ഒരു സുപ്രധാന നിമിഷത്തിലാണ് കരുണിന്റെ ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരവ്
ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യ എയുടെ സ്ക്വാഡ് ബിസിസിഐ പുറത്തുവിടുകയാണ്. പരീക്ഷാഫലം കാത്തിരിക്കുന്ന കുരുന്നിനെപ്പോലെ ആ പട്ടികയില്‍ തന്റെ പേരുണ്ടോയെന്ന് അയാള്‍ പരതിയിട്ടുണ്ടാകണം. ഇന്നില്ലെങ്കില്‍ മറ്റൊരിക്കലുമില്ല എന്ന തോന്നല്‍ ആ നിമിഷത്തിന് മുൻപ് ഉണ്ടായിരിക്കണം. നിരാശയുടെ നാളുകളിലേക്ക് തള്ളിവിടാൻ അയാളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് ഇത്തവണ അവസരമൊരുക്കിയില്ല. ക്രിക്കറ്റ് ആ വിളി കേട്ടിരിക്കുന്നു. എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യൻ സ്ക്വാഡില്‍ കരുണ്‍ നായരിന്റെ പേര്.
ഒരു നൂറ്റാണ്ടോളമാകുന്ന ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ട് ഇന്ത്യക്കാരിലൊരാളായിട്ടും ഒരു തിരിച്ചുവരവ് അയാളില്‍ നിന്ന് പലപ്പോഴും പറിച്ചെടുക്കപ്പെട്ടു. അവസാനമായി കരുണ്‍ ടെസ്റ്റില്‍ പാഡണിഞ്ഞത് 2017 മാര്‍ച്ച് അവസാന വാരമാണ്, ഇന്ന് കരുണിനൊപ്പം ടീമിലുള്‍പ്പെട്ട പലരും അണ്ടര്‍ 19 വിഭാഗത്തിനടുത്തുപോലും അന്ന് എത്തിയിട്ടില്ലെന്ന് ഓര്‍ക്കണം. എങ്കിലും ഈ തിരിച്ചുവരവിന് മധുരമുണ്ട്.
ഒരു സുപ്രധാന നിമിഷത്തിലാണ് കരുണിന്റെ ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരവ്. രാജാവും ഹിറ്റ്മാനും പടിയിറങ്ങിയിരിക്കുന്നു. പുതുതലമുറയുടെ കാലഘട്ടത്തിലേക്ക് ചുവടുവെച്ചിരിക്കുന്നു. രണ്ട് അതികായരുടെ വിടവ് നികത്താനുണ്ട്. 1989ന് ശേഷം ആദ്യമായി സച്ചിൻ തെൻണ്ടുല്‍ക്കറോ വിരാട് കോലിയോ ഇല്ലാതെ ഇന്ത്യയൊരു ഇംഗ്ലണ്ട് പര്യടനത്തിന് ഇറങ്ങുകയാണ്. ഇത് അത്ര ശുഭകരമായ ഒന്നല്ലെന്ന് അറിയാമല്ലോ.
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ മധ്യനിരയിലേക്ക് കണ്ണോടിച്ചാല്‍ അവിടെ പരിചയസമ്പത്തിന്റെ കസേര ഒഴിഞ്ഞുകിടക്കുന്നതുകാണാനാകും. രോഹിതിന്റെ അഭാവം നികത്താൻ കെ എല്‍ രാഹുലിന് കഴിഞ്ഞു. കോലിയുടെ അസാന്നിധ്യത്തിന് പരിഹാരമാകാൻ കരുണിന് സാധിച്ചേക്കും. കാരണം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കരുണിന്റെയത്ര മികച്ച റെക്കോര്‍ഡുള്ള മറ്റൊരുതാരം സാധ്യതാ സംഘത്തിലില്ല എന്നതുകൊണ്ട് തന്നെ. രാഹുല്‍ പോലും കരുണിന് പിന്നിലാണ്.
