ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്റർമാരില്‍ ഒരാളായ ഡേവിഡ് വാർണറുടെ പേരല്ല പക്ഷേ അദേഹം പറയുന്നത്
ദില്ലി: ഐപിഎല്‍ 2023 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കനത്ത നഷ്ടം അവരുടെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ്. കാർ അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ റിഷഭിന് സീസണ്‍ നഷ്ടമാകും എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. വെടിക്കെട്ട് ബാറ്ററായ റിഷഭ് പന്തിന്‍റെ അസാന്നിധ്യത്തില്‍ ആരായിരിക്കും ക്യാപ്റ്റല്‍സിന്‍റെ ഗെയിം ചേഞ്ചർ എന്ന് പ്രവചിച്ചിരിക്കുകയാണ് ടീം സിഇഒ. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്റർമാരില്‍ ഒരാളായ ഡേവിഡ് വാർണറുടെ പേരല്ല പക്ഷേ അദേഹം പറയുന്നത്.
'എല്ലാ വർഷവും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് പൃഥ്വി ഷാ. കഴിഞ്ഞ സീസണില്‍ കുറച്ച് മത്സരങ്ങളില്‍ ടീമിനെ ജയിപ്പിച്ചു. എന്നാല്‍ പിന്നീട് അസുഖബാധിതനായതോടെ തിളങ്ങാനായില്ല. അല്ലാതെ ഫോമില്ലായ്മയുടെ പ്രശ്നങ്ങള്‍ ഷായ്ക്കുണ്ടായിരുന്നില്ല. ഈ വർഷം പൃഷ്വി ഷായായിരിക്കും ഗെയിം ചേഞ്ചർ എന്നാണ് എനിക്ക് തോന്നുന്നത്. പവർപ്ലേയിലെ ഷായുടെ ബാറ്റിംഗ് ടൂർണമെന്‍റില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മുന്നോട്ടുപോക്കില്‍ നിർണായകമാകും' എന്ന് ധീരജ് മല്‍ഹോത്ര കൂട്ടിച്ചേർത്തു.
റിഷഭിനെ കുറിച്ച്...
'റിഷഭ് പന്തിന്‍റെ അസാന്നിധ്യം വലിയ തിരിച്ചടിയാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ ഏറ്റവും കരുത്തനായ നാലാം നമ്പർ ബാറ്ററോ അഞ്ചാം നമ്പർ ബാറ്ററോ ആണ് റിഷഭ്. വിക്കറ്റിന് പിന്നില്‍ നിന്ന് മത്സരം നിയന്ത്രിക്കുന്ന ആളാണ്. ഒരു ബൗളർക്കും റിഷഭിന് തടയിടാനാവില്ല. അതിനാല്‍ തന്നെ റിഷഭ് പന്തിനെ മിസ്സ് ചെയ്യും. പന്തിനേറ്റ അപകടം ഭീതിജനകമാണ്. എന്നാല്‍ അദേഹം ശക്തമായി തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ട്. കൂടുതല്‍ കരുത്തോടെ റിഷഭ് പന്ത് തിരിച്ചുവരും എന്നാണ് പ്രതീക്ഷ. റിഷഭിനെ ഡഗൗട്ടില്‍ പ്രതീക്ഷിക്കുന്നതായി റിക്കി പോണ്ടിംഗ് പറഞ്ഞിരുന്നു. അത് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാലത് ബിസിസിഐ അനുമതി നല്‍കുന്നത് അനുസരിച്ചിരിക്കും'.
ഡല്‍ഹി ക്യാപിറ്റല്‍സ് സ്‍ക്വാഡ്: റിഷഭ് പന്ത്(പുറത്ത്), ഖലീല്‍ അഹമ്മദ്, യാഷ് ദുള്‍, അമാന്‍ ഹക്കീം ഖാന്‍, പ്രവീണ്‍ ദുബേ, സർഫറാസ് ഖാന്‍, കുല്‍ദീപ് യാദവ്, ലളിത് യാദവ്, മിച്ചല്‍ മാർഷ്, മുകേഷ് കുമാർ, മുസ്താഫിസൂർ റഹ്മാന്‍, കമലേഷ് നാഗർകോട്ടി, ലുങ്കി എന്‍ഗിഡി, ആന്‍റിച് നോർക്യ, വിക്കി ഒസ്ത്വാല്‍, മനീഷ് പാണ്ഡെ, റിപാല്‍ പട്ടേല്‍, അക്സർ പട്ടേല്‍, റോവ്മാന്‍ പവല്‍, റൈലി റൂസോ, ഫില്‍ സാള്‍ട്ട്, ചേതന്‍ സക്കരിയ, ഇഷാന്ത് ശർമ്മ, പൃഥ്വി ഷാ, ഡേവിഡ് വാർണർ.
ഇന്‍ഡോറിലെ പരാജയം കണ്ണ് തുറപ്പിച്ചു; താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ ദ്രാവിഡ്
