ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയ്ക്കിടെ പരിക്കേറ്റ ബുമ്ര ഏതാനും മാസങ്ങളായി കളിക്കളത്തിന് പുറത്തായിരുന്നു.
മുംബൈ: സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര മുംബൈ ഇന്ത്യൻസ് ക്യാംപിനൊപ്പം ചേര്‍ന്നു. പരിക്കുമൂലം ഏറെക്കാലം കളിക്കളത്തിന് പുറത്തായിരുന്ന ബുമ്രയ്ക്ക് ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചു. ഇതോടെയാണ് താരം മുംബൈ ടീമിൽ തിരിച്ചെത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യൻസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'റെഡി ടു റോര്‍' എന്ന ക്യാപ്ഷനോടെയുള്ള വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചാണ് ബുമ്ര ടീമിൽ തിരികെ എത്തിയ കാര്യം മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
നാല് മത്സരങ്ങളിൽ നിന്ന് ഒന്നിൽ മാത്രം ജയിക്കാനായ മുംബൈക്ക് ബുമ്രയുടെ തിരിച്ചുവരവ് ആത്മവിശ്വാസം നൽകും. ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയ്ക്കിടെയാണ് ബുമ്രയ്ക്ക് പരിക്കേൽക്കുന്നത്. ബിസിസിഐയുടെ സെന്‍റര്‍ ഓഫ് എക്സലൻസിൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള കഠിനമായ ശ്രമത്തിലായിരുന്നു ബുമ്ര. അതിനാൽ തന്നെ ഈ സീസണിൽ മുംബൈ കളിച്ച 4 മത്സരങ്ങളിൽ ഒന്നിൽ പോലും ഭാഗമാകാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നില്ല. ഗുജറാത്തിനെതിരായ അവസാന മത്സരത്തിലെ ടോസിന് മുമ്പ് ബുമ്ര വൈകാതെ മടങ്ങി വരുമെന്ന് നായകൻ ഹാര്‍ദിക് പാണ്ഡ്യ സൂചന നൽകിയിരുന്നു.
ബുമ്ര കൂടി എത്തുന്നതോടെ ബൗളിംഗ് നിരയിലെ ആശങ്കകൾക്ക് പരിഹാരമാകുമെന്നാണ് മുംബൈയുടെ കണക്കുകൂട്ടൽ. തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ബുമ്ര കളിച്ചേക്കുമെന്നാണ് സൂചന. ഏത് ബാറ്റിംഗ് നിരയെയും വിറപ്പിക്കാൻ കഴിവുള്ള ബോൾട്ട്-ബുമ്ര കോംബിനേഷന്റെ തീപാറുന്ന ബൗളിംഗ് പ്രകടനം കാണാൻ കട്ട വെയിറ്റിംഗിലാണ് ആരാധകര്‍.
READ MORE: ഹാട്രിക് ജയം തേടി ഗുജറാത്ത്, നനഞ്ഞ പടക്കങ്ങളല്ലെന്ന് തെളിയിക്കാൻ സൺറൈസേഴ്സ്; ഇന്ന് വാശിക്കളി
