23 പന്തുകളിൽ നിന്ന് 57 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കൂറ്റൻ സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് നേടി. അര്‍ധ സെഞ്ച്വറികൾ നേടിയ ഓപ്പണര്‍ ഡെവോൺ കോൺവെയുടെയും ഡെവാൾഡ് ബ്രെവിസിന്റെയും ഇന്നിംഗ്സുകളാണ് ചെന്നൈയ്ക്ക് കൂറ്റൻ സ്കോര്‍ സമ്മാനിച്ചത്. 57 റൺസ് നേടിയ ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
പവര്‍ പ്ലേയിൽ മികച്ച തുടക്കമാണ് ആയുഷ് മാഹ്ത്രെ - ഡെവോൺ കോൺവെ സഖ്യം ചെന്നൈയ്ക്ക് നൽകിയത്. രണ്ടാം ഓവറിൽ അര്‍ഷാദ് ഖാനെതിരെ 3 ,സിക്സറുകളും 2 ബൗണ്ടറികളും സഹിതം 28 റൺസാണ് മാഹ്ത്രെ അടിച്ചുകൂട്ടിയത്. 17 പന്തുകൾ നേരിട്ട മാഹ്ത്രെ 34 റൺസ് നേടിയാണ് മടങ്ങിയത്. പിന്നാലെയെത്തിയ ഉര്‍വിൽ പട്ടേലും വേഗത്തിൽ സ്കോര്‍ ചെയ്തതോടെ ചെന്നൈ കുതിച്ചു. 7-ാം ഓവറിൽ ജെറാൾഡ് കോട്സിയയെ ഉര്‍വിൽ പട്ടേലും കോൺവെയും കടന്നാക്രമിച്ചു. മൂന്ന് ബൗണ്ടറികളാണ് കോട്സിയ വഴങ്ങിയത്. 8-ാം ഓവറിൽ സ്പിൻ കെണിയൊരുക്കാനായി സായ് കിഷോറിനെ നായകൻ ശുഭ്മാൻ ഗിൽ പന്തേൽപ്പിച്ചു. ഒരു ബൗണ്ടറി സഹിതം 9 റൺസ് നേടാൻ ചെന്നൈ ബൈറ്റര്‍മാര്‍ക്ക് കഴിഞ്ഞു. 8.5 ഓവറിൽ ചെന്നൈയുടെ സ്കോര്‍ മൂന്നക്കത്തിലെത്തി. 10-ാം ഓവറിന്റെ രണ്ടാം പന്തിൽ ഉര്‍വിൽ പട്ടേലിനെ മടക്കിയയച്ച് സായ് കിഷോര്‍ ഗുജറാത്തിനെ മത്സരത്തിലേയ്ക്ക് തിരിച്ചെത്തിച്ചു. 19 പന്തിൽ 37 റൺസ് നേടിയാണ് ഉര്‍വിൽ പട്ടേൽ മടങ്ങിയത്. ഇതോടെ, ക്രീസിലൊന്നിച്ച ശിവം ദുബെ - ഡെവോൺ കോൺവെ സഖ്യം ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി.
13-ാം ഓവറിൽ പാര്‍ട്ട് ടൈം ബൗളറായ ഷാറൂഖ് ഖാനെ പന്തേൽപ്പിച്ച ഗില്ലിന്റെ തന്ത്രം ഫലിച്ചു. അപകടകാരിയായ ശിവം ദുബെ ഒരു സിക്സര്‍ നേടിയെങ്കിലും തൊട്ടടുത്ത പന്തിൽ വിക്കറ്റ് വീണു. വീണ്ടുമൊരു കൂറ്റനടിയ്ക്ക് ശ്രമിച്ച ദുബെയെ (17) ലോംഗ് ഓൺ ബൗണ്ടറിയ്ക്ക് അരികെ കോട്സിയ പിടികൂടി. 13 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ചെന്നൈയുടെ സ്കോര്‍ 150ൽ എത്തി. പിന്നാലെ മനോഹരമായ സിക്സറിലൂടെ കോൺവെ അര്‍ധ സെഞ്ച്വറി തികച്ചു. തൊട്ടടുത്ത പന്തിൽ വീണ്ടുമൊരു വമ്പൻ ഹിറ്റിന് ശ്രമിച്ച കോൺവെയുടെ കുറ്റി റാഷിദ് ഖാൻ തെറിപ്പിച്ചു. 35 പന്തുകൾ നേരിട്ട കോൺവെ 52 റൺസ് നേടിയാണ് മടങ്ങിയത്. അവസാന നാല് ഓവറുകളിൽ തകര്‍ത്തടിക്കാൻ തന്നെയായിരുന്നു ചെന്നൈയുടെ പ്ലാൻ. 17-ാം ഓവറിൽ ഡെവാൾഡ് ബ്രെവിസ് ഒരു സിക്സര്‍ നേടി. തൊട്ടടുത്ത ഓവറിൽ അര്‍ഷാദ് ഖാനെതിരെ ജഡേജ സിക്സറും ബ്രെവിസ് ബൗണ്ടറിയും കണ്ടെത്തി. തുടര്‍ന്ന് 17.5 ഓവറിൽ ടീം സ്കോര്‍ 200 റൺസിലെത്തി.
19-ാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് സിറാജിനെ ആദ്യത്തെ രണ്ട് പന്തുകളും സിക്സര്‍ പറത്തിയാണ് ബ്രെവിസ് സ്വീകരിച്ചത്. മൂന്നാം പന്തിൽ ബൗണ്ടറി കൂടി എത്തിയതോടെ ചെന്നൈയുടെ സ്കോര്‍ കുതിച്ചുയര്‍ന്നു. 19 പന്തിൽ നിന്ന് ബ്രെവിസ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 20 റൺസാണ് സിറാജിന്റെ ഓവറിൽ ചെന്നൈ ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. അവസാന ഓവറിൽ ഓവറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണയെ അഞ്ചാം പന്തിൽ ബ്രെവിസ് സിക്സറടിച്ചു. അവസാന പന്തിൽ ബ്രെവിസിനെ (23 പന്തിൽ 57 റൺസ്) മടക്കിയയച്ച് പ്രസിദ്ധ് പകരം ചോദിക്കുകയും ചെയ്തു. സീസണിലെ അവസാന മത്സരത്തിനിറങ്ങുന്ന ചെന്നൈയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് അവസരം ലഭിക്കാതിരുന്നത് ആരാധകരെ നിരാശരാക്കി.