സഞ്ജുവിന്‍റെ പരിശീലനത്തിന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങളും രാജസ്ഥാന്‍ റോയല്‍സ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്‍റെ ബാറ്റിംഗിനെ ഏറെ ശ്രദ്ധയോടെയാണ് ആരാധകര്‍ കാണുക. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ഇന്ത്യന്‍ ടീമിലെ നാലാം നമ്പറില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിന് അവസാന അവസരമാണ് ഐപിഎല്‍. അതുകൊണ്ട് തന്നെ സീസണ്‍ തുടങ്ങും മുമ്പേ സഞ‌്ജു കഠിന പരിശീലനം തുടങ്ങിയിരുന്നു. സഞ്ജുവിന്‍റെ പരിശീലന ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു,

സഞ്ജുവിന്‍റെ പരിശീലനത്തിന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങളും രാജസ്ഥാന്‍ റോയല്‍സ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഭാവി താരങ്ങളായ ഒരുപിടി കുട്ടി ക്രിക്കറ്റര്‍മാരെ കാഴ്‌ചക്കാരാക്കി മൈതാനത്തിനു നാലുപാടും പന്തുകള്‍ പറത്തുകയാണ് സഞ്ജു വീഡിയോയില്‍. സഞ്ജുവിന്‍റെ വമ്പന്‍ ഷോട്ടുകള്‍ക്ക് കുട്ടി താരങ്ങളുടെ പ്രതികരണമാണ് ഈ വീഡിയോയിലെ ഹൈലൈറ്റ്. ഈ വീഡ‍ിയോ ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 

Scroll to load tweet…

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച നായകനാണ് സഞ്ജു സാംസണ്‍. ഈ സീസണിലും സഞ്ജുവിന്‍റെ ബാറ്റിലേക്കാണ് രാജസ്ഥാന്‍ പ്രധാനമായും ഉറ്റുനോക്കുന്നത്. ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ഇക്കുറി രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം. സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് താരങ്ങളുടെ ക്യാംപ് ജയ്‌പൂരില്‍ പുരോഗമിക്കുകയാണ്. സഞ്ജുവിന് പുറമെ ജോസ് ബട്‌ലര്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചാഹല്‍, ദേവ്‌ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ആദം സാംപ തുടങ്ങി ഒരുപിടി മിന്നും താരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് നിരയിലുണ്ട്. 

ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ 138 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറിയും 17 ഫിഫ്റ്റികളോടെയും 3526 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍ 28.63 ശരാശരിയിലും 146.79 പ്രഹരശേഷിയിലും രണ്ട് ഫിഫ്റ്റികളോടെ 458 റണ്‍സ് സഞ്ജു നേടിയിരുന്നു. 

ഐപിഎല്ലിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്‍റെ സര്‍പ്രൈസ് നീക്കം; സ്റ്റാര്‍ പേസര്‍ ടീമിനൊപ്പം