ഒരിക്കല്‍ എൻ ശ്രീനിവാസൻ പറഞ്ഞ ഒരു വാചകമുണ്ട്. ധോണിയില്ലാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇല്ല, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇല്ലാതെ ധോണിയും
ഒരിക്കല്‍ എൻ ശ്രീനിവാസൻ പറഞ്ഞ ഒരു വാചകമുണ്ട്. ധോണിയില്ലാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇല്ല, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇല്ലാതെ ധോണിയും. ഇതാണ് ഐപിഎല്ലിലെ ചെന്നൈയുടെ കഥ, ധോണിയുടേയും. എല്ലാ സീസണിന്റേയും അവസാനം ധോണിയിലേക്ക് ആ ചോദ്യമെത്തും, ഇത് നിങ്ങളുടെ അവസാന മത്സരമാണോയെന്ന്. പതിവ് ലാഘവത്തോടെ അയാള്‍ അതിന് മറുപടിയും നല്‍കും, ഉത്തരത്തിനായി നിങ്ങള്‍ക്ക് അടുത്ത സീസണ്‍ വരെ കാത്തിരിക്കേണ്ടി വരുമെന്ന്.
പക്ഷേ, ഇത്തവണ ആ ചോദ്യത്തിന് ചില പ്രസക്തികള്‍ക്കൂടിയുണ്ട്. ചരിത്രത്തിലാദ്യമായി പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ഒരുങ്ങുകയാണ് ചെന്നൈ. ധോണി തുടരുന്നത് ഉചിതമാണോ, കാരണം ബാറ്റുകൊണ്ടും നായകമികവുകൊണ്ടും ശരാശരിക്കും താഴെയായിരുന്നു 44 കാരന്റെ ടീമിനൊപ്പമുള്ള പതിനാറാം സീസണ്‍. ധോണിയുടെ തുടര്‍ച്ച ചെന്നൈയുടെ ഭാവി വളര്‍ച്ചയ്ക്ക് തടസമാകുമോ.
2008 മുതല്‍ ധോണിയാണ് ചെന്നൈയുടെ നായകൻ. അഞ്ച് കിരീടങ്ങള്‍ക്ക് പിന്നിലും അയാള്‍ തന്നെയായിരുന്നു. പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് പലകുറി ചെന്നൈ ഉയര്‍ത്തെഴുന്നേറ്റപ്പോഴും ധോണിയുടെ ബാറ്റായിരുന്നു രക്ഷകന്റെ വേഷം അണിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ചെന്നൈ ആരാധകര്‍ക്കിടയില്‍ കേവലം ഒരു ക്രിക്കറ്റ് താരത്തിന്റെ പരിവേഷമല്ല ധോണിക്കുള്ളത്, അവര്‍ക്ക് അയാള്‍ ഒരു വികാരമാണ്, തലയാണ്.
കിരീടങ്ങളുടേയും നായകമികവിന്റേയും വൈകാരികതയുടേയുമൊക്കെ അപ്പുറം ചില വസ്തുതകള്‍ക്കൂടിയുണ്ട്. 2026ലേക്ക് എത്തുമ്പോള്‍ ധോണി 44 പിന്നിടും. തന്റെ ശരീരമായിരിക്കും അടുത്ത സീസണിലെ സാന്നിധ്യം നിര്‍ണയിക്കുക എന്ന താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2024 സീസണില്‍ സ്പെഷ്യലിസ്റ്റ് ബാറ്ററായിരുന്നു ധോണി. നേരിട്ടത് 73 പന്തുകള്‍ മാത്രം, സ്കോര്‍ ചെയ്തത് 161 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 220.
ഈ സീസണിലും ഇതുതന്നെയായിരിക്കണം ചെന്നൈ പദ്ധതിയിട്ടത്. എന്നാല്‍ മുൻനിര ബാറ്റര്‍മാരുടെ പരാജയം ധോണിയെ കൂടുതല്‍ നേരം ക്രീസില്‍ നിലകൊള്ളാൻ നിര്‍ബന്ധിതനാക്കി. അത് താരത്തെ പരീക്ഷിക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്തു.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ചെന്നൈ റണ്‍മല കയറുമ്പോള്‍ ഒൻപതാമനായാണ് ധോണി എത്തുന്നത്, 50 റണ്‍സിന് പരാജയപ്പെട്ടു. രാജസ്ഥാനെതിരെ ആറ് റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ ഏഴാമതായി എത്തിയ ധോണി നേടിയത് 11 പന്തില്‍ 16 റണ്‍സ്. ഇങ്ങനെ പലകുറി ധോണി എന്ന ഫിനിഷറിന്റെ തിളക്കം നഷ്ടപ്പെടുന്നതിന് ഐപിഎല്‍ സാക്ഷിയായി. ആരാധകരുടെ രോഷവും വിമര്‍ശനവും പതിവില്ലാത്ത രീതിയില്‍ ധോണിയെ തേടിയെത്തി.
