പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഓസീസ് ടീം ഏകദിന പരമ്പരക്കും ടി20 മത്സരത്തിനുമായുള്ള പരിശീലനത്തിലായിരുന്നു. ഇതിനിടെയാണ് ഫീല്‍ഡിംഗ് പരിശീലനത്തിനിടെയ 30കാരനായ മാര്‍ഷിന് പരിക്കേല്‍ക്കുന്നത്.

മുംബൈ: ഐപിഎല്ലില്‍(IPL 2022) മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യ മത്സരത്തില്‍(DC vs MI) നേടിയ അവിശ്വസനീയ ജയത്തിനിടിയിലും ഡ‍ല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി. പാക്കിസ്ഥാനെതിരായ ഏകദിന, ടി20 പരമ്പരക്ക് തയാറെടുക്കുന്ന ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്(Mitchell Marsh) പരിശീലനത്തിനിടെ ഇടുപ്പിന് പരിക്കേറ്റതാണ് ഡല്‍ഹിക്ക് കനത്ത പ്രഹരമായത്.

പരിക്കിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്കും ടി20 മത്സരത്തിനുമുള്ള ടീമില്‍ നിന്ന് മിച്ചല്‍ മാര്‍ഷിനെ ഓസ്ട്രേലിയ ഒഴിവാക്കി. ഇതോടെ താരത്തിന്‍റെ ഐപിഎല്‍ പങ്കാളിത്തവും സംശയത്തിലായി. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിന്‍റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്ട്രേലിയക്ക് കിരീടം സമ്മാനിച്ചത് മാര്‍ഷിന്‍റെ ഇന്നിംഗ്സായിരുന്നു.

പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഓസീസ് ടീം ഏകദിന പരമ്പരക്കും ടി20 മത്സരത്തിനുമായുള്ള പരിശീലനത്തിലായിരുന്നു. ഇതിനിടെയാണ് ഫീല്‍ഡിംഗ് പരിശീലനത്തിനിടെയ 30കാരനായ മാര്‍ഷിന് പരിക്കേല്‍ക്കുന്നത്. ഏപ്രില്‍ അഞ്ചിനാണ് പാക്കിസ്ഥാനെതിരായ പരമ്പര പൂര്‍ത്തിയാവുന്നത്. ഇതിനുശേഷം മാര്‍ഷ് ഡല്‍ഹി ടീമിനൊപ്പം ചേരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

പുതിയ സാഹചര്യത്തില്‍ മാര്‍ഷിന്‍റെ പരിക്കിന്‍റെ ഗൗരവം അറിയില്ലെന്നും അദ്ദേഹത്തിനെ എന്ന് കളിക്കാനാവുമെന്ന് തുടര്‍ പരിശോധനകള്‍ക്കുശേഷമെ വ്യക്തമാവൂ എന്നും ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു.

'ബുമ്ര-വുമ്ര ഒക്കെ എന്തു ചെയ്യാനാണ്?'; ബുമ്രയെ കുറിച്ച് ആദ്യം പറഞ്ഞപ്പോള്‍ കോലി പരിഹസിച്ചു

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ക്യക്കും പരിക്കേറ്റ് ചികിത്സയിലായതിനാല്‍ മാര്‍ഷിന്‍റെ കൂടെ അഭാവം ഡല്‍ഹിക്ക് കനത്ത തിരിച്ചടിയാകും. നോര്‍ക്യ ഡല്‍ഹി ടീമിനൊപ്പം തുടരുന്നുണ്ടെങ്കിലും എപ്പോള്‍ കളിക്കാനാവുമെന്ന് വ്യക്തമല്ല. അതേസമയം, മാര്‍ഷിന്‍റെ സഹതാരമായ ഡേവിഡ് വാര്‍ണര്‍ ഏപ്രില്‍ ആറിന് ശേഷം ഡല്‍ഹി ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'അവനെ മധ്യനിരയില്‍ പ്രതീക്ഷിക്കാം'; ആദ്യ മത്സരത്തിന് രാജസ്ഥാന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് സഞ്ജു

ഇന്നലെ മുംബൈക്കെതിരായ മത്സരത്തില്‍ നാലു വിദേശ കളിക്കാരെ ആദ്യ ഇലവനില്‍ കളിപ്പിക്കാമായിരുന്നിട്ടും ഡല്‍ഹി രണ്ട് വിദേശ താരങ്ങളെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ടിം സീഫര്‍ട്ടും റോവ്‌മാന്‍ പവലും മാത്രമാണ് ഇന്നലെ മുംബൈക്കെതിരെ ഡല്‍ഹിക്കായി കളത്തിലിറങ്ങിയ വിദേശ താരങ്ങള്‍.