ഡിവില്ലിയേഴ്സിനെ ഏറെ മിസ് ചെയ്യുന്നുവെന്നും എങ്കിലും തുടര്‍ച്ചയായി സന്ദേശങ്ങളിലൂടെ ഇപ്പോഴും ബന്ധപ്പെടാറുണ്ടെന്നും കോലി പറഞ്ഞു. സമീപഭാവിയില്‍ തന്നെ ആര്‍സിബി കുപ്പായത്തില്‍ ഡിവില്ലിയേഴ്സ് തിരിച്ചെത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോലി വ്യക്തമാക്കി.

മുംബൈ: ഐപിഎല്ലില്‍(IPL 2022) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Bangalore) പ്ലേ ഓഫ് ഉറപ്പിക്കാനായുള്ള കടുത്ത പോരാട്ടത്തിലാണ്. മുന്‍ നായകന്‍ വിരാട് കോലിയാകട്ടെ(Virat Kohli) ബാറ്റിംഗ് ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലും. സീസണില്‍ ബാംഗ്ലൂര്‍ ഏറ്റവുമധികം മിസ് ചെയ്യുന്ന താരങ്ങളിലൊരാള്‍ എ ബി ഡിവില്ലിയേഴ്സ്(AB de Villiers) ആയിരിക്കും. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടും ഡിവില്ലിയേഴ്സിനോടുള്ള ആരാധകരുടെ ഇഷ്ടത്തിന് ഇന്നും കുറവ് വന്നിട്ടില്ല.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ മുന്‍ നായകന്‍ വിരാട് കോലിയും ഡിവില്ലിയേഴ്സും തമ്മിലുള്ള വ്യക്തിപരമായ അടുപ്പം ആരാകര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ കോലിയുമായുള്ള അഭിമുഖത്തില്‍ ഡിവില്ലിയേഴ്സിനെക്കുറിച്ച് ചോദിക്കുക സ്വാഭാവികമാണ്. എന്നാല്‍ ഡിവില്ലിയേഴ്സ് കളിക്കാരനായല്ലാതെ മറ്റൊരു റോളില്‍ ആര്‍സിബി കുപ്പായത്തില്‍ തിരിച്ചെത്തിയേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് വിരാട് കോലിയിപ്പോള്‍. നാഗുമായുള്ള അഭിമുഖത്തില്‍ അബദ്ധത്തിലാണ് കോലി ഇക്കാര്യം വെളിപ്പെടുത്തിയത് എന്നതാണ് രസകരം.

ഡിവില്ലിയേഴ്സിനെ ഏറെ മിസ് ചെയ്യുന്നുവെന്നും എങ്കിലും തുടര്‍ച്ചയായി സന്ദേശങ്ങളിലൂടെ ഇപ്പോഴും ബന്ധപ്പെടാറുണ്ടെന്നും കോലി പറഞ്ഞു. സമീപഭാവിയില്‍ തന്നെ ആര്‍സിബി കുപ്പായത്തില്‍ ഡിവില്ലിയേഴ്സ് തിരിച്ചെത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോലി വ്യക്തമാക്കി. ഞാനദ്ധേഹത്തെ ഏറെ മിസ് ചെയ്യുന്നു. എങ്കിലും അദ്ദേഹവുമായി നിരന്തരം സംസാരിക്കാറുണ്ട്. അദ്ദേഹവും എനിക്ക് സന്ദേശങ്ങള്‍ അയക്കാറുണ്ട്.

Scroll to load tweet…

അമേരിക്കയില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഓഗസ്റ്റ മാസ്റ്റേഴ്സ് എന്ന ഗോള്‍ഫ് ടൂര്‍ണമെന്‍റ് കാണുകയാണ് അദ്ദേഹമിപ്പോള്‍. ഐപിഎല്ലില്‍ ആര്‍സിബിയുടെ കളികള്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അടുത്തവര്‍ഷം, ആര്‍സിബിക്കായി ഏതെങ്കിലും സ്ഥാനത്ത് അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പറഞ്ഞതും, ഞാന്‍ ആ രഹസ്യം പുറത്താക്കിയോ എന്ന് കോലി തമാശ പറയുകയും ചെയ്തു.

2011ല്‍ ആര്‍സിബി കുപ്പായത്തിലെത്തിയ ഡിവില്ലിയേഴ്സ് 10 വര്‍ഷത്തോളം അവരുടെ വിശ്വസ്ത താരമായിരുന്നു. നിലവില്‍ അമേരിക്കയില്‍ നടക്കുന്ന ഗോള്‍ഫ് ടൂര്‍ണമെന്‍റില്‍ അമേരിക്കന്‍ ടീമിനെതിരെ റെസ്റ്റ് ഓഫ് ദ് വേള്‍ഡ് ടീമിനെ പ്രതിനിധീകരിച്ച് കളിക്കാനൊരുങ്ങുകയാണ് ഡിവില്ലിയേഴ്സ്. ജൂണ്‍ 30 മുതല്‍ ജൂലൈ ഒന്നുവരെയാണ് ടൂര്‍ണമെന്‍റ്.