34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീതമെടുത്ത ട്രെന്‍റ് ബോള്‍ട്ടും യുസ്‌വേന്ദ്ര ചാഹലും ചേര്‍ന്നാണ് മുംബൈയെ എറിഞ്ഞിട്ടത്.
മുംബൈ: ഐപിഎല്ലില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഹോം ഗ്രൗണ്ടിലും ബാറ്റിംഗ് തകര്‍ച്ച. രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീതമെടുത്ത ട്രെന്‍റ് ബോള്‍ട്ടും യുസ്‌വേന്ദ്ര ചാഹലും ചേര്‍ന്നാണ് മുംബൈയെ എറിഞ്ഞിട്ടത്.
ആദ്യ ഓവറിലെ ബോള്‍ട്ടിളകി
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ മുംബൈക്ക് ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അടിതെറ്റി. അഞ്ചാം പന്തില്‍ രോഹിത് ശര്‍മയെ വിക്കറ്റിന് പിന്നില്‍ സ‍്ജുവിന്‍റെ കൈകളിലേക്ക് പറഞ്ഞയച്ച ബോള്‍ട്ട് അടുത്ത പന്തില്‍ നമന്‍ ധിറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടുപേരും നേരിട്ട ആദ്യ പന്തില്‍ പുറത്തായി ഗോള്‍ഡന്‍ ഡക്കായി. അവിടംകൊണ്ട് തീര്‍ന്നില്ല, തന്‍റെ അടുത്ത ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെക്കൂടി(0) ഗോള്‍ഡന്‍ ഡക്കാക്കിയ ബോള്‍ട്ട് മുംബൈയുടെ ബോള്‍ട്ടൂരി. പിന്നാലെ പ്രതീക്ഷ നല്‍കിയ ഇഷാന്‍ കിഷനെ(16) അസാധ്യമായൊരു പന്തില്‍ നാന്ദ്രെ ബര്‍ഗര്‍ വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു.
ഇതോടെ 20-4ലേക്ക് വീണ മുംബൈക്ക് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും തിലക് വര്‍മയുടെയും പ്രത്യാക്രമണം നേരിയ പ്രതീക്ഷ നല്‍കി. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് മുംബൈയെ 45 റണ്‍സില്‍ എത്തിച്ചു. പത്താം ഓവറില്‍ 75 റണ്‍സിലെത്തിയ മുംബൈ മാന്യമായ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ ക്യാപ്റ്റന്‍റെ അമിതാവേശം വിനയായി. ചാഹലിനെ സിക്സിന് പറത്താനുള്ള ഹാര്‍ദ്ദിക്കിനെ(21 പന്തില്‍ 34) റൊവ്മാന്‍ പവല്‍ ഓടിപ്പിടിച്ചു.
പിന്നീട് ക്രീസിലെത്തിയത് പിയൂഷ് ചൗളയായിരുുന്നു. ചൗളയെ(3)ആവേശ് ഖാന്‍റെ പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ പറന്നു പിടിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ നോക്കിയ തിലക് വര്‍മയെ(29 പന്തില്‍ 32) അശ്വിന്‍ പറന്നുപിടിച്ചു. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ക്കുമെന്ന് കരുതിയ ടിം ഡേവിഡും(24 പന്തില്‍ 17) നനഞ്ഞ പടക്കമായതോടെ മുംബൈ സ്കോര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സില്‍ അവസാനിച്ചു.
