാബിനോട് തോറ്റ് തുടങ്ങിയ ബാംഗ്ലൂ‍ർ, കൊൽക്കത്തയെ മറികടന്ന് വിജയവഴിയിലെത്തി. നായകൻ ഫാഫ് ഡുപ്ലെസി, വിരാട് കോലി, ദിനേശ് കാർത്തിക് എന്നിവരിലാണ് റൺസ് പ്രതീക്ഷ. ഇവരിൽ രണ്ടുപേരെങ്കിലും ക്രീസിലുറച്ചില്ലെങ്കിൽ ബംഗ്ലൂർ വിയർക്കും. വാനിന്ദു ഹസരംഗയുടെ ഓൾറൗണ്ട് മികവിലും പ്രതീക്ഷയേറെ. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഡേവിഡ് വില്ലിയും ഹർഷൽ പട്ടേലും മുഹമ്മദ് സിറാജുമൊക്കെ എങ്ങനെ പന്തെറിയുന്നുവെന്നതും ബാംഗ്ലൂരിന് നിർണായകമാകും.

സീസണില്‍ മിന്നും ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ 61 റണ്‍സിന് വിജയിച്ചപ്പോള്‍ സഞ്ജുവായിരുന്നു കളിയിലെ താരം. 27 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും സഹിതം 55 റണ്‍സ് സഞ്ജു അടിച്ചെടുത്തു. രണ്ടാം കളിയില്‍ 23 റണ്‍സിന് രാജസ്ഥാന്‍ ജയിച്ചപ്പോള്‍ സഞ്ജു 21 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 30 റണ്‍സടിച്ചു. 

IPL 2022 : യുവതാരം പുറത്തേക്ക്? രാജസ്ഥാന്‍ റോയല്‍സില്‍ നിര്‍ണായക മാറ്റത്തിന് സാധ്യത