വീണ്ടുമൊരു ഐപിഎൽ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ വിവിധ ഫ്രാഞ്ചൈസികൾ കണക്കുകൾ കൂട്ടിയും കിഴിച്ചും നോക്കുകയാണ്. ഈ സമയത്ത്, മുൻ വര്‍ഷങ്ങളിലെ ചില വിലകൂടിയ താരങ്ങളെ പരിചയപ്പെടാം. 

ഐപിഎൽ മത്സരങ്ങളെ പോലെ തന്നെ വീറും വാശിയും നിറഞ്ഞവയാണ് ഐപിഎല്ലിലെ മിനി ലേലങ്ങൾ. ഓരോ വര്‍ഷവും കിരീടം ലക്ഷ്യമിട്ട് ഫ്രാഞ്ചൈസികൾ പുതിയ താരങ്ങളെ സ്വന്തം തട്ടകത്തിലെത്തിച്ച് ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കാറുണ്ട്. ഫ്രാഞ്ചൈസികൾ കണ്ണുവെയ്ക്കുന്ന താരങ്ങള്‍ക്ക് വേണ്ടിയുള്ള കണക്കുകൾ കൂട്ടിയും കിഴിച്ചും നോക്കുന്നതോടെ അത് ലേല യുദ്ധത്തിലേയ്ക്ക് തന്നെ വഴി മാറാറുണ്ട്. ഐപിഎൽ 2026 സീസണിലേയ്ക്ക് കാമറൂൺ ​ഗ്രീനിനെ 25.20 കോടി എന്ന ഭീമമായ തുകയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി കഴിഞ്ഞു. സമാനമായ രീതിയിൽ മുൻ മിനി ലേലങ്ങളിൽ കത്തിക്കയറിയ ചില താരങ്ങളുണ്ട്. അവര്‍ ആരെല്ലാമാണെന്ന് നോക്കാം.

മിച്ചൽ സ്റ്റാർക്ക് - 24.75 കോടി (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, 2024)

ഓസ്ട്രേലിയൻ പേസ് നിരയുടെ കുന്തമുനയായ മിച്ചൽ സ്റ്റാര്‍ക്കാണ് ​ഗ്രീനിന് മുമ്പ് ഐപിഎൽ മിനി ലേലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടിയ താരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 2024ൽ 24.75 കോടി രൂപയ്ക്കാണ് സ്റ്റാർക്കിനെ സ്വന്തം പാളയത്തിലെത്തിച്ചത്. ഇന്നിംഗ്‌സിന്റെ ഏത് ഘട്ടത്തിലും യോർക്കറുകൾ എറിയാനും വേഗത്തിൽ പന്തെറിയാനുമുള്ള സ്റ്റാർക്കിന്റെ കഴിവിനാണ് കെകെആർ അന്ന് വിലയിട്ടത്. ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ഫ്രാഞ്ചൈസികളോട് ഏറ്റുമുട്ടിയാണ് കൊൽക്കത്ത സ്റ്റാർക്കിനെ സ്വന്തമാക്കിയത്. 2024 ന് മുമ്പ് സ്റ്റാർക്ക് അവസാനമായി ഐ‌പി‌എല്ലിൽ കളിച്ചത് 2015ലായിരുന്നു (ആർസിബി) എന്നതാണ് ശ്രദ്ധേയം.

ഈ സീസണിന്റെ തുടക്കത്തിൽ സ്റ്റാർക്ക് റൺസ് വിട്ടുകൊടുത്തെങ്കിലും നിർണായകമായ ക്വാളിഫയർ 1ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 34 റൺസിന് 3 വിക്കറ്റ് വീഴ്ത്തി സ്റ്റാർക്ക് പ്രതീക്ഷ കാത്തു. ഫൈനലിൽ ഹൈദരാബാദിനെ വീണ്ടും പരാജയപ്പെടുത്തി കെകെആർ അവരുടെ മൂന്നാം ഐപിഎൽ കിരീടം നേടുമ്പോൾ 14 റൺസിന് 2 വിക്കറ്റ് നേടിയ സ്റ്റാർക്ക് ഒരിക്കൽക്കൂടി സ്റ്റാറായി മാറി.

പാറ്റ് കമ്മിൻസ് - 20.50 കോടി (സൺറൈസേഴ്സ് ഹൈദരാബാദ്, 2024)

മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ഐപിഎൽ ലേല ചരിത്രത്തിൽ 20 കോടി രൂപ മറികടന്ന ആദ്യ കളിക്കാരനായി പാറ്റ് കമ്മിൻസ് മാറിയിരുന്നു. 2022ൽ മുംബൈ ഇന്ത്യൻസിനെതിരെ 14 പന്തിൽ നേടിയ അർദ്ധസെഞ്ച്വറി ഉൾപ്പെടെ, കമ്മിൻസിന്റെ ഓൾ റൗണ്ട് മികവും ക്യാപ്റ്റൻസിയും ലേലത്തിൽ ഏറെ ശ്രദ്ധേയമായി മാറി. മുംബൈ, ചെന്നൈ, ബെം​ഗളൂരു, ഹൈദരാബാദ് എന്നിവർ കമ്മിൻസിന് വേണ്ടി രം​ഗത്തെത്തി. വില പത്ത് കോടി കടന്നു. ലേലത്തിൽ ആസ്തിയുടെ ഭൂരിഭാഗവും കാലിയാകുമെന്ന് ഉറപ്പായിട്ടും ആർ‌സി‌ബിയും ഹൈദരാബാദും മുന്നോട്ട് പോകുകയും ഒടുവിൽ ഹൈദരാബാദ് കമ്മിൻസിനെ സ്വന്തമാക്കുകയുമായിരുന്നു.

2024 ലെ ഐ‌പി‌എൽ സീസണിൽ കമ്മിൻസിന്റെ പ്രകടനം ​ഗംഭീരമായിരുന്നു. 9.27 എന്ന എക്കണോമിയിൽ 18 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി. 2016 ന് ശേഷം ആദ്യമായി സൺറൈസേഴ്സിനെ ഫൈനലിലേയ്ക്ക് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

സാം കറൻ - 18.50 കോടി (പഞ്ചാബ് കിം​ഗ്സ്, 2023)

ഇടംകൈയ്യൻ സീം ബൗളിംഗും ലോവർ ഓർഡർ ഹിറ്റിംഗും സാം കറൻ എന്ന യുവ താരത്തെ 2023ലെ മിനി ലേലത്തിൽ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരുന്നു. 2022 ടി20 ലോകകപ്പിൽ പ്ലെയർ-ഓഫ്-ദി-ടൂർണമെന്റ് അവാർഡ് കൂടി സ്വന്തമാക്കിയതാണ് സാം കറനെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികളെ പ്രേരിപ്പിച്ചത്. ചെന്നൈ സൂപ്പർ കിം​ഗ്സിൽ ഓപ്പണിം​ഗ് ബൗളറായും ബാറ്ററായും മോശമല്ലാത്ത രീതിയിൽ തിളങ്ങിയ കറനെ സ്വന്തമാക്കാനായി മുംബൈ, കൊൽക്കത്ത, ചെന്നൈ, പഞ്ചാബ് എന്നീ ഫ്രാഞ്ചൈസികളാണ് രം​ഗത്തുണ്ടായിരുന്നത്. ചെന്നൈ 11.75 കോടി വരെ പോയെങ്കിലും പഞ്ചാബ് കിംഗ്‌സ് 15.25 കോടിക്ക് താരത്തെ സ്വന്തമാക്കുകയായിരുന്നു. 2023 ലെ ഐ‌പി‌എല്ലിൽ സാം കറൻ എന്ന ബൗളർ ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തത്. എന്നാൽ, ബാറ്റിംഗിൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചു. 135.96 സ്ട്രൈക്ക് റേറ്റിൽ 276 റൺസ് അദ്ദേഹം സ്വന്തമാക്കി.

കാമറൂൺ ഗ്രീൻ - 17.50 കോടി (മുംബൈ ഇന്ത്യൻസ്, 2023)

സാം കറന് വേണ്ടി ലേലം കൊടുമ്പിരി കൊള്ളുമ്പോൾ മറ്റൊരു ഓൾറൗണ്ടർക്കും ആവശ്യക്കാർ ഏറെയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ വേ​ഗത്തിൽ ശ്രദ്ധേയനായ ഓസ്ട്രേലിയക്കാരൻ കാമറൂൺ ​ഗ്രീൻ. 2022 ലെ ഐ‌പി‌എല്ലിന് മുമ്പ് ഹാർദിക് പാണ്ഡ്യയെ വിറ്റഴിച്ച മുംബൈ, ഗ്രീനിന് വേണ്ടി ശക്തമായി രം​ഗത്തുണ്ടായിരുന്നു. ബെം​ഗളൂരുവും ​ഗ്രീനിന് വേണ്ടി ഉറച്ചുനിന്നതോടെ ലേലം വാശിയേറിയതായി മാറി. ആദ്യം വില 7 കോടി രൂപയായി ഉയർന്നു. അവസാനം 17.50 കോടി രൂപയ്ക്ക് മുംബൈ ​ഗ്രീനിനെ സ്വന്തം തട്ടകത്തിലെത്തിച്ചു.

ഈ സീസണിൽ ഗ്രീൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 50.22 ശരാശരിയിൽ 452 റൺസാണ് ​ഗ്രീൻ അടിച്ചെടുത്തത്. 160.28 എന്ന ​ഗംഭീരമായ സ്ട്രൈക്ക് റേറ്റും അദ്ദേഹം സ്വന്തമാക്കി. സൺറൈസേഴ്സിനെതിരെ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയെ ​ഗ്രീൻ നേടിയ തകർപ്പൻ സെഞ്ച്വറിയാണ് പ്ലേഓഫിലേക്ക് എത്തിച്ചത്.

ബെൻ സ്റ്റോക്സ് - 16.25 കോടി (ചെന്നൈ സൂപ്പർ കിം​ഗ്സ്, 2023)

ഇം​ഗ്ലണ്ടിന്റെ സൂപ്പർ താരം ബെൻ സ്റ്റോക്സാണ് മിനി ലേലത്തിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. റൈസിംഗ് പൂനെ സൂപ്പർജയന്റ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള ഇംഗ്ലണ്ട് ഓൾറൗണ്ടർ പുതിയൊരു ക്യാപ്റ്റന്റെ ആവശ്യമുള്ള ഫ്രാഞ്ചൈസികളുടെ 'നോട്ടപ്പുള്ളി'യായിരുന്നു. അതിനാൽ ബെം​ഗളൂരു, രാജസ്ഥാൻ, ലക്നൗ, സൺറൈസേഴ്സ് എന്നീ ഫ്രാഞ്ചൈസികൾ ശക്തമായി രം​ഗത്തെത്തി. ലേലം 15.25 കോടിയിലെത്തിയ അവസാന നിമിഷത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് കടന്നുവരികയും അദ്ദേഹത്തെ സ്വന്തമാക്കുകയുമായിരുന്നു.

നിർഭാ​ഗ്യവശാൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് സീസണിൽ ചെന്നൈയ്ക്ക് വേണ്ടി വെറും രണ്ട് മത്സരങ്ങൾ മാത്രമാണ് സ്റ്റോക്സിന് കളിക്കാനായത്. ആകെ നേടിയത് 15 റൺസ്. ഒരു ഓവർ മാത്രമാണ് അദ്ദേഹം ബൗൾ ചെയ്തത്. ഇതിനു ശേഷം താരം ഐ‌പി‌എല്ലിൽ കളിച്ചിട്ടില്ല.

ക്രിസ് മോറിസ് - 16.25 കോടി (രാജസ്ഥാൻ റോയൽസ്, 2021)

വേ​ഗത്തിൽ പന്തെറിയാനും അതിവേ​ഗത്തിൽ റൺസ് അടിച്ചെടുക്കാനും കഴിവുള്ള താരങ്ങളെ ഏത് ടീമാണ് ആ​ഗ്രഹിക്കാത്തത്. ക്രിസ് മോറിസ് എന്ന താരത്തിൽ വിവിധ ഫ്രാഞ്ചൈസികൾ കണ്ണ് വെയ്ക്കാനുള്ള കാരണവും ഇതുതന്നെയായിരുന്നു. 140 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ പന്തെറിയാനും ലോവർ ഓർഡറിൽ വേഗത്തിൽ റൺസ് നേടാനും കഴിയുന്ന താരത്തെ ലേലത്തിന് മുമ്പ് ബെം​ഗളൂരു കൈവിട്ടിരുന്നു. എന്നാൽ, ലേലത്തിൽ വീണ്ടും താരത്തെ സ്വന്തമാക്കാൻ ബെം​ഗളൂരു മുന്നിട്ടിറങ്ങി. മുംബൈയുമായി ശക്തമായ ലേലം വിളി നടന്നെങ്കിലും അവസാനം രാജസ്ഥാൻ റോയൽസാണ് മോറിസിനെ ടീമിലെത്തിച്ചത്. അക്കാലത്ത് ഐ‌പി‌എല്ലിലെ ഏറ്റവും വലിയ തുകയ്ക്കായിരുന്നു രാജസ്ഥാൻ മോറിസിനെ സ്വന്തമാക്കിയത്.

ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് മോറിസ് 9.17 എന്ന ഇക്കണോമിയിൽ 15 വിക്കറ്റുകൾ വീഴ്ത്തി. പുറത്താകാതെ 36 റൺസ് നേടിയ ഒരു ഇന്നിംഗ്സ് ഒഴികെ അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനം അത്ര മികച്ചതായിരുന്നില്ല. മുൻകാലങ്ങളിലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അദ്ദേഹത്തിന്റെ മോശം സീസണായിരുന്നു എന്ന് തന്നെ പറയാം.