വൈഭവ് സൂര്യവംശിയുടെ ബ്രൂട്ടല്‍ ഹിറ്റിങ്ങിന്റെ അധ്യായത്തിലെ മറ്റൊരു താള് തുറക്കുകയായിരുന്നു ഗുവാഹത്തിയില്‍
ജസ്പ്രിത് ബുമ്രയുടേയും ട്രെൻ ബോള്‍ട്ടിന്റേയും പന്തുകള്‍ ആ ബാറ്റില്‍ നിന്ന് ഗ്യാലറി സന്ദർശിച്ചിട്ട് രണ്ട് രാത്രികള്‍ പിന്നിട്ട് ഇത് മൂന്നാം രാവ്. അതുകൊണ്ട് അല്‍പ്പം കരുതി തന്നെയായിരുന്നു ഭുവനേശ്വർ കുമാര്‍ ഗുവാഹത്തിയില്‍ പന്തെടുത്തതും. 15 വയസുകാരനോട് ബുമ്ര കാണിച്ച അലസത അയാളില്‍ നിന്ന് ഉണ്ടായില്ല. മിഡില്‍ - ലെഗ് സ്റ്റമ്പുകളെ ലക്ഷ്യമാക്കിയൊരു ഇൻസ്വിങ് യോർക്കര്‍. ഗുഡ് സ്വിങ്ങ് എന്ന് വിശേഷിപ്പിച്ചവസാനിപ്പിക്കും മുൻപ് തന്നെ വാട്ട് എ ഷോട്ട് എന്ന് തിരുത്തിപ്പറയേണ്ടി വന്നു ഹർഷ ബോഗ്ലെയ്ക്ക്.
പൊടുന്നനെ ബാറ്റ് താഴേക്കിറങ്ങി ഒരു ഹാഫ് ഹെലിക്കോപ്റ്ററായിരുന്നു അത്. ഭുവിയുടെ കാലുകള്‍ക്ക് തടയാനുകുന്നതിലും വേഗത്തില്‍ പന്ത് സൈറ്റ് സ്ക്രീന് നേര്‍ക്ക് പാഞ്ഞു, രജത് പാട്ടിദാറിന്റെ ഡൈവിനേയും മറികടന്ന് ബൗണ്ടറി. വൈഭവ് സൂര്യവംശിയുടെ ബ്രൂട്ടല്‍ ഹിറ്റിങ്ങിന്റെ അധ്യായത്തിലെ മറ്റൊരു താള് തുറക്കുകയായിരുന്നു അവിടെ.
ഹേസല്‍ഗോഡ് എന്നാണ് ജോഷ് ഹേസല്‍വുഡിന്റെ ആര്‍സിബി ആരാധകര്‍ വിളിക്കുന്നത്. കാരണം ആ സുവര്‍ണ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചതിലെ അയാളുടെ പങ്ക് തന്നെ. ബുമ്രയ്ക്ക് ശേഷം വൈഭവിനെതിരെ മറ്റൊരു ബൗളര്‍ പന്തെറിയുന്നതിനായി കാത്തിരുന്നിട്ടുണ്ടെങ്കില്‍ അത് ഹേസല്‍വുഡിന്യി വേണ്ടിയായിരുന്നു. ബാക്ക് ഇഞ്ചുറിയില്‍ നിന്നുള്ള മടങ്ങിവരവില്‍ ജയ്സ്വാളില്‍ നിന്ന് രണ്ട് സിക്‌സ് വഴങ്ങി, പക്ഷേ അവശേഷിച്ച നാല് പന്തില്‍ താൻ എന്താണ് എന്ന് ജയ്സ്വാളിനെ ഓര്‍മപ്പെടുത്താൻ ഹേസല്‍വുഡിന് കഴിഞ്ഞിരുന്നു.
തന്റെ കരിയറിലാദ്യമായി ഹേസല്‍വുഡ് വൈഭവിനെതിരെ, പവര്‍പ്ലേയിലെ നാലാം ഓവര്‍. സിക്‌സടിച്ച് തുടങ്ങിയ ഐപിഎല്‍ കരിയര്‍, ജസ്പ്രിത് ബുമ്രയുടെ ആദ്യ പന്തും അതിര്‍ത്തികടത്തിയവൻ. ഹാര്‍ഡ് ലെങ്ത് പന്തിലായിരുന്നു ഹേസല്‍വുഡ് തുടങ്ങിയത്, കട്ട് ചെയ്ത പന്ത് ഡീപ് ബാക്ക്‌വേഡ് പോയിന്റിലൂടെ പരസ്യറോപ്പുകള്‍ താണ്ടി. വൈഭവ് യുഗത്തിലേക്ക് ഹേസല്‍വുഡിനും ബൗണ്ടറിയോടെ സ്വാഗതം. ലോങ് ഓണ്‍, കവര്‍...തുടരെ രണ്ട് ബൗണ്ടറികള്‍ക്കൂടി.
പക്ഷേ, അവസാന പന്തില്‍ വൈഭവിന്റെ നെഞ്ചിന് നേര്‍ക്ക് ഹേസല്‍വുഡിന്റെ ഷോര്‍ട്ട് ബോള്‍ എത്തി. വൈഭവിന്റെ ബാക്ക് ലിഫ്റ്റ് പ്രായത്തെ അപേക്ഷിച്ച് എത്രത്തോളം അസാധാരണമാണെന്ന് ഹേസല്‍വുഡ് മനസിലാക്കിയ നിമിഷം. ഡീപ് സ്ക്വയര്‍ ലെഗിനപ്പുറം പന്ത് വിശ്രമിച്ചു. സിക്സ്. ഓസീസ് പേസറുടെ നാല് പന്തുകളാണ് നേരിട്ടത്, 18 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 400ന് മുകളില്‍.
ഭൂവനേശ്വര്‍ കുമാര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് എണ്ണം പറഞ്ഞ പുള്‍ ഷോട്ടുകള്‍ക്കൂടി ബൗണ്ടറി താണ്ടിയതോടെ വൈഭവിന്റെ സ്കോര്‍ 15 പന്തില്‍ 53, 52 റണ്‍സും ബൗണ്ടറിയില്‍ നിന്ന് മാത്രം. അര്‍ദ്ധ സെഞ്ചുറിയിലേക്ക് എത്തുമ്പോള്‍ അവസാനം നേരിട്ട ആറ് പന്തുകള്‍, നാല് എണ്ണം ഹേസല്‍വുഡിന്റേയും രണ്ട് ഭുവനേശ്വറിന്റേയും. 30 റണ്‍സാണ് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടത്. മൂന്ന് വീതം ഫോറും സിക്സും. അതും ലോക ക്രിക്കറ്റിലെ തന്നെ രണ്ട് ടോപ് ക്ലാസ്, ക്വാളിറ്റി ബൗളര്‍മാര്‍ക്കെതിരെ.
ലെങ്തുകള്‍ മാറ്റിപ്പരീക്ഷിച്ചിട്ടും പേസ് വേരിയഷനുകള്‍ നടത്തിയിട്ടുമൊന്നും വൈഭവിനെ പിടിച്ചുകെട്ടാൻ ഇരുവര്‍ക്കും കഴിഞ്ഞില്ല. ബുമ്രയുടെ കാര്യത്തില്‍ പറഞ്ഞതുപോലെ തന്നെ പേരിനെയല്ല പന്തിനെയാണ് ആ പയ്യൻ നേരിടുന്നത്. രജത് പാട്ടിദാര്‍ ഒരിക്കല്‍പ്പറഞ്ഞത് ഓര്‍ക്കുന്നു, എനിക്ക് സമ്മര്‍ദം അനുഭവപ്പെടുമ്പോള്‍ ഞാൻ കൃണാല്‍ പാണ്ഡ്യക്ക് പന്ത് കൈമാറുമെന്ന്. പവര്‍പ്ലേ കഴിഞ്ഞുള്ള ആദ്യ ഓവറില്‍ തന്നെ അത് സംഭവിക്കുകയും ചെയ്ത്.
