ആകാംക്ഷയുടെ മുള്‍മുനയില്‍ ആരാധകര്‍, ആര്‍സിബി പുതിയ നായകനെ ഇന്ന് പ്രഖ്യാപിക്കും, സ്ഥലവും സമയവും ഇങ്ങനെ
ബെംഗളൂരു: ഐപിഎൽ (IPL 2022) ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ (Royal Challengers Bangalore) പുതിയ നായകനെ ഇന്നറിയാം. ബെംഗളൂരുവില്‍ വൈകിട്ട് നാല് മണിയോടെ നടക്കുന്ന പ്രത്യേക ചടങ്ങിലായിരിക്കും പ്രഖ്യാപനം. ചടങ്ങിൽ ഈ സീസണിലെ പുതിയ ആര്‍സിബി (RCB) ജഴ്‌സി പ്രകാശനം ചെയ്യും. മെഗാതാരലേലത്തിൽ ബാംഗ്ലൂര്‍ ടീം ഏഴേകാൽ കോടി രൂപയ്ക്ക് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഫാഫ് ഡുപ്ലസിസ് (Faf du Plessis) പുതിയ നായകനായേക്കുമെന്നാണ് സൂചന.
ഗ്ലെന്‍ മാക്സ്‍വെല്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നെങ്കിലും ഫാഫിനെ നായകനാക്കാന്‍ ഫ്രാഞ്ചൈസി തയ്യാറാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിരാട് കോലിയുടെ രാജി ആര്‍സിബി അധികൃതര്‍ അംഗീകരിച്ചില്ലെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ആര്‍സിബിയിലെ കോലിക്കാലം
ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായക സ്ഥാനവും ഒഴിഞ്ഞത്. നായകനെന്ന നിലയില്‍ ആര്‍സിബിയെ പത്ത് സീസണുകളിലായി 132 മത്സരങ്ങളില്‍ നയിച്ചെങ്കിലും ഒരു തവണ ഫൈനലില്‍ എത്തിച്ചതൊഴിച്ചാല്‍ ഐപിഎല്ലില്‍ കിരീടം നേടിക്കൊടുക്കാന്‍ കോലിക്കായില്ല. ഐപിഎല്‍ മെഗാതാരലേലത്തിന് മുമ്പ് 15 കോടി രൂപ നല്‍കിയാണ് കോലിയെ ആര്‍സിബി ഇത്തവണ നിലനിര്‍ത്തിയത്. ഈമാസം ഇരുപത്തിയാറിനാണ് ഐപിഎല്‍ 2022ന് തുടക്കമാവുക.
മെഗാതാരലേലത്തിന് മുമ്പ് വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്. ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, ഫാഫ് ഡുപ്ലസിസ്, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹ്‌ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, മഹിപാല്‍ ലോംറര്‍, ഷെര്‍ഫെയ്ൻ റൂതര്‍ഫോഡ്, ഫിന്‍ അലന്‍, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ്, സിദ്ധാര്‍ഥ് കൗള്‍, കരണ്‍ ശര്‍മ്മ, സുയാഷ് പ്രഭൂദേശായ്, ചമാ മിലിന്ദ്, അനീശ്വര്‍ ഗൗതം, ലവ്‌നിത് സിസോദിയ, ആകാഷ് ദീപ് എന്നിവരെ ആര്‍സിബി ലേലത്തിലൂടെ സ്വന്തമാക്കി.
