Asianet News MalayalamAsianet News Malayalam

IPL Final 2022: പാണ്ഡ്യാവതാരം! കന്നി സീസൺ, കന്നി കിരീടം; ഐപിഎൽ ഗുജറാത്ത് ടൈറ്റൻസിന്

തുടക്കം മുതല്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കിയെങ്കിലും അക്ഷോഭ്യനായി ക്രീസില്‍ നിന്ന ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇടക്കിടെ ബൗണ്ടറികള്‍ നേടിയും സ്കോര്‍ മുന്നോട്ട് നീക്കി. പത്താം ഓവറിലാണ് ഗുജറാത്ത് 50 റണ്‍സ് പിന്നിട്ടത്. മറുവശത്ത് ശുഭ്മാന്‍ ഗില്‍ പതിവ് ഫോമിലായിരുന്നില്ലെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യക്ക് മികച്ച കൂട്ടായി.

IPL Final 2022: Gujarat Titans beat Rajasthan Royals to lift IPL title
Author
Ahmedabad, First Published May 29, 2022, 11:44 PM IST

അഹമ്മദാബാദ്: ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഐപിഎല്‍(IPL 2022) കിരീടം. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

43 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. സിക്സറിലൂടെയാണ് ഗില്‍ ഗുജറാത്തിന്‍റെ വിജയറണ്‍ നേടിയത്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 130-9, ഗുജറാത്ത് ടൈറ്റന്‍സ് 18.1 ഓവറില്‍ 133-3. ഐപിഎല്ലില്‍ കിരീടം നേടുന്ന നാലാമത്തെ ഇന്ത്യന്‍ നായകനാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. എം എസ് ധോണി, രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍ എന്നിവരാണ് പാണ്ഡ്യക്ക് മുമ്പ് ഐപിഎല്‍ കിരീടം നേടിയ ഇന്ത്യന്‍ നായകന്‍മാര്‍.

ഞെട്ടിച്ച തുടക്കം

131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഗുജറാത്തിനെ ഞെട്ടിച്ചാണ് രാജസ്ഥാന്‍ പേസര്‍മാര്‍ തുടങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ വൃദ്ധിമാന്‍ സാഹയെ(7 പന്തില്‍ 5) ക്ലീന്‍ ബൗള്‍ഡാക്കി പ്രസിദ്ധ് കൃഷ്ണ ആദ്യ പ്രഹരമേല്‍പ്പിച്ചു. ഇതിന് മുമ്പ് ട്രെന്‍റ് ബോള്‍ട്ടിന്‍റെ നേരിട്ട ആദ്യ പന്തില്‍ ശുഭ്മാന്‍ ഗില്‍ നല്‍കി ക്യാച്ച് യുസ്‌വേന്ദ്ര ചാഹല്‍ നിലത്തിട്ടിരുന്നു. വണ്‍ ഡൗണായെത്തിയ മാത്യു വെയ്ഡിനും അധികം ആയസുണ്ടായില്ല. പ്രസിദ്ധ് കൃഷ്ണയെ സിക്സിന് പറത്തിയ വെയ്ഡിനെ(10 പന്തില്‍ 8) അഞ്ചാം ഓവറില്‍ ബോള്‍ട്ട് റി.ാന്‍ പരാഗിന്‍റെ കൈകളിലെത്തിച്ചു. തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമാകുകയും ശുഭ്മാന്‍ ഗില്‍ താളം കണ്ടെത്താന്‍ പാടുപെടുകയും ചെയ്തതോടെ ഗുജറാത്ത് പവര്‍ പ്ലേയില്‍ 31 റണ്‍സിലൊതുങ്ങി.

കരകയറ്റി പാണ്ഡ്യയും ഗില്ലും

രാജസ്ഥാന്‍ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കിയെങ്കിലും അക്ഷോഭ്യനായി ക്രീസില്‍ നിന്ന ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇടക്കിടെ ബൗണ്ടറികള്‍ നേടിയും സ്കോര്‍ മുന്നോട്ട് നീക്കി. പത്താം ഓവറിലാണ് ഗുജറാത്ത് 50 റണ്‍സ് പിന്നിട്ടത്. മറുവശത്ത് ശുഭ്മാന്‍ ഗില്‍ പതിവ് ഫോമിലായിരുന്നില്ലെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യക്ക് മികച്ച കൂട്ടായി. ഇരുവരും ചേര്‍ന്ന മൂന്നാം വിക്കറ്റില്‍ 46 പന്തില്‍ അര്‍ധസെഞ്ചുറി കുട്ടുകെട്ടുയര്‍ത്തി. ഗുജറാത്തിന്‍റെ ഇടം കൈയന്‍ ബാറ്റര്‍മാര്‍ക്കായി അശ്വിനെ പതിനൊന്നാം ഓവര്‍ വരെ സഞ്ജു കരുതിവെച്ചെങ്കിലും ഒടുവില്‍ ഹാര്‍ദ്ദിക്കിനും ഗില്ലിനും മുന്നിലേക്ക് ഇറക്കേണ്ടിവന്നു. അതുവരെ സമ്മര്‍ദ്ദത്തിലായിരുന്ന ഗുജറാത്ത് അശ്വിനെതിരെ 15 റണ്‍സടിച്ച് സമ്മര്‍ദ്ദമകറ്റി.

പ്രതീക്ഷ നല്‍കി ചാഹല്‍, തല്ലിക്കൊഴിച്ച് മില്ലര്‍

പതിനാലാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ(30 പന്തില്‍ 34) സുന്ദരമായൊരു ലെഗ് സ്പിന്നില്‍ സ്ലിപ്പില്‍ യശസ്വി ജയ്‌സ്വാളിന്‍റെ കൈകളിലെത്തിച്ച് ചാഹല്‍ രാജസ്ഥാന് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടെത്തിയ മില്ലര്‍ ആ പ്രതീക്ഷകളെ അടിച്ചുപറത്തി. അശ്വിനെ സിക്സിന് പറത്തിയ മില്ലര്‍ ഗുജറാത്തിന്‍റെ കിരീടത്തിലേക്കുള്ള വഴി എളുപ്പമാക്കി.

അശ്വിന്‍ എറിഞ്ഞ പതിനാറാം ഓവറില്‍ 12ഉം പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പതിനേഴാം ഓവറില്‍ 13ഉം റണ്‍സടിച്ച മില്ലറും ഗില്ലും ചേര്‍ന്ന് ഗുജറാത്തിനെ സമ്മര്‍ദ്ദമില്ലാതെ ലക്ഷ്യത്തിലെത്തിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. 35 പന്തില്‍ 39 റണ്‍സെടുത്ത ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 11 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. ഗുജറാത്തിനായി ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോര്‍ രണ്ടും റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീതം വീഴ്ത്തി.

Follow Us:
Download App:
  • android
  • ios