ഐപിഎല്‍ മെഗാതാരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് വന്‍ തുകയ്ക്ക് താരത്തെ സ്വന്തമാക്കുക മാത്രമല്ല ക്യാപ്റ്റനാക്കുകയും ചെയ്തു. പിന്നാലെ ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) ടി20 പരമ്പരയിലെ ഗംഭീര ഫോമും.

മൊഹാലി: പരിക്കിന് ശേഷം ഗംഭീര തിരിച്ചുവരവാണ് ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ (Shreyas Iyer) നടത്തിയത്. ടെസ്റ്റില്‍ ടീമിലെത്തിയ ശ്രേയസ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടി. ഐപിഎല്‍ മെഗാതാരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് വന്‍ തുകയ്ക്ക് താരത്തെ സ്വന്തമാക്കുക മാത്രമല്ല ക്യാപ്റ്റനാക്കുകയും ചെയ്തു. പിന്നാലെ ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) ടി20 പരമ്പരയിലെ ഗംഭീര ഫോമും.

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ (Delhi Capitals) ക്യാപ്റ്റനായിരുന്നു ശ്രേയസ്. 2020ല്‍ ശ്രേയസിന് കീഴില്‍ ഡല്‍ഹി ഫൈനലിന് യോഗ്യത നേടിയിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം പരിക്കേറ്റതിനാല്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി. പിന്നലെ റിഷഭ് പന്തിനെ ക്യാപ്റ്റനായി നിയമിച്ചു. കൊവിഡിനെ തുടര്‍ന്ന് ഐപിഎല്ലിന്റെ രണ്ടാംഘട്ടം യുഎഇയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ നായകസ്ഥാനത്തേക്ക് പരിഗണിച്ചില്ല. പന്ത് തന്നെയായിരുന്നു ശേഷിക്കുന്ന മത്സരങ്ങളിലും നയിച്ചത്. പിന്നാലെ താരത്തെ ഡല്‍ഹി നിലനിര്‍ത്തിയതുമില്ല. ടീം വിടാന്‍ ശ്രേയസിനും താല്‍പര്യമുണ്ടായിരുന്നു. പിന്നാലെ താരലേലത്തില്‍ ശ്രേയസിനെ കൊല്‍ക്കത്ത സ്വന്തമാക്കി.

ഡല്‍ഹിക്കൊപ്പമുണ്ടായിരുന്നപ്പോഴുള്ള സമയത്തെ കുറിച്ചും ക്യാപ്റ്റന്‍സിയെ കുറിച്ചും സംസാരിക്കുകയാണ് ശ്രേയസിപ്പോള്‍. ''പരിക്ക് കാരണമാണ് എനിക്ക് ഡല്‍ഹി വിടേണ്ടി വന്നത്. അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാനവിടെ ഉണ്ടായിരുന്നു. അവര്‍ എന്നെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയില്ലായിരുന്നു. ഡല്‍ഹി ടീമിലുണ്ടായ മാറ്റം പെട്ടന്നുണ്ടായതല്ല. 2019-20 സീസണില്‍ മുതല്‍ അതിനുള്ള പ്രയത്‌നം ആരംഭിച്ചിരുന്നു. താരങ്ങള്‍ക്ക് പരസ്പരം അവരുടെ കഴിവും ദൗര്‍ബല്യവും മനസിലാക്കിയിരുന്നു. 

ചിലപ്പോള്‍ മോശം കാര്യങ്ങള്‍ സംഭവിക്കുന്നത് നല്ലതിനായിരിക്കും. എന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നു.ന്യൂസിലന്‍ഡിനെതിരെ ആത്മവിശ്വാസത്തോടെ എനിക്ക് കളിക്കാന്‍ സാധിച്ചു.'' അയ്യര്‍ വ്യക്തമാക്കി. 

''എനിക്ക് മുന്നോട്ടുള്ള യാത്രയെ കുറിച്ച് വ്യക്തമായ കണക്കുകൂട്ടുലുണ്ടായിരുന്നു. അതിനിടെയാണ് പരിക്ക് സംഭവിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയെന്നത് ഒരിക്കലും അനായാസമായിരുന്നില്ല. പരിക്ക് കാലയളവും പിന്നീട് പരിചരണത്തിലുണ്ടായിരുന്നപ്പോഴും ഞാന്‍ കടുത്ത വേദന അനുഭവിച്ചു.'' ശ്രേയസ് കൂട്ടിച്ചേര്‍ത്തു.