ഐപിഎല്‍ 2025ലെ കഴിഞ്ഞ ആറ് ഇന്നിംഗ്‌സുകളില്‍ 82 റണ്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് ഓപ്പണറായി രോഹിത് ശര്‍മ്മ കളത്തിലെത്തുമ്പോള്‍ ഹിറ്റ്‌മാന്‍റെ അക്കൗണ്ടിലെ സമ്പാദ്യം ഇത്ര മാത്രമായിരുന്നു
മുംബൈ: ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ശുഭപര്യവസാനം, രോഹിത് ശര്‍മ്മയുടെ കാര്യത്തിലും അത് സംഭവിച്ചിരിക്കുന്നു. വാംഖഡെയുടെ മുറ്റത്ത് വിമര്‍ശനങ്ങള്‍ ഹിറ്റ്‌മാന്‍റെ ഗ്ലൗവണിഞ്ഞ കരങ്ങളാല്‍ തച്ചുടയ്ക്കപ്പെട്ടിരിക്കുന്നു. രോഹിത് ശര്‍മ്മയ്ക്ക് വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഒറ്റ ഇന്നിംഗ്സ് മാത്രം മതിയെന്ന തത്വം വീണ്ടും ക്രീസില്‍ അന്വര്‍ഥമായ നിമിഷങ്ങള്‍. ആരാധകര്‍ കാത്തിരുന്ന ഹിറ്റ്‌മാനിസം വീണ്ടും മൈതാനത്ത് അവതരിച്ച ദിനം. മുംബൈ ഇന്ത്യന്‍സിന്‍റെ വിഖ്യാതമായ നീലക്കുപ്പായത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ മഞ്ഞപ്പടയ്ക്കെതിരെ രോഹിത്തിന്‍റെ വീരോചിതമായ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് ഐപിഎല്ലില്‍ ഇന്നലെ ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
കാലത്തിന് മായ്ക്കാനാവാത്ത പ്രതിഭയുടെ കൈയൊപ്പ്. ഹിറ്റ്‌മാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന രോഹിത് ശര്‍മ്മ വീണ്ടുമൊരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു, 'താനൊരു പ്രതിഭ മാത്രമല്ല, പ്രതിഭാസം കൂടിയാണ്'. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഇതുവരെ പ്രതിഭയുടെ നിഴല്‍ മാത്രമായിരുന്ന രോഹിത് പ്രതാപകാലത്തിലേക്കുള്ള ഉയിര്‍പ്പുപോലെ മുംബൈയിലെ വാംഖഡെയില്‍ അവതരിച്ചു. അതും മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്‍ എല്‍ക്ലാസിക്കോയില്‍ ബന്ധവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ. 45 പന്തുകളില്‍ പുറത്താവാതെ 76* റണ്‍സെടുത്ത ഇന്നിംഗ്‌സുമായി ഹിറ്റ്‌മാന്‍ ഐപിഎല്ലില്‍ 20 പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് പേരിലാക്കുകയും ചെയ്തു. 19 പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ കിംഗ് കോലിയെ പിന്നിലാക്കാനും രോഹിത്തിനായി.
ഐപിഎല്‍ 2025ലെ കഴിഞ്ഞ ആറ് ഇന്നിംഗ്‌സുകളില്‍ 82 റണ്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് ഓപ്പണറായി രോഹിത് ശര്‍മ്മ കളത്തിലെത്തുമ്പോള്‍ ഹിറ്റ്‌മാന്‍റെ അക്കൗണ്ടിലെ സമ്പാദ്യം ഇത്ര മാത്രമായിരുന്നു. സീസണിലെ ആദ്യ നാല് ഇന്നിംഗ്‌സുകളിലാകെ നേടിയത് 38 റണ്‍സാണ്. ഹാര്‍ഡ്‌കോര്‍ ഹിറ്റ്‌മാന്‍ ഫാന്‍സിനെ പോലും നിരാശപ്പെടുത്തുന്ന നമ്പറുകള്‍. എന്നാല്‍ രോഹിത് ശര്‍മ്മയ്ക്ക് ഫോംഔട്ടില്ലെന്നും ഒരൊറ്റ ഇന്നിംഗ്‌സ് മതി അയാള്‍ക്ക് മികവിലേക്ക് മടങ്ങിവരാന്‍ എന്നും മുന്‍ താരങ്ങളില്‍ ചിലരെങ്കിലും പറഞ്ഞത് ശരിയായി. 177 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടിയ സിഎസ്‌കെയ്‌ക്കെതിരെ റയന്‍ റിക്കിള്‍ട്ടണൊപ്പം രോഹിത് തുടക്കത്തിലെ തകര്‍ത്താടി. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ആരാധകര്‍ എന്താണോ ഹിറ്റ്‌മാന്‍റെ ബാറ്റില്‍ നിന്ന് മിസ് ചെയ്തത്, അത് തിരിച്ചുപിടിച്ച പ്രകടനം. നേരിട്ടത് 45 പന്തുകള്‍, വാംഖഡെയുടെ അതിര്‍ത്തിയിലേക്ക് പറഞ്ഞത് 4 ബൗണ്ടറികളും ആറ് സിക്‌സറുകളും. സ്ട്രൈക്ക്റേറ്റ് വിന്‍റേജ് രോഹിത് ശര്‍മ്മയ്ക്ക് മാറ്റ് കൂട്ടുന്ന 168.89.
