കോലി ഒരുപാട് ദൂരെയല്ല! സഞ്ജുവിനും ഗില്ലിനും പരാഗിനും ഓറഞ്ച് ക്യാപ്പില്‍ പ്രതീക്ഷ; റണ്‍ വ്യത്യാസം കുറഞ്ഞു
ചെറിയ സ്‌കോറിന് പുറത്തായതോടെ റണ്‍വേട്ടയില്‍ കോലിയുടെ ഒന്നാം സ്ഥാനത്തിനും ഭീഷണിയായി. ആറ് മത്സരങ്ങളില്‍ 79.75 ശരാശരിയില്‍ 319 റണ്‍സാണിപ്പോള്‍ കോലിക്കുള്ളത്.
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി. ഒമ്പത് പന്തുകള്‍ നേരിട്ട താരം മൂന്ന് റണ്‍സുമായിട്ടാണ് മടങ്ങിയത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ അഞ്ചാം തവണയാണ് ബുമ്ര, കോലിയെ മടക്കുന്നത്. എന്നാല്‍ ബുമ്രയ്ക്കെതിരെ 95 പന്തില്‍ 140 റണ്‍സ് നേടാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. 147.36 സ്ട്രൈക്ക് റേറ്റിലാണ് നേട്ടം. ബുമ്രയുടെ ആദ്യ ഐപിഎല്‍ വിക്കറ്റും കോലിയായിരുന്നു. ഇന്നത്തേത് 151-ാം വിക്കറ്റും.
ചെറിയ സ്‌കോറിന് പുറത്തായതോടെ റണ്‍വേട്ടയില്‍ കോലിയുടെ ഒന്നാം സ്ഥാനത്തിനും ഭീഷണിയായി. ആറ് മത്സരങ്ങളില്‍ 79.75 ശരാശരിയില്‍ 319 റണ്‍സാണിപ്പോള്‍ കോലിക്കുള്ളത്. 141.78 ശരാശരിയിലാണ് നേട്ടം. ഇതോടെ തൊട്ടുതാഴെയുള്ള താരങ്ങള്‍ക്ക് എത്തിപ്പിടിക്കാവുന്ന ദൂരത്തിലായി കോലി. തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് ആണ് റണ്‍വേട്ടയില്‍ രണ്ടാമത്. അഞ്ച് കളികളില്‍ മൂന്ന് അര്‍ധസെഞ്ചുറി അടക്കം 261 റണ്‍സെടുത്ത പരാഗിന് 158.18 സ്‌ട്രൈക്ക് റേറ്റുണ്ട്. സീസണില്‍ പതിനേഴ് ഫോറും പതിനേഴ് സിക്‌സുമാണ് പരാഗ് പറത്തിയത്. കോലിയും പരാഗും തമ്മിലുള്ള ദൂരം 58 റണ്‍സ് മാത്രമാണ്.
ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ആറ് കളികളില്‍ 255 റണ്‍സെടുത്ത ഗില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടി. 151.78 ആണ് ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ്. 64 റണ്‍സ് കൂടി നേടിയാല്‍ ഗില്ലിന് കോലിക്കൊപ്പമെത്താം. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നാലാം സ്ഥാനത്തുണ്ട്. കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് ഫിഫ്റ്റി, അതില്‍ രണ്ടിലും നോട്ടൗട്ട്, ക്യാപ്റ്റനെന്ന നിലയില്‍ അഞ്ചില്‍ നാലു ജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 38 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു അഞ്ച് കളികളില്‍ 246 റണ്‍സുമായാണ് റണ്‍വേട്ടയില്‍ നാലാമത് എത്തിയത്. 82 റണ്‍ ശരാശരിയും 157.69 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഒന്നാം സ്ഥാനവും സഞ്ജുവും തമ്മിലുള്ള വ്യത്യാസം 73 റണ്‍സാണ്.
തുടക്കത്തില്‍ തകര്‍ത്തടിച്ചശേഷം നിറം മങ്ങുന്നുവെന്നതായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെതിരെയുള്ള പ്രധാന ആക്ഷേപം. എന്നാല്‍ ഈ സീസണില്‍ സഞ്ജു ബാറ്റിംഗില്‍ സ്ഥിരതയുടെ പര്യായമാണ്. ആറ് മത്സരങ്ങളില്‍ 226 റണ്‍സെടുത്തിട്ടുള്ള ഗുജറാത്തിന്റെ സായ് സുദര്‍ശനാണ് റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്ത്.