സ്വന്തം മണ്ണിലെത്തി തങ്ങളെ നിഷ്‌പ്രമാക്കിയ കണക്കുകൂടി വീട്ടാനുണ്ട് മുംബൈക്ക്, പക്ഷേ അതിന് സാധിക്കുമോ ഹാർദിക്ക് പാണ്ഡ്യയുടെ സംഘത്തിന്?
അഞ്ച് കിരീടങ്ങളുടെ പെരുമ വര്‍ധിപ്പിക്കാനല്ല, നിലനില്‍പ്പിനായുള്ള പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ചെപ്പോക്കില്‍ രണ്ടില്‍ ഒരാള്‍ വീഴുന്ന നിമിഷം, സീസണിലെ സമവാക്യങ്ങള്‍ മാറിമറിയും. ജയമാണെങ്കില്‍ മുന്നോട്ട് സഞ്ചരിക്കാൻ ദൂരം ഇനിയുമുണ്ടാകും, തോല്‍വിയാണെങ്കില്‍ അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കണം, അല്ലെങ്കില്‍ ഒരുവര്‍ഷത്തെ ഇടവേള കൂടി. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പര്‍ കിങ്സും. സ്വന്തം മണ്ണിലെത്തി തങ്ങളെ നിഷ്‌പ്രമാക്കിയ കണക്കുകൂടി വീട്ടാനുണ്ട് മുംബൈക്ക്, പക്ഷേ അതിന് സാധിക്കുമോ ഹാർദിക്ക് പാണ്ഡ്യയുടെ സംഘത്തിന്?
ബാറ്റിങ് പറുദീസകള്‍ക്കൊപ്പമാണ് ചെന്നൈയും ഇന്ന്. എന്നാല്‍, ഒരു 240 വിക്കറ്റാണോയെന്ന് ചോദിച്ചാല്‍ അല്ല. ചെപ്പോക്ക് ആതിഥേയത്വം വഹിച്ച മത്സരങ്ങളിലെ റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ശരാശരി സ്കോര്‍ 192 ആണ്. ഒരു എക്‌സ്പ്ലോസീവ് ബാറ്റിങ് നിരയ്ക്ക് 220 താണ്ടാൻ കഴിയുമെന്ന് കരുതാം. ഇവിടെയാണ് മുംബൈ ഇന്ത്യൻസ് നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. മുംബൈയെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ ദൗര്‍ബല്യം ബാറ്റിങ്ങില്‍ അല്ല, ശരിയാണ് സൂര്യകുമാര്‍ യാദവും ഹാര്‍ദിക്കും ഒന്നും ഫോമിലേക്ക് എത്തിയിട്ടില്ല എന്ന വസ്തുത മുന്നിലുണ്ട്.
പക്ഷേ ബൗളിങ്, അവിടെയാണ് മുംബൈക്ക് സീസണ്‍ നഷ്ടമാകുന്നതും. പ്രത്യേകിച്ചും പവര്‍പ്ലേ ഓവറുകളില്‍, മത്സരത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തില്‍. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് ടേക്കറുടെ അഭാവം മുംബൈക്കുണ്ട്. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പവര്‍പ്ലേ സ്പെഷ്യലിസ്റ്റായ ട്രെൻ ബോള്‍ട്ടിന്റെ ഫോമില്ലായ്മയാണ് പ്രധാന കാരണം. നാല് മത്സരങ്ങളില്‍ നിന്ന് ആകെ രണ്ട് വിക്കറ്റുകളാണ് ബോള്‍ട്ടിന് നേടാനായിട്ടുള്ളത്. ഇടം കയ്യൻ പേസറുടെ എക്കോണമി എത്തിനില്‍ക്കുന്നത് 12ന് അടുത്തുമാണ്.
ഇതിനൊപ്പമാണ് ജസ്പ്രിത് ബുമ്രയുടെ വിക്കറ്റ് നേട്ടത്തിലെ വരള്‍ച്ച. സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 30 ഓവറുകളെറിഞ്ഞ ബുമ്ര 264 റണ്‍സ് വഴങ്ങി, സമ്പാദ്യം രണ്ട് വിക്കറ്റ് മാത്രം. വിവിധ മത്സരങ്ങളിലായി പവര്‍പ്ലേയില്‍ മുംബൈ പരീക്ഷിച്ച ദീപക് ചഹര്‍, ഹാര്‍ദിക്ക്, അശ്വനി കുമാര്‍, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ക്കാര്‍ക്കും തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റനായിട്ടില്ല. വഴങ്ങുന്ന റണ്‍സിനും കുറവ് സംഭവിക്കാത്തത് മറ്റൊരു പോരായ്മയായും നിലനില്‍ക്കുന്നു. ഏക ആശ്വാസം എഎം ഗസൻഫാറാണ്, 10 വിക്കറ്റുകള്‍.
അടിമുടി ദുര്‍ബലതകള്‍ നിറഞ്ഞ ബൗളിങ് നിരയ്ക്ക് മുന്നിലെത്തുന്നത്, മുംബൈക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണും ഒപ്പം ഫോം വീണ്ടെടുത്ത നായകൻ റുതുരാജ് ഗെയ്ക്വാദും. എന്നാല്‍, ഈ രണ്ട് പേരുകള്‍ക്കപ്പുറം ചെന്നൈയുടെ ബാറ്റിങ് നിര അത്ര ശക്തമല്ല എന്നതാണ് മുംബൈയെ സംബന്ധിച്ച് അല്‍പ്പമെങ്കിലും ആശ്വാസത്തിന് വകയുള്ള ഘടകം. സര്‍ഫറാസ് ഖാൻ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ തുടങ്ങിയവരെല്ലാം ലീൻ പാച്ചിലാണ്. പക്ഷേ, കഴിഞ്ഞ മുംബൈ-ചെന്നൈ പോരാട്ടം പോലെ ഒരുവശത്ത് സഞ്ജു നിലയുറപ്പിക്കുകയും മറുപുറത്ത് മറ്റ് താരങ്ങളെല്ലാം ക്യാമിയോകളുമായി തിളങ്ങിയാലും മതിയാകും മികച്ച സ്കോര്‍ പടുത്തുയര്‍ത്താനും മറികടക്കാനും.
മുംബൈയുടെ ബൗളര്‍മാരെല്ലാം തന്നെ തങ്ങളുടെ എക്കോണമി പത്തിന് മുകളില്‍ നിലനിര്‍ത്തുമ്പോള്‍ ചെന്നൈയുടെ കാര്യം വ്യത്യസ്തമാണ്. ലൈനിലും ലെങ്തിലുമെല്ലാം ജസ്പ്രിത് ബുമ്രയും കൂട്ടരും അലസത കാണിക്കുന്നത് തുടരുമ്പോള്‍ ചെന്നൈ ബൗളര്‍മാര്‍ അച്ചടക്കം പാലിച്ചു. മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ച മാറ്റ് ഹെൻറിയും പ്രധാന ബൗളറല്ലാത്ത ശിവം ദുബെയും മാത്രമാണ് അല്‍പ്പം വ്യതിചലിച്ച് നില്‍ക്കുന്നത്. ബാക്കിയെല്ലാവരുടേയും എക്കോണമി 10ലും എട്ടിലുമൊക്കെ താഴെയാണ്.
പവര്‍പ്ലേയില്‍ വിക്കറ്റെടുക്കാൻ അക്കീല്‍ ഹൊസൈനും ജേമി ഓവര്‍ട്ടണും അൻഷൂല്‍ കാമ്പോജുമെല്ലാമുണ്ട്. 47 വിക്കറ്റുകളാണ് ചെന്നൈ ബൗളര്‍മാര്‍ സീസണില്‍ നേടിയത്. മുംബൈ ബൗളര്‍മാര്‍ 37ഉം. ചെന്നൈയുടെ ബൗളര്‍മാരുടെ ശരാശരി എക്കോണി 9.2 ആണ്. മുംബൈയുടേത് 10.6. ഈ ബൗളിങ് ദൗര്‍ബല്യത്തെ മുംബൈ എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചായിരുന്നു വിജയപരാജയങ്ങള്‍ നിശ്ചയിക്കപ്പെടുക. മുംബൈയുടെ ദൗര്‍ബല്യത്തെ ഉപയോഗിക്കാൻ കഴിഞ്ഞാല്‍ ചെന്നൈക്ക് മേല്‍ക്കൈ നേടാനും കഴിഞ്ഞേക്കും.
നിലവില്‍ എട്ട് കളികളില്‍ നിന്ന് ആറ് പോയിന്റാണ് ചെന്നൈക്കുള്ളത്, മുംബൈക്ക് നാലും. അതുകൊണ്ട് മത്സരം ഇരുവര്‍ക്കും ഏറെ നിര്‍ണായകമാണ്, പ്രത്യേകിച്ചും നെറ്റ് റണ്‍റേറ്റിലും ഏറെ പിന്നിലുള്ള മുംബൈക്ക്.


