ഐപിഎല്ലില്‍ മലയാളി താരം എസ് ശ്രീശാന്ത് ഒരു റെക്കോര്‍ഡ് തൂക്കി, മറ്റാർക്കും ഒരിക്കലും തകർക്കാൻ കഴിയാത്ത ഒന്ന്

ഐപിഎല്ലില്‍ മലയാളി താരം എസ് ശ്രീശാന്ത് ഒരു റെക്കോര്‍ഡ് തൂക്കി, മറ്റാർക്കും ഒരിക്കലും തകർക്കാൻ കഴിയാത്ത ഒന്ന്. സഹീർ ഖാനും ആശിഷ് നെഹ്‌റയും ഇർഫാൻ പത്താനും ആർപിസിങ്ങുമൊക്കെ വാണ ടൂർണമെന്റിലാണെന്ന് ഓർക്കണം.

പ്രഥമ ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യൻ താരം. ആ നേട്ടം ശ്രീശാന്തിന്റെ പേരിലാണ്. അന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് താരമായിരുന്ന ശ്രീശാന്ത് ആദ്യ സീസണില്‍ 15 മത്സരങ്ങളായിരുന്നു കളിച്ചത്. ബാറ്റർമാരെ ഡഗൗട്ടിലേക്ക് മടക്കിയത് 19 തവണ.

സൊഹൈല്‍ തൻവീ‍ര്‍ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ സീസണില്‍ ഇതിഹാസ താരം ഷെയിൻ വോണും ശ്രീശാന്തുമായിരുന്നു രണ്ടാം സ്ഥാനം പങ്കിട്ടത്. സാക്ഷാല്‍ ബ്രെറ്റ് ലീയെപ്പോലും മറികടന്നായിരുന്നു ശ്രീ പഞ്ചാബിന്റെ ടോപ് വിക്കറ്റ് ടേക്കറായതും.

സീസണിലെ ശ്രീശാന്തിന്റെ ഏറ്റവും മികച്ച പ്രകടനം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയായിരുന്നു. 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ്.

വലം കയ്യൻ പേസര്‍ക്ക് ശേഷം ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മൻപ്രതീപ് ഗോണിയും പഞ്ചാബിന്റെ തന്നെ ഭാഗമായിരുന്ന പിയൂഷ് ചൗളയുമാണ്.