ക്രിസ് ഗെയ്‌ലിനെപ്പോലുള്ളവര്‍ 40 വയസുവരെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളതിനെക്കുറിച്ചായിരുന്നു പത്താന്‍റെ പരാമര്‍ശം. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 17.77 ശരാശരിയില്‍ 160 റണ്‍സ് മാത്രമാണ് റെയ്ന നേടിയിരുന്നത്.

മുംബൈ: ഐപിഎല്‍ താരലേലത്തില്‍(IPL Auction 2022) ചെന്നൈ സൂപ്പര്‍ കിംഗ്സ് സൂപ്പര്‍ താരം സുരേഷ് റെയ്നയെ(Suresh Raina) ഒഴിവാക്കിയതിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍(Irfan Pathan). 40 വയസുവരെ കളിക്കുന്ന വിദേശ താരങ്ങള്‍ ഉള്ള ഐപിഎല്ലില്‍ 35കാരനായ റെയ്നയെ ഒഴിവാക്കിയതിന് ന്യായീകരണമില്ലെന്ന് പത്താന്‍ പറഞ്ഞു. ഒറ്റ സീസണിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ റെയ്നയെ ഒഴിവാക്കിയത് ശരിയായില്ലെന്നും ഏതെങ്കിലും ഒരു ഫ്രാഞ്ചൈസിക്കെങ്കിലും റെയ്നയെ ടീമിലെടുക്കാമായിരുന്നുവെന്നും പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

ക്രിസ് ഗെയ്‌ലിനെപ്പോലുള്ളവര്‍ 40 വയസുവരെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളതിനെക്കുറിച്ചായിരുന്നു പത്താന്‍റെ പരാമര്‍ശം. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 17.77 ശരാശരിയില്‍ 160 റണ്‍സ് മാത്രമാണ് റെയ്ന നേടിയിരുന്നത്. എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ 33-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്ന അതിനുശേഷം ദുബായില്‍ നടന്ന ഐപിഎല്ലില്‍ കളിക്കാനായി എത്തിയെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ തിരിച്ചുപോയിരുന്നു.

കഴിഞ്ഞ സീസണില്‍ കളിച്ചെങ്കിലും തിളങ്ങാന്‍ കഴിയാതിരുന്നത് ധോണി കഴിഞ്ഞാല്‍ ടീമില്‍ രണ്ടാമനായിരുന്ന റെയ്നക്ക് തിരിച്ചടിയായി. ഇന്നലെ അവസാനിച്ച താരലേലത്തില്‍ ആകെ 204 കളിക്കാരാണ് ലേലത്തില്‍ ടീമുകള്‍ വിളിച്ചെടുത്തത്. 67 വിദേശതാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 76 കളിക്കാരെയാണ് ലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്നത്.