മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്‍റിനെതിരെ രൂക്ഷ വിമർശനവുമായി ഇതിഹാസ താരം മാത്യൂ ഹെയ്ഡന്‍ 

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ആരാധകരും തമ്മില്‍ നല്ല ലോഹ്യത്തിലല്ല ഇപ്പോള്‍ പോകുന്നത്. നീണ്ട 10 വർഷക്കാലം ക്യാപ്റ്റനായി ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയും അഞ്ച് ഐപിഎല്‍ കിരീടം സ്വന്തമാക്കുകയും ചെയ്ത രോഹിത് ശർമ്മയെ ഒരു സുപ്രഭാതത്തില്‍ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍സി ഏല്‍പിച്ചത് ആരാധകർക്ക് ഇതുവരെ ദഹിച്ചിട്ടില്ല. ഹാർദിക് ടോസിനായി ഇറങ്ങുമ്പോഴെല്ലാം കൂവിയാണ് മുംബൈ ഇന്ത്യന്‍സ് ആരാധകർ വരവേല്‍ക്കുന്നത്. മുംബൈ ഇന്ത്യന്‍സും ആരാധകരും തമ്മിലുള്ള നിലവിലെ പ്രശ്നങ്ങളില്‍ ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം മാത്യൂ ഹെയ്‍ഡന് ചിലത് പറയാനുണ്ട്. 

ക്യാപ്റ്റന്‍സി രോഹിത് ശർമ്മയില്‍ നിന്ന് ഹാർദിക് പാണ്ഡ്യയിലേക്ക് മുംബൈ ഇന്ത്യന്‍സ് കുറച്ചുകൂടി സുതാര്യമായി ഏല്‍പിക്കണമായിരുന്നു എന്നാണ് മാത്യൂ ഹെയ്ഡന്‍റെ വിലയിരുത്തല്‍. 

'ആരാധകരാണ് ടീമുകളുടെ ഏറ്റവും വലിയ കരുത്ത്. അവർക്ക് ടീമിനുള്ളിലെ കാര്യങ്ങളൊന്നും ചിലപ്പോള്‍ അറിയണമെന്നില്ല, എങ്കിലും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്. രോഹിത് ശർമ്മയെ ആരാധകർക്ക് ഇഷ്ടമാണ്. കുറച്ചുകൂടി വ്യത്യസ്തമായി ക്യാപ്റ്റന്‍ സ്ഥാനത്തെ മാറ്റം മുംബൈ ഇന്ത്യന്‍സ് നടപ്പില്‍വരുത്തണമായിരുന്നു. രോഹിത്തിനെ കൃത്യമായി കാര്യങ്ങള്‍ അറിയിക്കണമായിരുന്നു. കൃത്യമായ വഴിയിലൂടെയല്ലാതെ തീരുമാനങ്ങള്‍ അറിയിക്കുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. കഴിഞ്ഞ സീസണില്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയ ശേഷം മാറ്റിയ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. ആവശ്യമെങ്കില്‍ ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിലും ഒരു വീണ്ടാലോചന നടത്താവുന്നതേയുള്ളൂ' എന്നും ഹെയ്ഡന്‍ കൂട്ടിച്ചേർത്തു.

മുംബൈ ഇന്ത്യന്‍സിന്‍റെ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കൂവലും പരിഹാസവുമുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ടോസിനെത്തിയപ്പോള്‍ താരത്തിനെതിരായ കൂവലുണ്ടായി. ടോസ് സമയത്ത് ഹാര്‍ദിക്കിനെ അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ പേരെടുത്ത് പറഞ്ഞപ്പോള്‍ 'രോഹിത്... രോഹിത്...' ചാന്‍റുകള്‍ ഗ്യാലറിയില്‍ മുഴങ്ങിയതാണ് ഒടുവിലത്തെ സംഭവം. 

Read more: ഹാര്‍ദിക്കിനെ വെറുക്കരുതേ..! സോഷ്യല്‍ മീഡിയയില്‍ സഹതാപ തരംഗം; മുംബൈ ക്യാപ്റ്റന് പിന്തുണയേറുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം