ആദ്യ രണ്ട് കളികളും ജയിച്ചാണ് രാജസ്ഥാന്‍ മുംബൈയില്‍ ഇറങ്ങുന്നതെങ്കില്‍ സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് മുംബൈ ഇറങ്ങുന്നത്.
മുംബൈ: ഐപിഎല്ലിലെ ആദ്യ ഹോം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. പരിക്കുള്ള സന്ദീപ് ശര്‍മക്ക് പകരം നാന്ദ്രെ ബര്‍ഗര്‍ പ്ലേയിംഗ് ഇലവനിലെത്തി. മുംബൈ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.
ആദ്യ രണ്ട് കളികളും ജയിച്ചാണ് രാജസ്ഥാന്‍ മുംബൈയില്‍ ഇറങ്ങുന്നതെങ്കില്‍ സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് മുംബൈ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഹാര്‍ദ്ദിക്കിനെ കൂവിയ ആരാധകര്‍ ഇന്ന് ടോസിനായി ഹാര്‍ദ്ദിക് ഇറങ്ങിയപ്പോള്‍ കാര്യമായ പ്രതിഷേധം ഒന്നും ഉയര്‍ത്തിയില്ലെന്നതും ശ്രദ്ധേയമായി.
ആദ്യ രണ്ട് മത്സരങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെയും ഡല്‍ഹി ക്യാപിറ്റല്‍സിനേയും തകര്‍ത്തുവരുന്ന രാജസ്ഥാന്‍ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ ടോപ് സ്കോററായ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും മുംബൈയിലെ ബാറ്റിംഗ് വിക്കറ്റില്‍ ഫോമിലാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രണ്ട് മത്സരങ്ങളിലും തിളങ്ങിയ റിയാന്‍ പരാഗാണ് രാജസ്ഥാൻ ബാറ്റിംഗിന്‍റെ നട്ടെല്ല്.ഡല്‍ഹിക്കെതിരെ പുറത്താകാതെ 84 റണ്‍സടിച്ച പരാഗിന്‍റെ പ്രകടനമാണ് രാജസ്ഥാന്‍ വിജയം സമ്മാനിച്ചത്.
പരസ്പരം കളിച്ചതില്‍ മുംബൈ 15 വിജയങ്ങള്‍ നേടിയപ്പോള്‍ രാജസ്ഥാന്‍ 12 ജയം സ്വന്തമാക്കി. വാംഖഡെയിലും മുംബൈക്കാണ് ആധിപത്യം. അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ രാജസ്ഥാന്‍ ജയിച്ചത് മൂന്നെണ്ണം.
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവന്‍: ഇഷാൻ കിഷൻ , രോഹിത് ശർമ, നമാൻ ധിർ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ടിം ഡേവിഡ്, ജെറാൾഡ് കൊറ്റ്‌സി, ഷംസ് മുലാനി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ക്വേന മഫാക.
രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാൾ, ജോഷ് ബട്‌ലർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), റിയാൻ പരാഗ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ, നാന്ദ്രെ ബര്‍ഗര്‍, ആവേശ് ഖാൻ.
