ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താനാണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്.
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഹാട്രിക് വിജയം തേടി ഗുജറാത്ത് ഇറങ്ങുമ്പോൾ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ എന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് സൺറൈസേഴ്സ് ശ്രമിക്കുന്നത്. ഹൈദരാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക.
ട്രാവിസ് ഹെഡ്. അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ. നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച് ക്ലാസൻ. എതിരാളികളെ ഒറ്റയ്ക്ക് തച്ചുതകർക്കാൻ ശേഷിയുളളവരുടെ കൂമ്പാരമാണ് സൺ റൈസേഴ്സ് ഹൈദരാബാദ്. ആദ്യ മത്സരത്തിലെ പൊട്ടിത്തെറിക്ക് ശേഷം എല്ലാവരും ഒരുമിച്ച് നനഞ്ഞ പടക്കങ്ങളായപ്പോൾ സൺറൈസേഴ്സ് മുങ്ങിത്താഴ്ന്നത് തുടർതോൽവികളുടെ നിലയില്ലാക്കയത്തിലേക്കാണ്. ടോപ് ഓർഡറിലെ രണ്ട് പേരെങ്കിലും ഫോമിലേക്ക് എത്തിയാൽ തലവര മാറുമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദ്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മുഹമ്മദ് ഷമിയും ഉൾപ്പെട്ട ബൗളിംഗ് നിരയുടെ പ്രകടനം ശരാശരിക്കപ്പുറത്തേക്ക് കടക്കുന്നില്ലെങ്കിലും ബാറ്റർമാർ തന്നൈയാവും സൺറൈസേഴ്സിന്റെ വിധി നിശ്ചയിക്കുക.
വ്യക്തിഗത മികവിനെ അമിതമായി ആശ്രയിക്കാതെ നേടിയ തുടർവിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ്. സ്റ്റാർ ബൗളർ റാഷിദ് ഖാൻ ഒഴികെയുളളവരെല്ലാം പ്രതീക്ഷയ്ക്കൊത്തുയരുന്നു. ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‍ലർ, റുതർഫോർഡ് എന്നിവരുടെ ബാറ്റിംഗ് കരുത്തും മുഹമ്മദ് സിറാജിന്റെയും സായ് കിഷോറിന്റെയും ബൗളിംഗ് മികവും സ്വന്തം കാണികൾക്ക് മുന്നിൽ സൺറൈസേഴ്സിന് കടുത്തവെല്ലുവിളി ആകുമെന്നുറപ്പാണ്.
READ MORE: ക്യാപ്റ്റനായി തിരിച്ചെത്തി, ചരിത്രം കുറിച്ച് സഞ്ജു സാംസൺ; മറികടന്നത് ഷെയ്ൺ വോണിന്റെ റെക്കോര്‍ഡ്
