2018 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന മുജീബിനെ ഇത്തവണത്തെ ഐപിഎല്‍ മെഗാ താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല.

മുംബൈ: ഐപിഎല്ലില്‍ നിന്ന് പരിക്കുമൂലം പുറത്തായ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ അള്ളാ ഗസന്‍ഫറിന് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. അഫ്ഗാന്‍റെ തന്നെ സ്പിന്നറായ മുജീബ് ഉര്‍ റഹമ്നാനെയാണ് മുംബൈ ഇന്ത്യൻസ് ഗസന്‍ഫറിന് പകരം ടീമിലെത്തിച്ചത്.

2018 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന മുജീബിനെ ഇത്തവണത്തെ ഐപിഎല്‍ മെഗാ താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല. 2018ല്‍ പതിനേഴാം വയസില്‍ പഞ്ചാബ് കിംഗ്സില്‍ കളിച്ച മുജീബിനെ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തിരുന്നെങ്കിലും പരിക്കുമൂലം അവസാന നിമിഷം പിന്‍മാറിയിരുന്നു. കരിയറില്‍ ഇതുവരെ 19 ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ചിട്ടുള്ള മുജീബ് ആകെ 19 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ നാലു സീസണുകളില്‍ കളിച്ച 2018ലെ ആദ്യ സീസണില്‍ 11 മത്സരങ്ങളില്‍ 14 വിക്കറ്റുമായി തിളങ്ങിയിരുന്നു. എന്നാല്‍ 2021നുശേഷം മുജീബിനെ ഐപിഎല്ലില്‍ ഒരു മത്സരം പോലും കളിക്കാനായിട്ടില്ല.

Scroll to load tweet…

ഗസന്‍ഫറിന് മുടക്കിയതിന്‍റെ പകുതി തുകയ്ക്കാണ് മുംബൈ മുജീബിനെ ടീമിലെത്തിച്ചതെന്നതും ശ്രദ്ധേയമാണ്.ഐപിഎല്‍ താരലേലത്തില്‍ 18കാരനായ ഗസന്‍ഫറിനെ കൊല്‍ക്കത്തയുടെയും ആര്‍സിബിയുടെയും ശക്തമായ വെല്ലുവിളി മറികടന്ന് 4.8 കോടി രൂപക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. എന്നാല്‍ മുജീബിനെ രണ്ട് കോടി രൂപക്കാണ് മുംബൈ പകരക്കാരനായി ടീമിലെടുത്തിരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന മുജീബ് ടി20 ക്രിക്കറ്റിലാണ് ഇപ്പോള്‍ ശ്രദ്ധകൊടുക്കുന്നത്.

Scroll to load tweet…

കരിയറില്‍ ഇതുവരം മുന്നൂറോളം ടി20 മത്സരങ്ങളില്‍ കളിച്ച മുജീബ് 6.5 എന്ന മികച്ച ഇക്കോണമിയില്‍ 330 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 22ന് നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് ഇത്തവണ ഐപിഎല്‍ സീസണ് തുടങ്ങുന്നത്. മാര്‍ച്ച് 23ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയായിരിക്കും മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക