ഇനി ഐപിഎല്‍ ആവേശം; മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും, പതിവ് രീതി മാറുമോ?
ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനുണ്ട് എന്നതിനാല്‍ രണ്ട് ഘട്ടമായാവും ഐപിഎല്‍ 2024 സീസണ്‍ നടക്കുക എന്നാണ് സൂചന
മുംബൈ: ഐപിഎല്‍ 2024 സീസണിന്‍റെ ആദ്യഘട്ട മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണി മുതല്‍ ജിയോ സിനിമയിലൂടെയും സ്റ്റാർ സ്പോർട്സിലൂടെയും തല്‍സമയ പ്രഖ്യാപനം കാണാം. മാർച്ച് 22ന് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഹോം മൈതാനിയായ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യന്‍ പ്രീമിയർ ലീഗിന്‍റെ 17-ാം എഡിഷന് തുടക്കമാവുക. സീസണിലെ ആദ്യ മത്സരത്തിന് മുമ്പ് ചെപ്പോക്കില്‍ ആഘോഷമായ ഉദ്ഘാടന ചടങ്ങ് നടക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സിഎസ്കെയുടെ എതിരാളികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. സാധാരണയായി ചാമ്പ്യന്‍മാരും റണ്ണേഴ്സ് അപ്പുമാണ് സീസണിലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടാറ്.
രാജ്യത്ത് ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനുണ്ട് എന്നതിനാല്‍ രണ്ട് ഘട്ടമായാവും ഐപിഎല്‍ സീസണ്‍ നടക്കുക എന്നാണ് സൂചന. ഇത്തവണ ഐപിഎല്‍ പൂര്‍ണമായും ഇന്ത്യയില്‍ വച്ചാണ് നടക്കുക എന്ന് ചെയർമാന്‍ അരുണ്‍ ധമാന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് തിയതികളും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതും പരിഗണിച്ച് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചാവും ബിസിസിഐ മത്സരങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുക. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് നടന്ന 2019ല്‍ ഐപിഎല്‍ പൂർണമായും ഇന്ത്യയില്‍ വച്ചായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ 2009ല്‍ പൂർണമായും മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി. 2014ലെ തെരഞ്ഞെടുപ്പ് കാലത്ത് ആദ്യ 20 മത്സരങ്ങള്‍ക്ക് യുഎഇയും വേദിയായി.
കഴിഞ്ഞ സീസണിലെ പത്ത് ടീമുകള്‍ തന്നെയാണ് ഇത്തവണയും പോരടിക്കുക. ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവയാണ് ടീമുകള്‍. ഐപിഎല്‍ 2024 സീസണ്‍ കഴിഞ്ഞ ഉടനെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ താരങ്ങള്‍ക്ക് പങ്കെടുക്കേണ്ടതുണ്ട്. അതിനാല്‍ ഐപിഎല്‍ ഫൈനല്‍ മെയ് 26ന് നടക്കുമെന്നാണ് റിപ്പോർട്ടുകള്‍. ജൂണ്‍ 1നാണ് ടി20 ലോകകപ്പിന് തുടക്കമാവുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം