അര്‍ഷാദ് ഖാൻ എറിഞ്ഞ രണ്ടാം ഓവറിൽ 28 റൺസാണ് ആയുഷ് മാഹ്ത്രെ അടിച്ചുകൂട്ടിയത്. 

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലാണ്. ഓപ്പണര്‍ ആയുഷ് മാഹത്രെയുടെ (34) വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്. 

മുഹമ്മദ് സിറാജാണ് ഗുജറാത്തിന് വേണ്ടി ബൗളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. നാലാം പന്തിൽ തന്നെ ആയുഷ് മാഹ്ത്രെയുടെ ബാറ്റിലൂടെ മത്സരത്തിലെ ആദ്യ ബൗണ്ടറി പിറന്നു. ആദ്യ ഓവറിൽ ആകെ ചെന്നൈയ്ക്ക് ലഭിച്ചത് 6 റൺസ്. രണ്ടാം ഓവറിൽ രണ്ടാം പന്തിൽ അര്‍ഷാദ് ഖാനെ തുടര്‍ച്ചയായി രണ്ട് തവണ അതിര്‍ത്തി കടത്തിയും രണ്ട് തവണ ബൗണ്ടറി കടത്തിയും ആയുഷ് മാഹ്ത്രെ സ്കോര്‍ ഉയര്‍ത്തി. അവസാന പന്തിൽ വീണ്ടും സിക്സര്‍ പറത്തി മാഹ്ത്രെ ഗുജറാത്തിന് മുന്നറിയിപ്പ് നൽകി. രണ്ടാം ഓവറിൽ മാത്രം 28 റൺസ് പിറന്നതോടെ ചെന്നൈയുടെ സ്കോര്‍ 34ലേയ്ക്ക്. മൂന്നാം ഓവറിൽ സിറാജിനെതിരെ ഡെവോൺ കോൺവെ രണ്ട് ബൗണ്ടറികൾ നേടി. 

നാലാം ഓവറിന്റെ നാലാം പന്തിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് എതിരെ കൂറ്റൻ ഷോട്ടിന് ശ്രമിച്ച മാഹ്ത്രെയ്ക്ക് പാളി. മിഡ് ഓഫിൽ സിറാജ് മനോഹരമായ ക്യാച്ചിലൂടെ മാഹ്ത്രെയെ മടക്കിയയച്ചു. 17 പന്തുകൾ നേരിട്ട മാഹ്ത്രെ 34 റൺസ് നേടിയാണ് മടങ്ങിയത്. നാലാം ഓവറിൽ വെറും 2 റൺസ് മാത്രം വങ്ങിയ പ്രസിദ്ധ് കൃഷ്ണ ഗുജറാത്ത് ആഗ്രഹിച്ച വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. ഉര്‍വിൽ പട്ടേലാണ് മൂന്നാമനായി ക്രീസിലെത്തിയത്. അഞ്ചാം ഓവറിൽ മുഹമ്മദ് സിറാജിനെതിരെ ഡീപ് മിഡ് വിക്കറ്റിലൂടെ അതിമനോഹരമായ സിക്സര്‍ നേടി. ഈ ഷോട്ടിലൂടെ ചെന്നൈയുടെ സ്കോര്‍ 50 കടക്കുന്നു. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആറാം ഓവറിന്റെ അവസാന രണ്ട് പന്തുകളും ബൗണ്ടറി കടത്തി ഡെവോൺ കോൺവെ ചെന്നൈയുടെ സ്കോര്‍ 68ലേയ്ക്ക് ഉയര്‍ത്തി.