ഐപിഎല്‍ പതിനാറാം സീസണിലും സിഎസ്‌കെയെ നയിക്കുന്നത് എം എസ് ധോണിയാണ്

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് എം എസ് ധോണി എന്ന് നിസംശയം പറയാം. ഐപിഎല്ലിലും മികച്ച റെക്കോര്‍ഡാണ് ധോണിക്കുള്ളത്. ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാല് തവണ കിരീടമുയര്‍ത്തി. എന്താണ് എം എസ് ധോണിയെ മറ്റ് ക്യാപ്റ്റന്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകനും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. 

'വിലക്കിന് ശേഷം സിഎസ്‌കെ തിരിച്ചുവരികയും ധോണിക്ക് കീഴില്‍ കിരീടം നേടുകയും ചെയ്തു. ഇത് അവിസ്‌മരണീയ കാര്യമാണ്. കാരണം രണ്ട് വര്‍ഷമായി ഈ താരങ്ങളൊന്നും ഒരുമിച്ചുണ്ടായിരുന്നില്ല. വിലക്ക് കാലത്ത് താരങ്ങളെല്ലാം വ്യത്യസ്ത ഫ്രാഞ്ചൈസികളിലേക്ക് മാറിയിരുന്നു. എന്നാല്‍ വീണ്ടും ഒത്തുചേര്‍ന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഒരാള്‍ക്ക് എങ്ങനെ ടീമിനെ ഒന്നിച്ച് കൊണ്ടുവരാന്‍ കഴിയുമെന്ന് ധോണി കാട്ടിത്തന്നു. ഇടവേളയ്ക്ക് ശേഷവും ടീം സ്‌പിരിറ്റ് കണ്ടെത്തിയതാണ് ധോണിയുടെ മികവ്. താരങ്ങളെ അടിക്കടി മാറ്റുകയല്ല, അവരെ നിലനിര്‍ത്തുകയാണ് ധോണി ചെയ്യുന്നത്. ഇത് മറ്റ് താരങ്ങളെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നു. ചിന്താ ശേഷിയാണ് ധോണിയുടെ മറ്റൊരു കരുത്ത്. സിഎസ്‌കെ സമ്മര്‍ദത്തിലാവുന്ന ഘട്ടങ്ങളില്‍ ധോണി കൂടുതല്‍ ഉത്തരവാദിത്തം കാണിക്കുന്നു' എന്നും സുനില്‍ ഗാവസ്‌കര്‍ സ്റ്റാര്‍ സ്പോര്‍ട്‌സില്‍ പറഞ്ഞു. 

ഐപിഎല്‍ പതിനാറാം സീസണിലും സിഎസ്‌കെയെ നയിക്കുന്നത് എം എസ് ധോണിയാണ്. മാര്‍ച്ച് 31ന് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഉദ്ഘാടന മത്സരം കളിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സീസണ്‍ തുടങ്ങും. 2010, 2011സീസണുകളിലും രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം 2018, 2021 വര്‍ഷങ്ങളിലായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചാമ്പ്യന്‍മാരായത്. അഞ്ച് തവണ റണ്ണേഴ്‌സ് അപ് ആവുകയും ചെയ്തു.

സിഎസ്‌കെയ്‌ക്ക് പരിക്കിന്‍റെ മറ്റൊരു പ്രഹരം കൂടി; ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനും കനത്ത ആശങ്ക