ഐപിഎല്‍ 2024 താരലേലത്തിനായി ദുബായില്‍ എത്തിയിരിക്കുകയാണ് റിഷഭ് പന്ത്

ദുബായ്: ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് ദുബായില്‍ നടക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രം റിഷഭ് പന്ത്. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ലേലമേശയ‌്ക്ക് ചുറ്റും ഇരിക്കുന്നവരില്‍ ഒരാള്‍ റിഷഭ് പന്താണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനമുണ്ടായ കാര്‍ അപകടത്തിന് ശേഷം റിഷഭ് പന്ത് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്. ഒപ്പം ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്തയും റിഷഭ് പന്തും ഡല്‍ഹി ക്യാപിറ്റല്‍സും നല്‍കുന്നു. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സമയത്ത് നല്‍കിയ എല്ലാ പിന്തുണയ്‌ക്കും ആരാധകര്‍ക്ക് റിഷഭ് നന്ദി പറഞ്ഞു. 

ഐപിഎല്‍ 2024 താരലേലത്തിനായി ദുബായില്‍ എത്തിയിരിക്കുകയാണ് റിഷഭ് പന്ത്. വരും സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കാനാകും എന്ന വിലയിരുത്തല്‍ ശരിവെക്കുന്നതാണ് താരത്തിന്‍റെ വാക്കുകള്‍. 'ഇപ്പോള്‍ മുമ്പത്തേക്കാള്‍ ആരോഗ്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. നൂറ് ശതമാനം ഫിറ്റ്‌നസിലേക്ക് വരുന്നു. അത് വരുന്ന കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ കൈവരിക്കാനാകും എന്നാണ് പ്രതീക്ഷ. ഗുരുതരമായി പരിക്കേറ്റ സമയത്ത് ആരാധകരുടെ സ്നേഹം ആവോളം അറിയാന്‍ സാധിച്ചു. കളിക്കുന്ന സമയങ്ങളില്‍ നമുക്ക് മുകളില്‍ ഏറെ സമ്മര്‍ദങ്ങളുണ്ടെങ്കിലും ആരാധകര്‍ നമ്മെ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ താരങ്ങളെ ബഹുമാനിക്കുന്നു. ചികില്‍സയിലായിരുന്ന സമയത്ത് ആരാധകരുടെ വലിയ പിന്തുണയും പ്രോല്‍സാഹനവും തനിക്ക് ലഭിച്ചിട്ടുണ്ട്. ശാരീരികമായി മാത്രമല്ല, മാനസികമായും വലിയ വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. എന്നാല്‍ ആരാധകരുടെ സ്നേഹവും പിന്തുണയും ആരോഗ്യാവസ്ഥയിലേക്കുള്ള മടങ്ങിവരവിന് പ്രചോദനമായി' എന്നും ഡല്‍ഹി ക്യാപിറ്റല്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ റിഷഭ് പന്ത് പറയുന്നു. 

ഐപിഎല്‍ പതിനേഴാം സീസണില്‍ റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് കുപ്പായത്തില്‍ കളിക്കും എന്നാണ് പ്രതീക്ഷ. ബിസിസിഐ മെഡിക്കൽ വിഭാഗത്തിന്‍റെ അനുമതി കിട്ടിയാൽ മാത്രമേ പന്ത് വിക്കറ്റ് കീപ്പറാവുകയുള്ളൂ. ഇല്ലെങ്കിൽ ബാറ്റിംഗിലും ഫീൽഡിംഗിലും മാത്രമാവും പന്തിന്‍റെ ശ്രദ്ധ. ഇരുപത്തിയാറുകാരനായ പന്തിനെ ഇംപാക്ട് പ്ലെയർ മാത്രമായി കളിപ്പിക്കുന്നതും ഡൽഹിയുടെ പരിഗണനയിലുണ്ട്. ഐപിഎല്ലിൽ ശാരീരികക്ഷമതയും കളി മികവും വീണ്ടെടുത്താല്‍ പന്ത് ഇന്ത്യൻ ടീമിലേക്കും തിരികെയെത്തും. ഐപിഎല്ലിൽ 98 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 15 അ‌ർധസെഞ്ചുറിയുമടക്കം പന്ത് 2835 റൺസ് നേടിയിട്ടുണ്ട്. 2022 ഡിസംബര്‍ 30നുണ്ടായ കാര്‍ അപകടത്തില്‍ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. 

Read more: അവന്‍ വരുന്നു, റിഷഭ് പന്തിന്‍റെ തിരിച്ചുവരവ് പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്; പക്ഷേ ഇനിയും നൂലാമാലകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം