നേരത്തെ വേദി സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു

ഓപ്പറേഷൻ സിന്ദൂരിനെ തുടര്‍ന്ന് ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) പഞ്ചാബ് കിംഗ്‌സ് - മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ വേദിയില്‍ മാറ്റം. പഞ്ചാബിന്റെ ഹോം മൈതാനമായ ധരംശാലയിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇത് അഹമ്മദാബാദിലേക്ക് മാറ്റിയതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അനില്‍ പട്ടേലിനെ ഉദ്ധരിച്ചുകണ്ടാണ് റിപ്പോര്‍ട്ട്. മത്സരം 11-ാം തീയതി വൈകുന്നേരം മൂന്നരയ്ക്ക് ആരംഭിക്കും.

നേരത്തെ വേദി സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലേക്കൊ ബ്രാബോണ്‍ സ്റ്റേഡിയത്തിലേക്കൊ മത്സരം മാറ്റിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷേ, ഇത് മുംബൈക്ക് മുൻതൂക്കം നല്‍കാനുള്ള സാധ്യതയായിരുന്നു നിലനിന്നിരുന്നത്. അഹമ്മദാബാദ് വേദിയായി നിശ്ചയിച്ചതോടെ ഇരുടീമുകള്‍ക്കും മുൻതൂക്കം ലഭിക്കാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറി.

ധരംശാലയിൽ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങൾ അവിടെ തന്നെ നടക്കുമെന്നും ടീമുകൾ വേദിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ബദൽ ക്രമീകരണങ്ങൾ തേടുമെന്നും ഇന്ത്യൻ പ്രീമിയർ ലീഗ് ചെയർമാൻ അരുൺ ധുമാൽ പറഞ്ഞിരുന്നു. ലോജിസ്റ്റിക്സ് പ്രശ്നങ്ങളാണ് മുന്നിലുള്ളത്. മത്സരം മാറ്റുന്ന കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും മൂന്ന് തോല്‍വിയുമുള്ള പഞ്ചാബ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അവശേഷിക്കുന്ന എല്ലാ മത്സരവും ജയിക്കുകയാണെങ്കില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഉറപ്പിക്കാനുള്ള സാധ്യതയും പഞ്ചാബിനുണ്ട്. പ്ലേ ഓഫിലേക്ക് കടക്കാൻ മൂന്നില്‍ ഓന്നോ രണ്ടോ മത്സരങ്ങള്‍ ജയിച്ചാല്‍ മതിയാകും.

മറുവശത്ത് മുംബൈയുടെ സ്ഥിതി അല്‍പ്പം പരുങ്ങലിലാണ്. ആറ് തുടര്‍ ജയങ്ങളുമായി എത്തിയശേഷം ഗുജറാത്തിനോടേറ്റ തോല്‍വിയാണ് ഇതിന് കാരണം. രണ്ട് മത്സരം അവശേഷിക്കെ 14 പോയിന്റാണ് മുംബൈക്കുള്ളത്. നാലാം സ്ഥാനത്താണ് ടീം. 

പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ രണ്ട് മത്സരങ്ങളും ജയിക്കണമെന്ന സ്ഥിതിയാണ് മുംബൈക്ക്. രണ്ടിലും പരാജയപ്പെട്ടാല്‍ പുറത്ത് പോകേണ്ടി വരും. ഒന്നില്‍ ജയിക്കുകയാണെങ്കിലും മുംബൈക്ക് സാധ്യതകളുണ്ട്. മറ്റ് മത്സരങ്ങളെ ആശ്രയിച്ചായിരിക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍.