കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ താരമായിരുന്ന സന്ദീപ് ശര്‍മ്മയെ ഡിസംബറില്‍ നടന്ന താരലേലത്തില്‍ ആരും സ്വന്തമാക്കിയിരുന്നില്ല
ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡിനൊപ്പം ചേര്‍ന്ന പേസര്‍ സന്ദീപ് ശര്‍മ്മയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്. ഐപിഎല്ലിലെ പരിചയസമ്പന്നനായ ബൗളര്‍മാരില്‍ ഒരാളായിട്ടും ലേലത്തില്‍ ഒരു ടീം പോലും സന്ദീപിനെ സ്വന്തമാക്കിയിരുന്നില്ല. പരിക്കേറ്റ പേസര്‍ പ്രസിദ്ധ് കൃഷ്‌ണയ്ക്ക് പകരം സന്ദീപിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുക്കും എന്നാണ് അഭ്യൂഹങ്ങള്‍. സന്ദീപ് ശര്‍മ്മയെ ടീമിലെടുക്കാന്‍ മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ താരമായിരുന്ന സന്ദീപ് ശര്‍മ്മയെ ഡിസംബറില്‍ നടന്ന താരലേലത്തില്‍ ആരും സ്വന്തമാക്കിയിരുന്നില്ല. പരിക്കിന് ശേഷം ശസ്‌ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്തുവരികയാണ് പ്രസിദ്ധ് കൃഷ്‌ണ. സമാനമായി പരിക്കിന്‍റെ പിടിയിലുള്ള സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് പകരം മുംബൈ ഇന്ത്യന്‍സും ഒരു ഇന്ത്യന്‍ ബൗളറെ നോട്ടമിടുന്നുണ്ട്. ഐപിഎല്ലില്‍ 104 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സന്ദീപ് ശര്‍മ്മ 26.33 ശരാശരിയില്‍ 114 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. ഡല്‍ഹിക്കെതിരെ 20 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. സന്ദീപ് പഞ്ചാബ് കിംഗ്സിന് പുറമെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായും കളിച്ചിട്ടുണ്ട്. പവര്‍പ്ലേയില്‍ ഏറെ പന്തെറിഞ്ഞ് പരിചയമുള്ളയാളാണ് സന്ദീപ് സിംഗ്.
സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഐപിഎല്‍ 2023 സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങും. കഴിഞ്ഞ വട്ടം ഫൈനലില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയാണ് സഞ്ജുവിന്‍റെയും കൂട്ടരുടേയും ലക്ഷ്യം.
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്
സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), അബ്‌ദുല്‍ ബാസിത്, മുരുകന്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കെ എം ആസിഫ്, ട്രെന്‍ഡ് ബോള്‍ട്ട്, ജോസ് ബട്‌ലര്‍, കെ സി കാരിയപ്പ, യുസ്‌വേന്ദ്ര ചാഹല്‍, ഡൊണോവന്‍ ഫെരൈര, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരല്‍, ഒബെഡ് മക്കോയ്, ദേവ്‌ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്‌ണ, കുണാല്‍ സിംഗ് റാത്തോഡ്, ജോ റൂട്ട്, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, ആകാശ് വസിഷ്‌ട്, കുല്‍ദീപ് യാദവ്, ആദം സാംപ.
ഈ മുന്നറിയിപ്പ് കണ്ട് പഠിച്ചില്ലെങ്കില്‍; പരിശീലനത്തില്‍ സിക്‌സര്‍ വേട്ടയുമായി സഞ്ജു- വീഡിയോ
