ശ്രീലങ്കന്‍ താരം വനിന്ദു ഹസരംഗക്ക ആയിരുന്നു എഡ്‌മിഡ്‌സ് കുഴഞ്ഞു വീഴുമ്പോള്‍ അദ്ദേഹത്തിന്‍റെ കൈയില്‍ ലേലത്തിനായി ഉണ്ടായിരുന്ന കളിക്കാരന്‍. ഹസരങ്കക്കായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 10.75 കോടി രൂപ വിളിച്ചതിന് പിന്നാലെയായയിരുന്നു എഡ്‌മിഡ്‌സ് കുഴഞ്ഞുവീണത്.
ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലം (IPL Auction 2022) നിയന്ത്രിച്ച അവതാരകന്‍ ഹ്യൂ എഡ്‌മിഡ്‌സ് (Hugh Edmeades) ലേലത്തിനിടെ കുഴഞ്ഞുവീണതു കണ്ടതിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. രക്തസമ്മര്‍ദ്ദം താണതിനെത്തുടര്‍ന്നാണ് 63കാരനായ എഡ്‌മിഡ്‌സ് കുഴഞ്ഞു വീണതെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കി. എഡ്‌മിഡ്‌സ് കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം ലേലം നിര്‍ത്തിവെച്ചിരുന്നു.
ശ്രീലങ്കന്‍ താരം വനിന്ദു ഹസരംഗ(Wanindu Hasaranga) ആയിരുന്നു എഡ്‌മിഡ്‌സ് കുഴഞ്ഞു വീഴുമ്പോള്‍ അദ്ദേഹത്തിന്‍റെ കൈയില്‍ ലേലത്തിനായി ഉണ്ടായിരുന്ന കളിക്കാരന്‍. ഹസരങ്കക്കായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 10.75 കോടി രൂപ വിളിച്ചതിന് പിന്നാലെയായയിരുന്നു എഡ്‌മിഡ്‌സ് കുഴഞ്ഞുവീണത്. മെഡിക്കല്‍ സംഘം പരിശോധിച്ച എഡ്‌മിഡ്‌സിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. എഡ്‌മിഡ്‌സിന് പകരക്കാരനായി ചാരു ശര്‍മയാണ് ലേലത്തിന്‍റെ ബാക്കി നടപടികള്‍ നിയന്ത്രിക്കുക.
ലേലമാര്‍ക്കറ്റിലെ ചാക്കോച്ചി
ലേല മാര്‍ക്കറ്റിലെ സൂപ്പര്‍ ഓക്ഷനറാണ് എഡ്‌മിഡ്‌സ്. ലോകമെമ്പാടുമായി 2700 ലേററെ ലേലങ്ങള്‍ നടത്തിയിട്ടുള്ള എഡ്‌മിഡ്‌സ് ജെയിംസ് ബോണ്ട് സിനിമയിലെ ആസ്റ്റിന്‍ മാര്‍ട്ടിന്‍ കാറുകളുടെ ലേലത്തിലൂടെയും ശ്രദ്ധേയനാണ്. കാറുകളുടെ ലേലത്തിലാണ് പ്രധാനമായും എഡ്‌മിഡ്‌സ് മിന്നിത്തിളങ്ങിയിട്ടുള്ളത്. പ്രമുഖ ലേല സ്ഥാപനമായ ക്രിസ്റ്റിയില്‍ 38 വര്‍ഷം പ്രവര്‍ത്തിച്ചശേഷം 2016ലാണ് എഡ്‌മിഡ്‌സ് സ്വതന്ത്രം ലേലക്കാരനായത്.
2018ല്‍ ജയ്പൂരില്‍ നടന്ന ഐപിഎല്‍ ലേലത്തിലാണ് എഡ്‌മിഡ്‌സ് ആദ്യമായി ക്രിക്കറ്റ് ലേലക്കാരനായത്. 11 വര്‍ഷം ഐപിഎല്‍ ലേലം നിയന്ത്രിച്ച റിച്ചാര്‍ഡ് മാഡ്‌ലികക് പകരക്കാരനായിട്ടായിരുന്നു ഹ്യൂ എഡ്‌മിഡ്‌സ് എത്തിയത്. മുന്‍ ജൂനിയര്‍ ഇന്‍റര്‍നാഷണല്‍ ഹോക്കി താരവും കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ സറേയുടെ ലീഗ് താരവുമായിരുന്നു എഡ്‌മിഡ്‌സ്.
ലേലത്തില്‍ ഇതുവരെ സംഭവിച്ചത്
സഞ്ജുവിനൊപ്പം ദേവ്‌ദത്ത്
മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. പടിക്കലിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് ആദ്യ റൗണ്ടില്‍ വാശിയോടെ ലേലം വിളിച്ചത്. പടിക്കലിന്‍റെ മൂല്യം നാലു കോടി പിന്നിട്ടതോടെ മലയാളി താരത്തിനായി രാജസ്ഥാന്‍ റോയല്‍സും എത്തി. അഞ്ച് കോടി കടന്നതോടെ വാശിയേറിയ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സും പടിക്കലിനെ സ്വന്തമാക്കാന്‍ രംഗത്തിറങ്ങി. ഏഴ് കോടി രൂപവരെ മുംബൈ വിളിച്ചെങ്കിലും 7.25 കോടി രൂപക്ക് പടിക്കലിനെ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു.
ഹര്‍ഷല്‍ പട്ടേലിന് തിളക്കം
റോയല്‍ ചലഞ്ചേഴ്സ് താരമായിരുന്ന പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ഹല്‍ഷലിനായി സണ്‍റൈസേഴ്സും ആര്‍സിബിയും വാശിയോടെ ലേലം വിളിച്ചു. ഒടുവില്‍ 10.75 കോടി രൂപക്ക് ഹര്‍ഷലിനെ ബാംഗ്ലൂരില്‍ തിരികെയെത്തിച്ചു. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ബൗളറാണ് ഹര്‍ഷല്‍ പട്ടേല്‍.
ശ്രേയസിന് പൊന്നുംവില
പ്രതീക്ഷിച്ചതുപോലെ ഡല്‍ഹി ക്യാപ്റ്റല്‍സ് മുന്‍താരം ശ്രേയസ് അയ്യര്‍ക്കായി പൊരിഞ്ഞ ലേലമാണ് ബെംഗളൂരുവില്‍ നടന്നത്. 10 കോടിയും പിന്നിട്ട് 12.25 കോടിക്ക് ശ്രേയസ് അയ്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ചു. പുതിയ സീസണില്‍ ശ്രേയസ് അയ്യര്‍ കൊല്‍ക്കത്തയുടെ നായകനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
