അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴ തുടര്‍ന്നാല്‍ രാത്രി 9.30ന് ശേഷം മാത്രമേ ഓവറുകള്‍ വെട്ടിക്കുറച്ച് തുടങ്ങുകയുള്ളൂ
അഹമ്മദാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് ഭീഷണിയായി അഹമ്മദാബാദില്‍ മഴ. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസുമിട്ട് ഏഴരയ്ക്ക് കളി ആരംഭിക്കാന്‍ ഇരിക്കേയാണ് ശക്തമായ മഴയെത്തിയത്. ഇതോടെ പിച്ച് പൂര്‍ണമായും മൂടുകയും താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. മഴ ആശങ്കയാണെങ്കിലും അഹമ്മദാബാദില്‍ ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ 20 ഓവര്‍ മത്സരം നടക്കാന്‍ ഇനിയുമേറെ സമയം അവശേഷിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. മഴ നീണ്ടാല്‍ രാത്രി 9.30ന് ശേഷം മാത്രമേ ഓവറുകള്‍ വെട്ടിക്കുറച്ച് തുടങ്ങുകയുള്ളൂ. ഒമ്പതരയ്ക്കോ അതിന് മുമ്പോ മത്സരം ആരംഭിച്ചാല്‍ 20 ഓവര്‍ വീതമുള്ള കളി അഹമ്മദാബാദില്‍ അരങ്ങേറും.
മഴ നിന്നാലുടന്‍ കവറുകള്‍ നീക്കം ചെയ്യുകയും സ്റ്റേഡിയം മത്സരത്തിന് സുസജ്ജമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദില്‍ ഗ്രൗണ്ട് സ്റ്റാഫ് നടത്തിവരികയാണ്. അതിനാല്‍ തന്നെ മഴ ക്വാളിഫയര്‍ 2-ന്‍റെ ആവേശം ഒട്ടും കുറയ്ക്കില്ലെന്ന് പ്രതീക്ഷിക്കാം. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുത്തിരുന്നു. മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ്മയും ജോണി ബെയ്‌ര്‍സ്റ്റോയും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.
പ്ലേയിംഗ് ഇലവനുകള്‍
പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, മാര്‍ക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, അസ്മത്തുള്ള ഒമര്‍സായ്, കെയ്‌ല്‍ ജാമീസണ്‍, വിജയകുമാര്‍ വൈശാഖ്, അര്‍ഷ‌്‌ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹല്‍.
ഇംപാക്ട് സബ്: പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രവീണ്‍ ദുബെ, സുയാഷ് ഷെഡ്‌ഗേ, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, ഹര്‍പ്രീത് ബ്രാര്‍.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ജോണി ബെയ്‌ര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്‍റ്‌നര്‍, രാജ് ബാവ, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്‌പ്രീത് ബുമ്ര, റീസ് ടോപ്‌ലി.
ഇംപാക്ട് സബ്: അശ്വനി കുമാര്‍, കൃഷ്‌ണന്‍ ശ്രീജിത്ത്, രഘു ശര്‍മ്മ, റോബിന്‍ മിന്‍സ്, ബെവോണ്‍ ജേക്കബ്‌സ്.