ബൗണ്‍സറുകള്‍പ്പോലും എറിഞ്ഞ് ബാറ്റര്‍മാരെ സ്തബ്ധരാക്കുന്ന കൃണാലിനും വൈഭവിന് മുന്നില്‍ അതിന് സാധിച്ചില്ല. സിംഗിളുകളെടുത്ത് തന്റെ സ്വഭാവികമായ ചേതനകളെ കൃണാലിന്റെ കൃത്യതയ്ക്ക് മുന്നില്‍ മാറ്റിവെച്ച വൈഭവ് ഓവറിലെ അവസാന പന്തില്‍ അത് തിരുത്ത്. ഡീപ് സ്ക്വയര്‍ ലെഗിലേക്ക് ഉയര്‍ന്ന് പൊങ്ങിയ പന്തിലേക്ക് വിരാട് കോലിയടക്കമുള്ളവര്‍ നോക്കിനിന്ന് ആസ്വദിച്ചു. കൃണാലിനെതിരെ അല്‍പ്പം കരുതലെടുത്തെങ്കില്‍ ടിം ഡേവിഡിനെതിരെ അതും ഉണ്ടായില്ല.
കൃണാലിന്റെ പന്തില്‍ കോലിയുടെ കൈകളില്‍ ആ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ ആര്‍സിബി തോല്‍വിയുടെ കൈപ്പ് ആവോളം അറിഞ്ഞ് കഴിഞ്ഞിരുന്നു. 26 പന്തില്‍ 78 റണ്‍സ്, എട്ട് ഫോറും ഏഴ് സിക്സും. സ്ട്രൈക്ക് റേറ്റ് 300. ബെംഗളൂരുവിനായി പന്തെടുത്ത എല്ലാ ബൗളര്‍മാര്‍ക്കുമെതിരെ 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റ്. ഡഗൗട്ടിലേക്ക് മടങ്ങുമ്പോള്‍ 41 മിനുറ്റ് നീണ്ട ആ കാര്‍ണേജിന് സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റ് നിന്ന് ആരവം തീര്‍ത്തു, കണ്ടുതീര്‍ത്തത് അത്ഭുതത്തില്‍ കുറഞ്ഞത് ഒന്നുമല്ലായെന്ന് അവര്‍ മനസിലാക്കിയിരുന്നു.
ക്രിക്കറ്റില്‍ ബാറ്റര്‍മാരുടെ ഷോട്ടുകള്‍ക്ക് വല്ലാത്തൊരു സൗന്ദര്യമുണ്ടാകാറുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, സച്ചൻ തെൻഡുല്‍ക്കര്‍ എന്നിവരൊക്കെ ഉദാഹരണമാണ്. എന്തിന്, ഇന്നലെ വൈഭവിന്റെ മറുവശത്ത് നിന്ന് ജൂറല്‍ കളിച്ച ഷോട്ടുകള്‍ മാത്രം എടുത്ത് നോക്കിയാല്‍ മതിയാകും. ഈ സൗന്ദര്യം ഒരുപക്ഷേ, വൈഭവിന് ഇന്നിങ്സുകള്‍ക്കുണ്ടാകില്ല. പക്ഷേ, ക്രിക്കറ്റിന്റെ യാത്ര എങ്ങോട്ടാണ് എന്നതിന്റെ സൂചനയാണ് വൈഭവ്.
ശരിയാണ്, കളിച്ച നാലില്‍ മൂന്നും ഫ്ലാറ്റ് വിക്കറ്റുകളില്‍ തന്നെയാണ്, പക്ഷേ ബുമ്രയ്ക്ക് പോലും തടുക്കാനായിട്ടില്ല. വരും നാളുകളില്‍ വൈഭവിന്റെ ശൈലിയെ കീറിമുറിച്ച് ദൗര്‍ബല്യങ്ങള്‍ കണ്ടെത്താൻ എതിരാളികള്‍ ശ്രമിക്കും, അത് കണ്ടെത്തുകയും ചെയ്തേക്കാം, അവരത് ഉപയോഗിക്കുകയും ചെയ്യും, ബ്രൂട്ടലായി തന്നെ. കാരണം അതിനൊത്ത മുറിവുകള്‍ ഇതിനോടകം തന്നെ ബൗളര്‍മാര്‍ക്ക് നല്‍കാൻ ഈ 15 വയസുകാരനായിട്ടുണ്ട്. അതുകൊണ്ട് വൈഭവ് കാണിക്കാത്ത ദയ അവരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല.
വെല്ലുവിളികളാണ് മുന്നില്‍ നിറയെ, തെളിയിക്കാൻ ഇനിയും ഏറെയുണ്ട്. അതുവരെ ആസ്വദിക്കാം, മറികടന്നാല്‍ ആധിപത്യവും ആസ്വദിക്കാം.


