ഇന്നലെ രാജസ്ഥാന്‍ ഇന്നിംഗ്സ് കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന സഞ്ജുവിനെ മറികടന്ന് ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് റണ്‍വേട്ടക്കാരുടെ പട്ടികയിലെ മറ്റൊരു മാറ്റം

ജയ്പൂര്‍: ഐപിഎല്ലില്‍ തുടക്കത്തില്‍ തകര്‍ത്തടിച്ചശേഷം നിറം മങ്ങുന്നുവെന്നതായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെതിരെയുള്ള പ്രധാന ആക്ഷേപം. എന്നാല്‍ ഈ സീസണില്‍ സ‍ഞ്ജു ബാറ്റിംഗില്‍ സ്ഥിരതയുടെ പര്യായമാണ്. കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് ഫിഫ്റ്റി, അതില്‍ രണ്ടിലും നോട്ടൗട്ട്, ക്യാപ്റ്റനെന്ന നിലയില്‍ അഞ്ചില്‍ നാലു ജയം. സീസണിലെ റണ്‍വേട്ടയില്‍ നാലാം സ്ഥാനം. ഇന്നല ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 38 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു അഞ്ച് കളികളില്‍ 246 റണ്‍സുമായാണ് റണ്‍വേട്ടയില്‍ നാലാമത് എത്തിയത്. 82 റണ്‍ ശരാശരിയും 157.69 എന്ന മികച്ച സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.

ഇന്നലെ രാജസ്ഥാന്‍ ഇന്നിംഗ്സ് കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന സഞ്ജുവിനെ മറികടന്ന് ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് റണ്‍വേട്ടക്കാരുടെ പട്ടികയിലെ മറ്റൊരു മാറ്റം. ആറ് കളികളില്‍ 255 റണ്‍സെടുത്ത ഗില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടി. 151.78 ആണ് ഗില്ലിന്‍റെ സ്ട്രൈക്ക് റേറ്റ്.

ഹാര്‍ദ്ദിക്കിന്‍റെയും ക്രുനാലിന്‍റെയും 4.3 കോടി രൂപ തട്ടിയെടുത്തു; അര്‍ദ്ധ സഹോദരന്‍ വൈഭവ് പാണ്ഡ്യ അറസ്റ്റില്‍

തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന റിയാന്‍ പരാഗ് ആണ് റണ്‍വേട്ടയില്‍ രണ്ടാമത്. അഞ്ച് കളികളില്‍ മൂന്ന് അര്‍ധസെഞ്ചുറി അടക്കം 261 റണ്‍സെടുത്ത പരാഗിന് 158.18 സ്ട്രൈക്ക് റേറ്റുണ്ട്. സീസണില്‍ പതിനേഴ് ഫോറും പതിനേഴ് സിക്സുമാണ് പരാഗ് പറത്തിയത്. അഞ്ച് കളികളില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും അടക്കം 316 റണ്‍സടിച്ച വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തില്‍ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും കോലിക്ക് 146.29 എന്ന മികച്ച സ്ട്രൈക്ക് റേറ്റുണ്ട്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ തിളങ്ങാനായില്ലെങ്കില്‍ സഞ്ജുവിനും പരാഗിനും ഗില്ലിനുമെല്ലാം അടുത്ത മത്സരത്തില്‍ കോലിയെ മറികടക്കാന്‍ അവസരം കിട്ടും.

ഇനിയും തോല്‍ക്കാനാവില്ല, മുംബൈയില്‍ ഇന്ന് വമ്പന്‍ പോരാട്ടം; കോലിയും രോഹിത്തും നേര്‍ക്കുനേര്‍

ആറ് മത്സരങ്ങളില്‍ 226 റണ്‍സെടുത്തിട്ടുള്ള ഗുജറാത്തിന്‍റെ സായ് സുദര്‍ശനാണ് റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്ത്. കോലിയല്ലാതെ മറ്റ് താരങ്ങള്‍ക്കാര്‍ക്കും ഇന്ന് മത്സരമില്ലാത്തതിനാല്‍ ആദ്യ അഞ്ചില്‍ ഇന്ന് മാറ്റം വരാനിടയില്ല. ഒന്നാം സ്ഥാനത്ത് കോലി ലീഡുയര്‍ത്തുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. അതേസമയം ഇന്നലെ രണ്ട് വിക്കറ്റെടുത്ത രാജസ്ഥാന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ അഞ്ച് കളികളില്‍ 10 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി. നാലു കളികളില്‍ ഒമ്പത് വിക്കറ്റുള്ള ചെന്നൈ താരം മുസ്തഫിസുര്‍ റഹ്മാനെ മറികടന്നാണ് ചാഹല്‍ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത്. അഞ്ച് കളികളില്‍ എട്ട് വിക്കറ്റുമായി അര്‍ഷ്ദീപും ആറ് കളികളില്‍ എട്ട് വിക്കറ്റുള്ള മോഹിത് ശര്‍മയും ഏഴ് വിക്കറ്റുള്ള ഖലീല്‍ അഹമ്മദുമാണ് ആദ്യ അഞ്ചിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക