ഗുജറാത്തിനെതിരെ ബൗളര്‍മാരും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഫലം ചെന്നൈയ്ക്ക് അനുകൂലമായി.

അഹമ്മദാബാദ്: ഐപിഎൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകര്‍പ്പൻ ജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 147 റൺസ് നേടാനെ സാധിച്ചുള്ളൂ. സീസണിലെ അവസാന മത്സരത്തിൽ ചെന്നൈയ്ക്ക് 83 റൺസിന്റെ ആശ്വാസ ജയം. 

231 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ഗുജറാത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഗുജറാത്തിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. മികച്ച ഫോമിലുള്ള നായകൻ ശുഭ്മാൻ ഗിൽ 13 റൺസിന് പുറത്തായി.  പിന്നാലെയെത്തിയ ജോസ് ബട്ലറും (5) ഷെര്‍ഫെയ്ൻ റൂഥര്‍ഫോര്‍ഡും (0)നിരാശപ്പെടുത്തി. ഓറഞ്ച് ക്യാപ് ലിസ്റ്റിൽ മുന്നിലുള്ള സായ് സുദര്‍ശനും ഷാറൂഖ് ഖാനും ഗുജറാത്തിന്റെ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. 15 പന്തിൽ 19 റൺസ് നേടിയ ഷാറൂഖ് ഖാനെയും 28 പന്തിൽ 41 റൺസ് നേടിയ സായ് സുദര്‍ശനെയും ജഡേജ ഒരേ ഓവറിൽ തന്നെ മടക്കിയയച്ചതോടെ ഗുജറാത്ത് അപകടം മണത്തു. 

85ന് 6 എന്ന നിലയിൽ തകര്‍ന്ന ഗുജറാത്തിനെ മുന്നോട്ട് കൊണ്ടുപോകാൻ രാഹുൽ തെവാതിയയും റാഷിദ് ഖാനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 12 റൺസ് നേടിയ റാഷിദ് ഖാനെ നൂര്‍ അഹമ്മദ് പുറതത്താക്കി. പിന്നാലെ ജെറാഡ് കോട്സിയയുടെ കുറ്റി പിഴുത് മതീശ പതിരണ ചെന്നൈയ്ക്ക് വിജയത്തിലേയ്ക്കുള്ള വഴി എളുപ്പമാക്കി മാറ്റി. 16-ാം ഓവറിൽ രാഹുൽ തെവാതിയയെ (14) നൂര്‍ അഹമ്മദ് മടക്കിയയച്ചതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ പൂര്‍ണമായി അസ്തമിച്ചു. അവസാന ഓവറുകളിൽ അര്‍ഷാദ് ഖാന്‍ മൂന്ന് സിക്സറുകൾ നേടിയതൊഴിച്ചാൽ പിന്നീട് വന്നവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. അര്‍ഷാദ് ഖാനെ നൂര്‍ അഹമ്മദും സായ് കിഷോറിനെ അൻഷുൽ കാംബോജും പുറത്താക്കിയതോടെ ഗുജറാത്തിന്റെ പോരാട്ടം 147 റൺസിൽ അവസാനിച്ചു.