സിഎസ്‌കെയുടെ 176 റണ്‍സ് രോഹിത് ശര്‍മ്മ നല്‍കിയ മിന്നും തുടക്കത്തിന്‍റെ കരുത്തില്‍ മുംബൈ ഇന്ത്യന്‍സ് 15.4 ഓവറില്‍ മറികടന്നു. മുംബൈക്ക് സ്വന്തം മൈതാനത്ത് 9 വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന വിജയം. ഹിറ്റ്‌മാന്‍ 76 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ 19 പന്തില്‍ 24 റണ്‍സുമായി സഹ ഓപ്പണര്‍ റയന്‍ റിക്കിള്‍ട്ടണും മോശമാക്കിയില്ല. വണ്‍ഡൗണില്‍ സൂര്യകുമാര്‍ യാദവും തന്‍റെ ഹിറ്റിംഗ് ശൈലിയിലേക്ക് തിരിച്ചെത്തി. സ്കൈ വക 30 പന്തുകളില്‍ 6 ഫോറും 5 സിക്‌സറുകളും ഉള്‍പ്പടെ പുറത്താവാതെ 68* റണ്‍സ്. രോഹിത്- സൂര്യ സഖ്യത്തിന്‍റെ 114 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പാണ് വാംഖഡെയില്‍ മുംബൈക്ക് അനായാസ ജയമൊരുക്കിയത്.
ഹിറ്റ്‌മാന്‍റെ കാലം കഴിഞ്ഞുവെന്നും, മതിയായ ഫിറ്റ്‌നസ് ഇല്ലെന്നും, അയാളെ എം എസ് ധോണിയുമായി താരതമ്യപ്പെടുത്തരുത് എന്നും മുറവിളി കൂട്ടുന്ന ആരാധകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് സിഎസ്‌കെയ്‌ക്കെതിരെ രോഹിത് ശര്‍മ്മ പുറത്തെടുത്തത്. മുംബൈ ചേസിംഗിന്‍റെ തുടക്കം മുതല്‍ ബാറ്റിന്‍മേല്‍ നിയന്ത്രണമുള്ള രോഹിത്തിനെ മൈതാനത്ത് ആരാധകര്‍ കണ്ടു. അതിന് തെളിവായി ആ ബാറ്റില്‍ നിന്ന് കുതിച്ച ബൗണ്ടറികളും ഗ്യാലറിയില്‍ വീണുടഞ്ഞ സിക്‌സറുകളും. 259 ഐപിഎല്‍ ഇന്നിംഗ്‌സുകളില്‍ 6786 റണ്‍സുള്ള ബാറ്ററാണ് രോഹിത് ശര്‍മ്മ, ക്യാപ്റ്റന്‍ എന്ന നിലയില്‍ അഞ്ച് കിരീടങ്ങളുള്ള രണ്ടേ രണ്ട് താരങ്ങളിലൊരാളും. ഇനിയും അയാള്‍ എന്ത് തെളിയിക്കാനാണ്. വിന്‍റേജ് ഹിറ്റ്‌മാന്‍റെ ചെന്നൈ വധം പോലുള്ള ഇന്നിംഗ്‌സുകള്‍ മുപ്പത്തിയേഴിന്‍റെ ചുറുചുറുക്കിലും ആസ്വദിക്കുകയല്ലാതെ.
ഓസീസ് മുന്‍താരം മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞത് ശരിയാണ്, ഒരൊറ്റ മികച്ച ഇന്നിംഗ്‌സിന്‍റെ അകലമേയുള്ളൂ രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയിലേക്ക്. ഹിറ്റ്‌മാനെ പോലൊരു ക്രിക്കറ്റ് പ്രതിഭാസങ്ങള്‍ക്ക് മാത്രം കഴിയുന്ന കാര്യം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മൂന്നക്കം രോഹിത്തിന് വേണ്ടിവന്നില്ലെങ്കിലും സെഞ്ചുറിയോളം മികച്ച ഇന്നിംഗ്‌സായി അത്. മുപ്പതോ നാല്‍പ്പതോ റണ്‍സ് പിന്നിട്ടാല്‍ രോഹിത് ശര്‍മ്മ സെഞ്ചുറിയിലേക്കാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്. കഴിഞ്ഞ 12 ഐപിഎല്‍ ഇന്നിംഗ്‌സുകളില്‍ ഒരൊറ്റ ഫിഫ്റ്റി മാത്രം എന്ന പഴി ഒരൊറ്റ ദിനം കൊണ്ട് രോഹിത് ശര്‍മ്മ കഴുകിക്കളഞ്ഞിരിക്കുന്നു. ഇത് അയാളുടെ കാലമാണ് എന്ന് 37-ാം വയസിലും രോഹിത് ശര്‍മ്മയെ കുറിച്ച് വിമര്‍ശകര്‍ക്ക് പോലും സമ്മതിക്കേണ്ടിവരുന്നു.