പരിചയസമ്പത്തിന്റെ കോളത്തിനൊപ്പം കരുണിന് അനുകൂലമായ മറ്റൊന്ന് ഇംഗ്ലീഷ് വിക്കറ്റുകളിലെ അനുഭവമാണ്. ഇന്ത്യൻ ബാറ്റര്‍മാര്‍ പലപ്പോഴും തിരിഞ്ഞുനടക്കേണ്ടി വന്ന മൈതാനങ്ങളില്‍ കരുണ്‍ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പില്‍ നോര്‍ത്താംപ്റ്റൻഷയറിനായി 13 കളികളില്‍ നിന്ന് 985 റണ്‍സ് നേടിയിരുന്നു, ശരാശരി 69 ആണ് താരത്തിന്റേത് എന്നതും ടീമിലേക്കുള്ള സാധ്യത വര്‍ധിപ്പിച്ചു.
ഇതിനെല്ലാം കാരണമായത് അസാധാരണമായ കരുണിന്റെ സ്ഥിരതയായിരുന്നു. രഞ്ജി ട്രോഫിയിലേയും വിജയ് ഹസാരെ ട്രോഫിയിലേയും താരത്തിന്റെ പ്രകടനത്തിലേക്ക് നോക്കാം. രഞ്ജിയില്‍ ഒൻപത് മത്സരങ്ങളില്‍ നിന്ന് 863 റണ്‍സ്. നാല് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ ശതകവും പേരിലുണ്ട്. നിര്‍ണായകമായ സെഞ്ച്വറി വന്നത് കേരളത്തിനെതിരായ ഫൈനലിലും. ബിഗ് മാച്ച് പ്ലെയറെന്ന രീതിയിലും ഇതോടെ പേരെടുക്കാൻ കരുണിനായി.
രഞ്ജിയിലേക്കാള്‍ മികച്ച ഫോമിലായിരുന്നു കരുണ്‍ വിജയ് ഹസാരെയില്‍. ഫോം ഓഫ് ഹിസ് ലൈഫ് എന്ന് തന്നെ പറയാം. ഒൻപത് മത്സരങ്ങള്‍ 779 റണ്‍സ്. അഞ്ച് സെഞ്ച്വറി. 124 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ കരുണിന്റെ ശരാശരിയാണ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ആകര്‍ഷിച്ചത്. 389.50 ആയിരുന്നു ടൂര്‍ണമെന്റിലെ താരത്തിന്റെ ശരാശരി. രണ്ട് തവണ മാത്രമാണ് കരുണിനെ എതിരാളികള്‍ക്ക് പുറത്താക്കാൻ പോലും കഴിഞ്ഞത്.
വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിലേക്ക് കരുണിനെ എത്തിച്ചേക്കുമെന്ന് പോലും കരുതിയിരുന്നു. പക്ഷേ, അതുണ്ടായില്ല. ഇന്ത്യ എ സംഘത്തില്‍ ഉള്‍പ്പെട്ടതുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടക്കം സാധ്യമാകുമോ. കാന്റര്‍ബറിയും നോര്‍ത്താംപ്റ്റനും ബെക്കൻഹാമും ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളില്‍ കരുണ്‍ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ ആവര്‍ത്തിക്കേണ്ടതുണ്ട്. ഐപിഎല്ലില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസറായ ജസ്പ്രിത് ബുംറയെ അനായാസം ഗ്യാലറികളിലേക്ക് നിക്ഷേപിച്ച് തുടങ്ങിയ കരുണിന്റെ പിന്നീടുള്ള പ്രകടനം നിറം മങ്ങിയിരുന്നു.
ഇന്ത്യ വലിയൊരു അഴിച്ചുപണിക്ക് തയാറാകുന്ന സാഹചര്യത്തില്‍ ടീമിലുള്‍പ്പെട്ടവര്‍ക്കെല്ലാം മൂന്ന് മത്സരങ്ങളും നിര്‍ണായകമാണ്. മികച്ച പ്രകടനങ്ങള്‍ക്ക് ടീമിലെ സ്ഥിരസ്ഥാനമായിരിക്കാം റിവാര്‍ഡ്.


