ഐപിഎല്‍ പതിനെട്ടാം സീസണില്‍ എം എസ് ധോണിയുടെ മഞ്ഞപ്പടയെ എഴുതിത്തള്ളാന്‍ വരട്ടേ, ഇപ്പോഴും പ്ലേഓഫ് സാധ്യതയുണ്ട് സിഎസ്‌കെയ്ക്ക് 

ലക്‌നൗ: ഐപിഎൽ ചരിത്രത്തിൽ ഇതുവരെ നേരിടാത്ത തിരിച്ചടികളിലൂടെയാണ് പതിനെട്ടാം സീസണില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പർ കിംഗ്സ് കടന്നുപോകുന്നത്. ഇതിഹാസ നായകന്‍ എം എസ് ധോണി ക്യാപ്റ്റന്‍റെ കസേരയിലേക്ക് തിരിച്ചെത്തിയിട്ടും ടീമിന് രക്ഷയില്ല. ഇന്ന് കരുത്തരായ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ ചെന്നൈ എതിരാളികളുടെ തട്ടകത്തില്‍ ചെന്ന് നേരിടാനിരിക്കുകയാണ്. തുടര്‍ച്ചയായ അഞ്ച് തോല്‍വികളുമായി നിലവില്‍ ഐപിഎല്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഇനി എങ്ങനെയെന്ന് നോക്കാം.

ഐപിഎല്‍ 2025ല്‍ കളിച്ച ആറ് കളിയിൽ അഞ്ചിലും തോൽവിയായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഫലം. റുതുരാജ് ഗെയ്‌ക്‌വാദിന് പരിക്കേറ്റതോടെ നായകനായി എം എസ് ധോണി തിരിച്ചെത്തിയിട്ടും ചെന്നൈ തലയുയർത്തിയില്ല. സീസണില്‍ ടീമിന്‍റെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ജയിച്ചുതുടങ്ങിയ സിഎസ്‌കെ പിന്നീട് ആർസിബി, രാജസ്ഥാൻ റോയല്‍സ്, ഡൽഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളോട് തോറ്റു. ബാറ്റർമാരും ബൗളർമാരും ഒരുപോലെ നിറംമങ്ങുന്നതാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടിയാവുന്നത്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് സിഎസ്‌കെ തുടർച്ചയായ അഞ്ച് കളിയിൽ തോൽക്കുന്നത്. ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ തുടർച്ചയായി മൂന്ന് കളി ചെന്നൈ സൂപ്പര്‍ കിംഗ്സ് തോൽക്കുന്നതും ആദ്യം. 

എങ്കിലും ഐപിഎല്‍ പതിനെട്ടാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചിട്ടില്ല. പതിനാറ് പോയിന്‍റിലെത്തിയാൽ ചെന്നൈയ്ക്ക് പ്ലേ ഓഫിൽ സ്ഥാനം നേടാം. പതിനാല് പോയിന്‍റാണെങ്കിൽ മറ്റ് ടീമുകളുടെ മത്സരഫലത്തെക്കൂടി ആശ്രയിക്കേണ്ടിവരും. ഐപിഎല്‍ 2025ല്‍ എട്ട് മത്സരങ്ങളാണ് ചെന്നൈയ്ക്ക് ബാക്കിയുള്ളത്. ഈ മത്സരങ്ങളെല്ലാം ജയിച്ചാൽ ചെന്നൈയ്ക്ക് പ്ലേഓഫിലേക്ക് മുന്നേറാം. ലക്‌നൗ സൂപ്പര്‍ ജയന്‍റ്സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവർക്കെതിരെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ശേഷിച്ച മത്സരങ്ങൾ.

Read more: ആറാം തോല്‍വി കൂടി താങ്ങില്ല, 'തല' ധോണിയുടെ ചെന്നൈ ഇന്ന് കളത്തില്‍; അടിച്ചൊതുക്കാന്‍ കരുത്തുമായി ലക്നൗ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം