ലേലം പുരോഗമിക്കുന്നതിനിടെ ഇദേഹം മറിഞ്ഞുവീഴുകയായിരുന്നു
ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലം (IPL Auction 2022) നിയന്ത്രിക്കുന്ന അവതാരകന്‍ ഹ്യൂ എഡ്‌മിഡ്‌സ് (Hugh Edmeades) ബോധംകെട്ടുവീണു. ശ്രീലങ്കന്‍ താരം വനന്ദു ഹസരംഗക്കായി ലേലം പുരോഗമിക്കുന്നതിനിടെ വേദിയില്‍ ഇദേഹം ബോധംകെടുകയായിരുന്നു. ഇതോടെ താരലേലം നിര്‍ത്തിവച്ചിരിക്കുകയാണ്. എഡ്‌മിഡ്‌സിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ലേലം 3.30ന് മാത്രമേ പുനരാരംഭിക്കുകയുള്ളൂ.
സഞ്ജുവിനൊപ്പം ദേവ്‌ദത്ത്
മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. പടിക്കലിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ആദ്യ റൗണ്ടില്‍ വാശിയോടെ ലേലം വിളിച്ചത്. പടിക്കലിന്‍റെ മൂല്യം നാലു കോടി പിന്നിട്ടതോടെ മലയാളി താരത്തിനായി രാജസ്ഥാന്‍ റോയല്‍സും എത്തി. അഞ്ച് കോടി കടന്നതോടെ വാശിയേറിയ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സും പടിക്കലിനെ സ്വന്തമാക്കാന്‍ രംഗത്തിറങ്ങി. ഏഴ് കോടി രൂപവരെ മുംബൈ വിളിച്ചെങ്കിലും 7.25 കോടി രൂപക്ക് പടിക്കലിനെ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു.
ഹര്‍ഷല്‍ പട്ടേലിന് തിളക്കം
റോയല്‍ ചലഞ്ചേഴ്സ് താരമായിരുന്ന പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ഹല്‍ഷലിനായി സണ്‍റൈസേഴ്സും ആര്‍സിബിയും വാശിയോടെ ലേലം വിളിച്ചു. ഒടുവില്‍ 10.75 കോടി രൂപക്ക് ഹര്‍ഷലിനെ ബാംഗ്ലൂരില്‍ തിരികെയെത്തിച്ചു. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ബൗളറാണ് ഹര്‍ഷല്‍ പട്ടേല്‍.
ശ്രേയസിന് പൊന്നുംവില
പ്രതീക്ഷിച്ചതുപോലെ ഡല്‍ഹി ക്യാപ്റ്റല്‍സ് മുന്‍താരം ശ്രേയസ് അയ്യര്‍ക്കായി പൊരിഞ്ഞ ലേലമാണ് ബെംഗളൂരുവില്‍ നടന്നത്. 10 കോടിയും പിന്നിട്ട് 12.25 കോടിക്ക് ശ്രേയസ് അയ്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ചു. പുതിയ സീസണില്‍ ശ്രേയസ് അയ്യര്‍ കൊല്‍ക്കത്തയുടെ നായകനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
IPL Auction 2022 Live : ഞെട്ടിച്ച് ശ്രേയസ് അയ്യര്‍! ദേവ്‌ദത്ത് സഞ്ജുവിനൊപ്പം; താരലേലം തല്‍സമയം
