ഇന്നലെ നടന്ന മത്സരത്തില്‍ 28 റണ്‍സിന് ലഖ്നൗ സൂപ്പർ ജയന്‍റ്സിനോട് ആർസിബി പരാജയപ്പെടുകയായിരുന്നു

ബെംഗളൂരു: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പർ ജയന്‍റ്സിനോടും തോറ്റതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരങ്ങളായ വിരാട് കോലിയും ദിനേശ് കാർത്തിക്കും നാണക്കേടിന്‍റെ ബുക്കില്‍ ഒരുപടി കൂടി മുന്നില്‍. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ തോറ്റ താരങ്ങളായി ഇരുവരും മാറി. 120 തോല്‍വികളുമായി കോലി നാണക്കേടിന്‍റെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോള്‍ രണ്ടാമതുള്ള ഡികെയ്ക്ക് 118 പരാജയങ്ങളാണുള്ളത്. 112 തോല്‍വികളുമായി രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്. ശിഖർ ധവാന്‍ (107), റോബിന്‍ ഉത്തപ്പ (106) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. 

ഇന്നലെ നടന്ന മത്സരത്തില്‍ 28 റണ്‍സിന് ലഖ്നൗ സൂപ്പർ ജയന്‍റ്സിനോട് ആർസിബി പരാജയപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 56 പന്തില്‍ 81 റണ്‍സ് നേടിയ ഓപ്പണർ ക്വിന്‍റണ്‍ ഡി കോക്കാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറർ. 21 പന്തില്‍ പുറത്താകാതെ 40* റണ്‍സെടുത്ത നിക്കോളസ് പുരാന്‍റെ അവസാന ഓവറുകളിലെ വെടിക്കെട്ട് നിർണായകമായി. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 20 ഉം, മാർക്കസ് സ്റ്റോയിനിസ് 24 ഉം, ദേവ്ദത്ത് പടിക്കല്‍ ആറും, ആയുഷ് ബദോനി പൂജ്യം റണ്‍സെടുത്തും പുറത്തായി. ഗ്ലെന്‍ മാക്സ്വെല്‍ രണ്ടും റീസ് ടോപ്‍ലിയും മുഹമ്മദ് സിറാജും യാഷ് ദയാലും ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 19.4 ഓവറില്‍ 153 റണ്‍സില്‍ എല്ലാവരും പുറത്തായി. ആർസിബിക്കായി 13 പന്തില്‍ 33 നേടിയ മഹിപാല്‍ റോംറയായിരുന്നു ടോപ് സ്കോർ. വിരാട് കോലി 22നും, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസ് 19നും, രജത് പാടിദാർ 29നും, ഗ്ലെന്‍ മാക്സ്വല്‍ പൂജ്യത്തിനും, കാമറൂണ്‍ ഗ്രീന്‍ 9നും, അനൂജ് റാവത്ത് 11നും, ദിനേശ് കാർത്തിക് നാലിനും, മായങ്ക് ഡാഗർ പൂജ്യത്തിനും, മുഹമ്മദ് സിറാജ് 12നും പുറത്തായി. നാല് ഓവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റുമായി അതിവേഗ പേസർ മായങ്ക് യാദവാണ് ലഖ്നൗവിന് മിന്നും ജയമൊരുക്കിയത്. മറ്റൊരു പേസർ നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റ് നേടി.

Read more: പരാഗ് വീണു, സഞ്ജു ആദ്യ പത്തില്‍ നിന്ന് പുറത്ത്! ഓറഞ്ച് ക്യാപ് തിരിച്ചെടുത്ത് കോലി! മായങ്ക് യാദവിനും നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം