മലയാളി താരങ്ങളെ ലേലത്തില്‍ എടുക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനും തന്‍റെ മുന്‍ ശിഷ്യനുമായ സഞ്ജു സാംസണ്‍ സഹായിക്കാതിരുന്നതിനെ പരോക്ഷമായി വിമര്‍ശിച്ച് ബിജു ജോര്‍ജ് കഴിഞ്ഞ ദിവസം രംഗത്തെത്തെയിരുന്നു.

തിരുവനന്തപുരം: ഐപിഎല്‍ മെഗാ താരലേലത്തില്‍(IPL Auction 2022) മൂന്ന് മലയാളി താരങ്ങള്‍(Kerala Players) അവഗണിക്കപ്പെട്ടുവെന്ന് സഞ്ജു സാംസണിന്‍റെ മുന്‍ പരിശീലകന്‍ ബിജു ജോര്‍ജ്(Biju George). കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി(KKR) പന്തെറിഞ്ഞ പേസര്‍ സന്ദീപ് വാര്യര്‍(Sandeep Warrier), ഇന്ത്യന്‍ ടീമില്‍ കൊവിഡ് കവര്‍ പ്ലേയറായി സ്ഥാനം ലഭിച്ചിരുന്ന ലെഗ് സ്പിന്നര്‍ എസ് എസ് മിഥുന്‍(Sudhesan Midhun), ഓള്‍ റൗണ്ടര്‍ ഷോണ്‍ റോജര്‍(Shoun Roger)എന്നിവരാണ് അര്‍ഹതയുണ്ടായിട്ടും ലേലത്തില്‍ അവഗണിക്കപ്പെട്ടതെന്ന് ബിജു ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

ബിജു ജോര്‍ജ് ഫേസ്ബുക്കില്‍ എഴുതിയത്

ഇനി ഐപിഎല്‍ ലേലത്തെ കുറിച്ചുള്ള എന്റെ നിരൂപണം.......ഒരു മലയാളി കാഴ്ചപ്പാടിൽനിന്നും..
മൂന്ന് മലയാളികൾ തീർച്ചയായും അവഗണിക്കപ്പെട്ടു.
1:സന്ദീപ് വാരിയർ
ഇന്ത്യൻ പ്ലയെർ, പെർഫോർമർ
2: മിഥുൻ..
ഇന്ത്യൻ ടീമിൽ കൊവിഡ് കവർ പ്ലയെർ ആയി സ്ഥാനം കിട്ടുമെങ്കിൽ, പിന്നെ എന്ത് കൊണ്ട് ആരും കണ്ടില്ല?
3: ഷോൺ റോജർ...
ഐപിഎല്‍ ലേലങ്ങൾ തുടങ്ങും മുമ്പ്, ഇന്നത്തെ ഷോണിന്റെ അതെ പോലെ, ചിലപ്പോൾ അത്രയും പ്രതിഭ ഇല്ലാതെ പ്ലയേഴ്‌സിനു ടീമിൽ അവസരം കൊടുത്തിട്ടുണ്ട്.

മലയാളി താരങ്ങളെ ലേലത്തില്‍ എടുക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനും തന്‍റെ മുന്‍ ശിഷ്യനുമായ സഞ്ജു സാംസണ്‍ ശ്രമിക്കാതിരുന്നതിനെ പരോക്ഷമായി വിമര്‍ശിച്ച് ബിജു ജോര്‍ജ് കഴിഞ്ഞ ദിവസം രംഗത്തെത്തെയിരുന്നു.ഹോട്ടലിന്‍റെ മാനേജർ മലയാളി ആയതു കൊണ്ട്, വെയിറ്റർ ആയിട്ടു മലയാളികളെ എടുത്തില്ല എന്ന് പറഞ്ഞു അയാളുടെ മേകേറുന്നത് ശരിയല്ല...പിന്നെ വൈറ്റെർമാർ എന്ത് ചെയ്യണം???, വെയിറ്റ് ചെയ്യണം, ക്വാളിഫിക്കേഷൻ ഉള്ള വൈറ്റെർമാർ ആരും ഇല്ലായിരുന്നോ, ആവോ?? എന്നായിരുന്നു ബിജു ജോര്‍ജിന്‍റെ വിമര്‍ശനം.

Also Read: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തോറ്റ്...തോറ്റ് ബാബറിന്‍റെ ടീം; പിന്തുണയുമായി മുന്‍ നായകന്‍

ഐപിഎല്‍ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള ഫ്രാഞ്ചൈസികളൊന്നും മലയാളി താരങ്ങളില്‍ കാര്യമായി താല്‍പര്യം കാട്ടിയിരുന്നില്ല. 30 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യന്‍സ് ബേസില്‍ തമ്പിയെ ടീമിലെടുത്തപ്പോള്‍ 50 ലക്ഷം രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് വിഷ്ണു വിനോദിനെ ടീമിലെടുത്തു. കെ എം ആസിഫിനെയും റോബിന്‍ ഉത്തപ്പയെയും ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തുകയും ചെയ്തു.

Also Read: 'നിങ്ങളെനിക്ക് സഹോദരനാണ്'; ഡിവില്ലിയേഴ്‌സിന്റെ പിറന്നാള്‍ ദിനത്തില്‍ കോലിയുടെ സന്ദേശം

മലയാളി പേസര്‍ എസ് ശ്രീശാന്തും ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ടീമുകളാരും താല്‍പര്യം കാട്ടാത്തതിനാല്‍ ശ്രീശാന്തിന്‍റെ പേര് ലേലത്തിനുപോലും എത്തിയില്ല. ബേസില്‍ തമ്പിക്കും വിഷ്ണു വിനോദിനും പുറമെ കേരളത്തിനായി കളിക്കുന്ന ജലജ് സക്സേന, സച്ചിന്‍ ബേബി, എം.ഡി.നിധീഷ്, മിഥുന്‍ എസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മൽ, ഷോൺ റോജര്‍ റോബിന്‍ എന്നിവരായിരുന്നു ഐപിഎല്‍ താരലേലത്തിന് ഉണ്ടായിരുന്നത്. ഇവരുടെ പേരുകള്‍ ലേലത്തിന് എത്തിയെങ്കിലും ആരും ടീമിലെടുത്തിരുന്നില്ല.