കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ഇത്തവണ താരലേലത്തിന് മുമ്പ് കൂടുതല്‍ കളിക്കാരെ കൈവിടുക എന്നാണ് സൂചന.
മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 15ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 13- മുതല്‍ 15 വരെയുള്ള തിയതികളിലൊന്നിലായിരിക്കും താരലേലം നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങലെ ഉദ്ധരിച്ച് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തവണ മെഗാ താരലേലത്തിന് സൗദി അറേബ്യ വേദിയായതുപോലെ ഇത്തവണ വിദേശത്ത് താരലേലം നടക്കാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. താരലേലത്തിന് മുമ്പ് ടീമുകള്‍ക്ക് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാ തീയതി നവംബര്‍ 15 ആയിരിക്കും.
കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ഇത്തവണ താരലേലത്തിന് മുമ്പ് കൂടുതല്‍ കളിക്കാരെ കൈവിടുക എന്നാണ് സൂചന. ദീപക് ഹൂഡ, വിജയ് ശങ്കര്‍, രാഹുല്‍ ത്രിപാഠി, സാം കറന്‍, ഡെവോണ്‍ കോൺവെ തുടങ്ങിയ അഞ്ച് താരങ്ങളെ ചെന്നൈ ലേലത്തിന് മുമ്പ് കൈവിട്ടേക്കുമെന്നാണ് കരുതുന്നത്. രവിചന്ദ്രൻ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പേഴ്സില്‍ 9.75 കോടി രൂപ അധികമായി ലഭിക്കും.
രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്ന് ക്യാപ്റ്റൻ സഞ്ജു സാംസണെ ചെന്നൈ ടീമിലെത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലേലത്തിന് മുമ്പ് പരസ്പര ധാരണപ്രകാരമുള്ള ട്രേഡിലൂടെ സഞ്ജുവിനെ ടീമിലെത്തിക്കാനുള്ള ചെന്നൈയുടെ ശ്രമം വിജയിച്ചിരുന്നില്ല. അതേസമയം, രാജസ്ഥാന്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാരായ വാനിന്ദു ഹസരങ്കയെയും മഹീഷ തീക്ഷണയെയും കൈവിട്ടേക്കുമെന്ന് സൂചനകളുണ്ടെങ്കിലും ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗാക്കര വീണ്ടും മുഖ്യപരിശീലകനാവുന്ന സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത വിരളമാണ്.
പുതിയ ടീമില്‍ ചേക്കേറാന്‍ ഒട്ടേറെ താരങ്ങള്‍
ടി നടരാജന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആകാശ്ദീപ്, മായങ്ക് യാദവ്, ഡേവിഡ് മില്ലര്‍ എന്നിവര്‍ക്ക് പുറമെ 23.75 കോടി മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ വെങ്കടേഷ് അയ്യരും ഇത്തവണ പുതിയ ടീമുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിക്കുമാറി തിരിച്ചെത്തിയ ഓസ്ട്രേലിയൻ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനായിരിക്കും ഇത്തവണ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടാകുക എന്നാണ് കരുതുന്നത്.


