ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്നാം സ്ഥാനത്തേക്ക് കയറി.

ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആറ് മത്സരങ്ങള്‍ ഹൈദരാബാദ് പൂര്‍ത്തിയാക്കി. ഇതില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ നാലിലും പരാജയമായിരുന്നു ഫലം. ഹൈദരാബാദിനോട് തോറ്റ് പഞ്ചാബ് ആറാം സ്ഥാനത്തേക്ക് വീണു. അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റാണ് അവര്‍ക്കുള്ളത്. മൂന്നെണ്ണം ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്ക്. നാലില്‍ ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു. തോറ്റെങ്കിലും ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാമത് തുടരുന്നു. അവര്‍ക്കും എട്ട് പോയിന്റാണുള്ളത്. എന്നാല്‍ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്തിന്, ലക്‌നൗവിന് മുന്നിലായി. നാല് മത്സരങ്ങളില്‍ നാലും ജയിച്ച ഡല്‍ഹി എട്ട് പോയിന്റോടെ ഒന്നാമത് തുടരും.

ഗുജറാത്ത് - ലക്‌നൗ മത്സരത്തിന് മുമ്പ് ഡല്‍ഹി രണ്ടാമതായിരുന്നു. എന്നാല്‍ ഗുജറാത്തിന്റെ തോല്‍വി ഡല്‍ഹിക്ക് ഗുണം ചെയ്തു. ആറ് മത്സരങ്ങളില്‍ ആറ് പോയിന്റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നാലാം സ്ഥാനത്ത്. മൂന്ന് വീതം ജയവും തോല്‍വിയും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അഞ്ചാം സ്ഥാനത്തുണ്ട്. അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റ്. പിന്നാലെ പഞ്ചാബ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഏഴാം സ്ഥാനത്താണ്.

അപരാജിത കുതിപ്പ് തുടരാന്‍ ഡല്‍ഹി ക്യാപ്റ്റല്‍സ്; മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യം രണ്ടാം ജയം

അഞ്ച് മത്സരങ്ങളില്‍ നാല് പോയിന്റാണ് രാജസ്ഥാന്. രണ്ട് മത്സരം ജയിച്ചപ്പോള്‍ മൂന്നെണ്ണം പരാജയപ്പെട്ടു. ഹൈദരാബാദ്, എട്ടാമത്. അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സ് ഒമ്പതാം സ്ഥാനത്തും ആറ് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പത്താം സ്ഥാനത്തുമാണ്.