എല്ലാ വിദേശതാരങ്ങളുടേയും സാന്നിധ്യം ടൂര്‍ണമെന്റിന്റെ കലാശക്കൊട്ടുവരെയുണ്ടാകില്ലെങ്കിലും പ്ലേഓഫ് വരെ ഉറിപ്പിക്കാനാകും

ആശങ്കയുടെ മറകളെല്ലാം നീക്കി ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ പതിനെട്ടാം സീസണ്‍ പുനരാരംഭിക്കുകയാണ്. മത്സരക്രമം പുനക്രമീകരിച്ചതോടെ വെല്ലുവിളിയായി അന്താരാഷ്ട്ര മത്സരങ്ങള്‍ എത്തിയിരുന്നു. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പര എന്നിവയാണ് പ്രധാനമായും ഫ്രാഞ്ചൈസികള്‍ക്കും താരങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചത്. 

എല്ലാ വിദേശതാരങ്ങളുടേയും സാന്നിധ്യം ടൂര്‍ണമെന്റിന്റെ കലാശക്കൊട്ടുവരെയുണ്ടാകില്ലെങ്കിലും പ്ലേഓഫ് വരെ ഉറിപ്പിക്കാനാകും. താല്‍ക്കാലിക പകരക്കാരെയെത്തിച്ച് പരിഹാരം കാണാൻ ടീമുകള്‍ക്കായിട്ടുണ്ട്. ആരൊക്കെ നിൽക്കും, ആരോക്കെ പോകും, ആരോക്കെ വരും എന്നറിയാം.

ചെന്നൈ സുപ്പര്‍ കിങ്സിന്റെ വിദേശതാരങ്ങളായ നൂ‍ര്‍ അഹമ്മദ്, മതീഷ പതിരാന, ഡിവാള്‍ഡ് ബ്രെവിസ്, ഡെവോണ്‍ കോണ്‍വെ എന്നിവര്‍ ടീമിനൊപ്പമുണ്ടാകും. ജേമി ഓവര്‍ട്ടണ്‍, സാം കറൻ, രചിൻ രവീന്ദ്ര, നാഥാൻ എല്ലിസ് തുടങ്ങിയവര്‍ ഭാഗമാകില്ല. ഓവര്‍ട്ടണ്‍ വിൻഡീസിനെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന - ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമിലിടം നേടിയിട്ടുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കുണ്ടാകില്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഓസ്ട്രേലിയൻ ടീമിലെ നിര്‍ണായക താരമാണ് സ്റ്റാര്‍ക്ക്. ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റൻ സ്റ്റബ്‌സ് ലീഗ് ഘട്ടത്തിന് ശേഷം ദേശീയ ടീമിനൊപ്പം ഫൈനലിനായി ചേരും. ഫാഫ് ഡുപ്ലെസിസും ചമീരയും ഡല്‍ഹിക്കൊപ്പമുണ്ടാകും. ജേക്ക് ഫ്രേസര്‍ മക്‌ഗൂര്‍ക്കിന് പകരം മുസ്തഫിസൂര്‍ റഹ്മാനാണ് ടീമിലെത്തിയിരിക്കുന്നത്.

ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലറും ദക്ഷിണാഫ്രിക്കയുടെ കഗിസൊ റബാഡയും ലീഗ് ഘട്ടത്തില്‍ ഗുജറാത്തിനായി കളത്തിലിറങ്ങും. ശേഷം ദേശീയ ടീമിലേക്ക് മടങ്ങും. ബട്ട്ലറിന് പകരം കുശാല്‍ മെൻഡിസിനെ ടീമിലെത്തിച്ചു. റുഥര്‍ഫോ‍ര്‍ഡ്, റാഷിദ് ഖാൻ, ദാസുൻ ഷനക, ജെറാള്‍ഡ് കോറ്റ്സി, കരിം ജന്നത്ത് എന്നിവര്‍ ഐപിഎല്‍ പൂര്‍ത്തിയാക്കും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരയില്‍ ഇംഗ്ലണ്ട് താരം മൊയീൻ അലിയും വിൻഡീസിന്റെ റോവ്‌മാൻ പവലുമൊഴികെയുള്ള എല്ലാ വിദേശതാരങ്ങളും തുടരുമെന്നാണ് സൂചന. 

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ പ്രോട്ടീയാസിനുവേണ്ടിയിറങ്ങുന്ന എയിഡൻ മാര്‍ക്രം ലക്നൗ സൂപ്പര്‍ ജയന്റ്സിനൊപ്പം ലീഗ് ഘട്ടം വരെ മാത്രമെ ഉണ്ടാകുകയുള്ളു. വെസ്റ്റ് ഇൻഡീസിന്റെ ഷമാര്‍ ജോസഫ് ഒഴികെയുള്ള മറ്റ് വിദേശതാരങ്ങളുടെ സേവനം റിഷഭ് പന്തിനുണ്ടാകും.

ദക്ഷിണാഫ്രിക്കൻ താരങ്ങളായ റിയാൻ റിക്കല്‍ട്ടണും കോര്‍ബിൻ ബോഷും ദേശീയ ടീമിന്റെ ഭാഗമാണ്. അതിനാല്‍ ലീഗ് ഘട്ടം വരെ മാത്രമായിരിക്കും ഇരുവരും മുംബൈ ഇന്ത്യൻസിനൊപ്പമുണ്ടാകുക. ഇംഗ്ലണ്ട് ടീമിലിടം നേടിയ വില്‍ ജാക്‌സാണ് മറ്റൊരു അസാന്നിധ്യം. ജാക്‌സിന് പകരം ജോണി ബെയര്‍സ്റ്റോയും റിക്കല്‍ട്ടണ് പകരം റിച്ചാര്‍ഡ് ഗ്ലീസനും ടീമിനൊപ്പം ചേരുമെന്നാണ് വിവരം. മറ്റ് വിദേശതാരങ്ങള്‍ ട‍ൂര്‍ണമെന്റ് പൂര്‍ത്തിയാക്കും.

പഞ്ചാബ കിംഗ്‌സില്‍ മിച്ചല്‍ ഓവൻ, അസ്തമത്തുള്ള ഒമര്‍സായ്, മാര്‍ക്കൊ യാൻസണ്‍ എന്നിവര്‍ പ്ലേ ഓഫിനുണ്ടാകില്ല. ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, ആരോണ്‍ ഹാര്‍ഡി എന്നിവരുടെ കാര്യത്തില്‍ വ്യക്തയില്ല. ലോക്കി ഫെര്‍ഗൂസണ് പകരം കെയില്‍ ജാമിസണ്‍ ടീമിനൊപ്പമെത്തി.

രാജസ്ഥാൻ റോയല്‍സിനായി ജോഫ്ര ആര്‍ച്ചറും നന്ദ്രെ ബര്‍ഗറും ഒഴികെയുള്ള എല്ലാവരും കളിക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ മുഴുവൻ വിദേശ താരങ്ങളും സീസണ്‍ പൂര്‍ത്തിയാക്കും. 

ബെംഗളൂരുവിനായി ഇംഗ്ലണ്ട് യുവതാരം ജേക്കബ് ബെഥലും ദക്ഷിണാഫ്രിക്കയും ലുങ്കി എൻഗിഡിയും പ്ലേ ഓഫിനുണ്ടാകില്ല. ജോഷ് ഹേസല്‍വുഡിന്റെ കാര്യത്തില്‍ വ്യക്തതയില്ല. മറ്റ് വിദേശതാരങ്ങളെല്ലാം കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.