ജയമാണ് പ്രധാനമെന്ന് അവര്‍ പലകുറി ഓര്‍മപ്പെടുത്തി. ധോണിയുടെ കയ്യില്‍ മാന്ത്രികതയില്ല എല്ലാ മത്സരങ്ങളും മാറ്റിമറിക്കാനെന്ന് സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞിരുന്നു. കാല്‍മുട്ടിലെ ശസ്ത്രക്രിയ ധോണിയുടെ വേഗത കുറച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായിട്ടില്ലെങ്കിലും സീസണില്‍ മോശമല്ലാത്ത രീതിയില്‍ ധോണി ബാറ്റ് ചെയ്തിട്ടുണ്ട്, സ്ട്രൈക്ക് റേറ്റ് 135ലേക്ക് വീണെന്ന് മാത്രം. മറ്റ് പലരേക്കാള്‍ ഭേദപ്പെട്ട പ്രകടനം റാഞ്ചിക്കാരന്റെ ഭാഗത്തുനിന്നുണ്ടായി.
വിക്കറ്റ് കീപ്പറെന്ന നിലയില്‍ തന്റെ പ്രൈം കാലഘട്ടത്തിന്റെ അതേ ചടുലത ധോണിയുടെ കൈകള്‍ക്കുണ്ട്. പക്ഷേ, ഈ ഒറ്റക്കാരണത്തിന്റെ പേരില്‍ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററുടെ അഭാവമാണ് ചെന്നൈക്ക് ഉണ്ടാകുന്നത്. ധോണിക്ക് പകരം ഒരു ഹാര്‍ഡ് ഹിറ്റര്‍ ബാറ്റര്‍ ആ സ്ഥാനത്തുണ്ടായിരുന്നെങ്കില്‍ ജയം പിടിച്ചെടുക്കാൻ സാധിക്കുന്ന പല മത്സരങ്ങളും സീസണിലുണ്ടായി. ഇതിനോട് കണ്ണടയ്ക്കാൻ ആരാധകര്‍ക്ക് പോലുമാകില്ല.
ധോണിയെന്ന ബിസിനസ് ഫാക്ടര്‍ക്കൂടി ഇതിലേക്ക് എത്തുന്നുണ്ട്. ചെന്നൈ ആരാധകരെ ഗ്യാലറിയില്‍ നിറയ്ക്കാൻ മറ്റൊരു താരമിന്ന് മഞ്ഞ ജഴ്സിയിലില്ല. ഐപിഎല്ലില്‍ ചെന്നൈ കളിക്കുന്ന എല്ലാ വേദികളിലും മഞ്ഞ ജഴ്സിയുടെ എണ്ണം വര്‍ധിക്കുന്നതിനും ഇതൊരു കാരണമാണ്. ഒരു കൈമാറ്റത്തിന്റെ കാര്യത്തില്‍ ചെന്നൈ മാനേജ്മെന്റ് പരാജയപ്പെട്ടതാണ് ഇതിലെ മറ്റൊരു കാരണം.
മുംബൈ ഇന്ത്യൻസ് എടുത്താല്‍ സച്ചിൻ തെൻഡുല്‍ക്കറിന് ശേഷം രോഹിത് ശര്‍മ വന്നു. പിന്നാലെ ജസ്പ്രിത് ബുംറ, ഹാര്‍ദിക്ക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്...അങ്ങനെ ഒരു പട്ടിക തന്നെയുണ്ട്. ഇങ്ങനൊരു പട്ടിക അവകാശപ്പെടാൻ ചെന്നൈക്കില്ല. ധോണിയുടെ ശൈലി സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്തുക എന്നതാണ്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലുമെല്ലാം ധോണി പടിയിറങ്ങിയതും തന്റെ മോശം കാലത്തിലായിരുന്നില്ല.
പക്ഷേ, ഐപിഎല്ലില്‍ അങ്ങനൊന്ന് സംഭവിച്ചിട്ടില്ല ഇതുവരെ. ഒരുപക്ഷേ വൈകാരികത ധോണിയേയും തടുക്കുന്നുണ്ടാകാം വിരമിക്കലില്‍ നിന്ന്. പക്ഷേ, കാലം അതിക്രമിച്ചു കഴിഞ്ഞുവെന്ന ബോധ്യം ആരാധകര്‍ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. ഒരു സീസണില്‍ കൂടി സമാനമായ അനുഭവം അവര്‍ക്കുണ്ടായാല്‍ ധോണിയുടെ പടിയിറക്കം കൈപ്പേറിയതാകാം. അല്ലെങ്കില്‍ ധോണി 2023ലെ പോലെ ബാറ്റുകൊണ്ട് മിന്നലാട്ടം നടത്തേണ്ടതായി വരും.