നാല് കളികളില്‍ 67.67 ശരാശരിയിലും 140.97 സ്ട്രൈക്ക് റേറ്റിലും 203 റണ്‍സുമായി നിലവില്‍ വിരാട് കോലിയുടെ തലയിലാണ് ഓറഞ്ച് ക്യാപ്

ജയ്‍പൂർ: ഐപിഎല്‍ 2024 സീസണില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടമാണ്. ഇന്ത്യന്‍ പ്രീമിയർ ലീഗിലെ റോയല്‍ മത്സരം എന്ന വിശേഷണമുള്ള കളിക്ക് മുമ്പ് ആർസിബി ഇതിഹാസ ബാറ്റർ വിരാട് കോലിക്ക് മുന്നറിയിപ്പ് നല്‍കുകയാണ് രാജസ്ഥാന്‍ റോയല്‍സ് സ്പിന്നർ യുസ്‍വേന്ദ്ര ചഹല്‍. 

'വിരാട് കോലിയെ എത്രയും വേഗം മടക്കാനാണ് ലക്ഷ്യം. എക്കാലത്തെയും മികച്ച താരമായ വിരാടിനെ നേരത്തെ പുറത്താക്കാനായാല്‍ ആർസിബി പ്രതിരോധത്തിലാവും' എന്നുമാണ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തില്‍ യുസ്‍വേന്ദ്ര ചഹലിന്‍റെ വാക്കുകള്‍. അതേസമയം ജയ്പൂരിലെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം ഹോം​ഗ്രൗണ്ടിലും കോലിക്ക് പിന്തുണയുമായി ആരാധകരുണ്ടാകും എന്ന് ചഹല്‍ ഉറപ്പിച്ചു പറയുന്നു. 'വിരാട് കോലി, എം എസ് ധോണി, രോഹിത് ശർമ്മ തുടങ്ങിയ വന്‍ താരങ്ങള്‍ക്ക് ഹോം മൈതാനത്തിന് പുറത്ത് എല്ലാ സ്റ്റേഡിയത്തിലും വലിയ ആരാധകക്കൂട്ടമുണ്ടാകും. ഇവരുടെ കളി കാണാനായി മാത്രം ആരാധകർ ടിക്കറ്റ് എടുക്കും' എന്നും ചഹല്‍ കൂട്ടിച്ചേർത്തു. ഐപിഎല്‍ 2024ല്‍ നാല് കളികളില്‍ 67.67 ശരാശരിയിലും 140.97 സ്ട്രൈക്ക് റേറ്റിലും 203 റണ്‍സുമായി നിലവില്‍ വിരാട് കോലിയുടെ തലയിലാണ് ഓറഞ്ച് ക്യാപ്. പുറത്താവാതെ നേടിയ 83* ആണ് കിംഗിന്‍റെ ഉയർന്ന സ്കോർ. 

ആർസിബി ഓപ്പണറായ വിരാട് കോലിയെ ഇന്ന് പുറത്താക്കാനുള്ള ചുമതല പേസർ സന്ദീപ് ശർമ്മയെയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഏല്‍പിക്കുക എന്നുറപ്പാണ്. ഐപിഎല്ലില്‍ വിരാടിനെതിരെ മികച്ച റെക്കോർഡ് സന്ദീപ് ശർമ്മയ്ക്കുണ്ട്. മുഖാമുഖം വന്ന 15 മത്സരങ്ങളിലെ 67 പന്തുകളില്‍ കോലി 87 റണ്‍സ് മാത്രം നേടിയപ്പോള്‍ ഏഴ് തവണയാണ് താരത്തെ സന്ദീപ് പുറത്താക്കിയത്. സന്ദീപ് ശർമ്മക്കെതിരെ 12.42 ബാറ്റിംഗ് ശരാശരിയും 129.85 സ്ട്രൈക്ക് റേറ്റും മാത്രമേ ഇതിഹാസ ബാറ്ററായ കോലിക്കുള്ളൂ. 11 ഫോറുകള്‍ നേടിയപ്പോള്‍ ഒരു സിക്സർ മാത്രമേ വഴങ്ങിയുള്ളൂ എന്നത് സന്ദീപിന്‍റെ മേല്‍ക്കൈ കാണിക്കുന്നു. സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ കളിച്ച എട്ട് ഐപിഎല്‍ ഇന്നിംഗ്സുകളില്‍ കോലിക്ക് 21.29 ശരാശരിയിലും 94 സ്ട്രൈക്ക് റേറ്റിലും 149 റണ്‍സ് മാത്രമേയുള്ളൂ എന്നതും ശ്രദ്ധേയം. കിംഗിന് ഒരിക്കല്‍ പോലും അർധസെഞ്ചുറി നേടാനായില്ല. 

Read more: 'സിഎസ്‍കെയെ തോല്‍പിച്ചത് റുതുരാജ് ഗെയ്‌ക്‌വാദ്, ധോണിയെ വൈകിയിറക്കിയത് എന്തിന്'; രൂക്ഷ വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം