ജയ്‌പൂരില്‍ അവസാനം നടന്ന രാജസ്ഥാന്‍ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ ഇരു ടീമുകളും 200-ലധികം സ്കോര്‍ ചെയ്തു

ജയ്‌പൂര്‍: ഐപിഎല്ലില്‍ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തില്‍ റണ്ണൊഴുകിയ ജയ്‌പൂരിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ തന്നെയാണ് ഇന്ന് രാജസ്ഥാന് മുംബൈ ഇന്ത്യന്‍സുമായുള്ള അങ്കം. ജയ്പൂ‌രിലെ പിച്ചും സാഹചര്യങ്ങളും പരിശോധിക്കാം. 

സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തിലെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്കോര്‍ 170-180 ആണ്. എന്നാല്‍ ഇവിടെ അവസാനം നടന്ന രാജസ്ഥാന്‍ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ ഇരു ടീമുകളും 200-ലധികം സ്കോര്‍ ചെയ്തു. ബാറ്റിംഗിന് അനുകൂല സാഹചര്യം മത്സരത്തിലുടനീളം കണ്ടു. ജിടി നാല് വിക്കറ്റിന് 209 റണ്‍സെടുത്തപ്പോള്‍ റോയല്‍സ് 15.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ആ സ്കോര്‍ മറികടന്നത്. 38 ബോളുകളില്‍ 101 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയുടെ കരുത്തിലായിരുന്നു രാജസ്ഥാന്‍റെ തേരോട്ടം. അതിനാല്‍ തന്നെ ഇന്നും 200+ സ്കോര്‍ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ പിറന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. മത്സരം തുടങ്ങുമ്പോള്‍ ഏകദേശം 35 ഡിഗ്രി സെല്‍ഷ്യസായിരിക്കും ജയ്‌പൂരിലെ താപനില. ഇത് 29-ലേക്ക് പതിയെ താഴും. മത്സരസമയത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും അത് മത്സരത്തെ ബാധിക്കാന്‍ സാധ്യതയില്ല. 

സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഇതുവരെ 60 ഐപിഎല്‍ മത്സരങ്ങളാണ് നടന്നത്. അതില്‍ 21 കളികളില്‍ ആദ്യം ബാറ്റ് ചെയ്തവരും 39 എണ്ണത്തില്‍ രണ്ടാമത് ബാറ്റ് ചെയ്തവരും വിജയിച്ചു. ഇവിടുത്തെ ഉയര്‍ന്ന ടീം ടോട്ടല്‍ 217 ഉം കുറഞ്ഞത് 29 റണ്‍സുമാണ്. വിരാട് കോലി പുറത്താവാതെ നേടിയ 113 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ജയ്‌പൂരില്‍ മുംബൈ ഇന്ത്യന്‍സ് ഇതുവരെ എട്ട് കളികളില്‍ രണ്ട് ജയം മാത്രമേ നേടിയിട്ടുള്ളൂ. 

സ്വന്തം തട്ടകത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വീണ്ടും ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന്‍റെ കണ്ണുകളെല്ലാം പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയിലാണ്. വൈഭവും മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം ആകാംക്ഷ സൃഷ്ടിക്കുന്നു. ജയ്പൂരില്‍ വെടിക്കെട്ട് മത്സരം കാത്തിരിക്കുകയാണ് ആരാധകര്‍. 10 മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്‍റ് മാത്രമുള്ള രാജസ്ഥാന് ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല. പ്ലേ ഓഫ് സാധ്യതകള്‍ വിദൂരം. തുടര്‍ ജയങ്ങളുമായി കരകയറിയ മുംബൈ ഇന്ത്യന്‍സിന് ഇന്നും ജയിച്ചാല്‍ അത് പ്ലേഓഫ് സാധ്യത നിലനിര്‍ത്തുന്നതില്‍ വന്‍ നേട്ടമാകും. 

Read more: സഞ്ജു കളിക്കുമോ ഇന്ന്? രാജസ്ഥാന്‍ റോയല്‍സ് നിര്‍ണായ പോരില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം