24 മണിക്കൂറിനിടെ രണ്ട് മത്സരങ്ങളില്‍ ഗ്ലൗ മാറ്റവുമായി ബന്ധപ്പെട്ട് അമ്പയര്‍മാരുടെ തീരുമാനത്തിലുണ്ടായ ഇരട്ടനീതിയാണ് വിവാദത്തിന്റെ അടിസ്ഥാനം

മുംബൈ ഇന്ത്യൻസിന് മാത്രം എന്താണ് ഇത്ര പ്രത്യേകത. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മുംബൈ ഇന്നിങ്സിലെ 12-ാം ഓവര്‍ കണ്ട ക്രിക്കറ്റ് ആരാധാകര്‍ ഒരേ സ്വരത്തില്‍ ചോദിച്ച ചോദ്യമാണിത്. ഒന്നല്ല, രണ്ട് തവണ. ‍കാരണം ഗ്ലൗ മാറ്റവുമായി ബന്ധപ്പെട്ട് അമ്പയര്‍മാരുടെ തീരുമാനത്തിലുണ്ടായ ഇരട്ടനീതിയായിരുന്നു. 24 മണിക്കൂര്‍ മുൻപ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം ട്രിസ്റ്റൻ സ്റ്റബ്‌സിന് വിലക്കും മുംബൈ നായകൻ ഹാര്‍ദിക്ക് പാണ്ഡ്യക്ക് അനുമതിയും. രണ്ട് സാഹചര്യങ്ങളും നയിച്ചിരിക്കുന്നത് വലിയ വിമര്‍ശനങ്ങളിലേക്കും വിവാദത്തിലേക്കുമാണ്.

ചെന്നൈ സൂപ്പര്‍ കിങസ് - ഡല്‍ഹി മത്സരത്തിലെ 19-ാം ഓവറിലായിരുന്നു സ്റ്റബ്‌സിനുണ്ടായ അനുഭവം. മത്സരത്തിലെ നിര്‍ണായകമായ ഓവര്‍, ഡല്‍ഹിക്ക് ജയിക്കാൻ 12 പന്തില്‍ 32 റണ്‍സ്. 36 പന്തില്‍ 60 റണ്‍സുമായി സ്റ്റബ്‌സ് ചെന്നൈയുടെ വിജയം തട്ടിയെടുക്കാൻ ഒരുങ്ങുകയായിരുന്നു. ചെന്നൈ ബൗളര്‍മാരേക്കാള്‍ വലിയ പ്രതിസന്ധിയായിരുന്നു ചെന്നൈയിലെ കാലാവസ്ഥ. കടുത്ത ചൂടില്‍ ക്രീസില്‍ തുടരാനായി സ്റ്റബ്‌സ് ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. വിയര്‍പ്പ് മൂലം ഗ്രിപ്പ് നഷ്ടപ്പെട്ടതോടെയാണ് ഓവറിലെ രണ്ടാം പന്തിന് ശേഷം ഗ്ലൗ മാറ്റാൻ സ്റ്റബ്‌സ് അമ്പയറോട് അനുവാദം തേടിയത്.

എന്നാല്‍ ഫോര്‍ത്ത് അമ്പയര്‍ ഗ്ലൗവുമായി മൈതാനത്ത് ചെല്ലാൻ ഡല്‍ഹി താരങ്ങളെ അനുവദിക്കാതിരിക്കുകയും സ്റ്റബ്സിന്റെ ആവശ്യം നിരാകരിക്കുകയും ചെയ്തു. ഇത് ഫോ‍ര്‍ത്ത് അമ്പയറും ഡല്‍ഹി താരങ്ങളായ നിതീഷ് റാണ, കരുണ്‍ നായര്‍ എന്നിവരുമായുള്ള കടുത്ത വാക്കേറ്റത്തിലേക്കും നയിച്ചു. ഡല്‍ഹി പരിശീലകൻ ഹേമങ് ബദാനിയും താരങ്ങള്‍ക്കൊപ്പം ചേര്‍ന്നു. കടുത്ത സമ്മര്‍ദമുണ്ടായിട്ടും അമ്പയര്‍ തന്റെ തീരുമാനം തിരുത്താൻ തയാറായില്ല.

തൊട്ടടുത്ത പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച സ്റ്റബ്‌സ് പുറത്താകുകയും ചെയ്തു. നൂര്‍ അഹമ്മദിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം, ജേമി ഓവര്‍ട്ടണാണ് വിക്കറ്റ് നേടിയത്. പുറത്തായി ഡ്രെസിങ് റൂമിലെത്തിയ സ്റ്റബ്‌സ് ഹെല്‍മെറ്റ് വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധിച്ചത്. മോശം പെരുമാറ്റത്തിന് നിതീഷിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഡിമെറിറ്റ് പോയിന്റും ലഭിച്ചു. ഐപിഎല്‍ കോഡ് ഓഫ് കണ്‍ടക്റ്റിലെ ആര്‍ട്ടിക്കിള്‍ 2.3യുടെ ലംഘനമാണ് കണ്ടെത്തിയത്. കേള്‍ക്കാനാകുന്ന അസഭ്യം കലര്‍ന്ന പദപ്രയോഗം നടത്തിയതിനാണ് ശിക്ഷ.

ഐപിഎല്ലിന്റെ നിയമപ്രകാരം ടൈം ഔട്ടിനും ഓവറുകള്‍ക്കിടയിലെ ഇടവേളകളിലും മാത്രമാണ് ഗ്ലൗവോ അല്ലെങ്കില്‍ മറ്റ് ഉപകരണങ്ങളോ മാറ്റാൻ താരങ്ങള്‍ക്ക് അനുവാദമുള്ളു. ഓവറിനിടയില്‍ അനുമതിയില്ല. അല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേക സാഹചര്യമുണ്ടാകണം, ഉദാഹരണത്തിന് ഗ്ലൗ ഉപയോഗശൂന്യമാകുകയോ ബാറ്റിന് കേടുപാടുകള്‍ സംഭവിക്കുകയോ മുതലായവ. എന്തെങ്കിലും അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കാൻ ഇടയുണ്ടെങ്കിലും അമ്പയര്‍ക്ക് അനുമതി നല്‍കാം. ഇങ്ങനെയൊരു നിയമം നിലനില്‍ക്കെയാണ് ഹാര്‍ദിക്ക് പാണ്ഡ്യയുടെ സാഹചര്യം ചോദ്യം ചെയ്യപ്പെടുന്നതും.

മുംബൈ ഇന്നിങ്സിലെ 12-ാം ഓവറിലായിരുന്നു സംഭവം. സുയാഷ് ശര്‍മയെറിഞ്ഞ പന്തില്‍ ബൗണ്ടറി നേടിയെങ്കിലും ഹാര്‍ദിക്കിന്റെ കൈകളില്‍ ബാറ്റ് ഉറച്ചിരുന്നില്ല. ഉടൻ തന്നെ ഗ്ലൗ മാറ്റത്തിന് ഹാര്‍ദിക്ക് ആവശ്യപ്പെടുകയും അമ്പയര്‍ അത് അനുവദിക്കുകയും ചെയ്തു. എന്നാല്‍, ലഭിച്ച ഗ്ലൗവില്‍ ഹാര്‍ദിക്ക് തൃപ്തനായിരുന്നില്ല. തൊട്ടടുത്ത പന്തില്‍ ഷോട്ടിന് ശ്രമിച്ചപ്പോഴും ഗ്രിപ്പ് നിലനിര്‍ത്തുന്നതില്‍ താരം ബുദ്ധിമുട്ടി. ഇതോടെ വീണ്ടും ഗ്ലൗ മാറ്റണമെന്ന് ആവശ്യപ്പെട്ടു, ഇക്കുറിയും അമ്പയര്‍ മുംബൈക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പക്ഷേ, അധികസമയം എടുക്കാൻ അനുവദിച്ചില്ലെന്ന് മാത്രം.

എന്നാല്‍ ബെംഗളൂരുവിന് അധിക വെല്ലുവിളി ഉയര്‍ത്താൻ ഹാര്‍ദിക്കിന് കഴിയാതെ പോയി. 22 പന്തില്‍ 40 റണ്‍സെടുത്താണ് താരം മടങ്ങിയത്. ട്രിസ്റ്റൻ സ്റ്റബ്‌സിന്റെ സന്ദര്‍ഭത്തില്‍ നിന്ന് ഹാര്‍ദിക്കിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഒന്ന് ചൂണ്ടിക്കാണിക്കാം. ഹാര്‍ദിക്കിന്റെ കൈകളില്‍ നിന്ന് ഗ്രിപ്പ് നഷ്ടപ്പെട്ട് ബാറ്റ് വഴുതിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു. ഇതൊരുപക്ഷേ അപകടത്തിലേക്ക് നയിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടായിരിക്കാം അമ്പയര്‍ അനുവാദം നല്‍കിയത്. ഇത് സ്റ്റബ്‌സിന്റെ കാര്യത്തിലും ബാധകമായിരുന്നു.

എന്നിരുന്നാലും അമ്പയര്‍മാരുടെ തീരുമാനത്തെ വെറുതെ വിടാൻ ആരാധകര്‍ തയാറായിട്ടില്ല. രണ്ട് സാഹചര്യങ്ങളും കൂട്ടിച്ചേര്‍ത്താണ് വിമര്‍ശനം ഉയരുന്നത്. നേരത്തെയും പലകുറി മുംബൈക്ക് അനുകൂലമായി അമ്പയര്‍മാ‍ര്‍ തീരുമാനമെടുക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Powered By: