മുംബൈയുടെ ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീം കൈവിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ തവണത്തെ മെഗാ താരലേലത്തിന് മുന്നോടിയായി പൊള്ളാര്‍ഡിനെ കൈവിട്ട മുംബൈ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി പൊള്ളാര്‍ഡിനെ കുറഞ്ഞ തുകക്ക് സ്വന്തമാക്കുകയായിരുന്നു.

മുംബൈ:ഐപിഎല്‍ മെഗാ താരലേലത്തിന്(IPL mega auction) മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക (IPL retention) പുറത്തുവിട്ട് മുംബൈ ഇന്ത്യന്‍സ്(Mumbai Indians). ക്യാപ്റ്റന്‍ രോഹിത് ശര്‍മ(Rohit Sharma), പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര(Jasprit Bumrah), ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്( Kieron Pollard), ബാറ്റര്‍ സൂര്യകുമാര്‍ യാദവ്(Suryakumar Yadav) എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

മുംബൈയുടെ ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യയെ(Hardik Pandya) ടീം കൈവിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ തവണത്തെ മെഗാ താരലേലത്തിന് മുന്നോടിയായി പൊള്ളാര്‍ഡിനെ കൈവിട്ട മുംബൈ റൈറ്റ് ടു മാച്ച് കാര്‍ഡ്(RTM) വഴി പൊള്ളാര്‍ഡിനെ കുറഞ്ഞ തുകക്ക് വീണ്ടും ടീമിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ നിലനിര്‍ത്തേണ്ട കളിക്കാരില്‍ തന്നെ പൊള്ളാര്‍ഡിനെ ഉള്‍പ്പെടുത്താന്‍ മുംബൈ തയാറായി.

ഹാര്‍ദിക് പാണ്ഡ്യയെയോ ഇഷാന്‍ കിഷനെയോ(Ishan Kishan) നാലാമത്തെ കളിക്കാരനായി മുംബൈ നിലനിര്‍ത്തുമെന്ന പ്രതീക്ഷ തെറ്റിച്ച് സൂര്യകുമാര്‍ യാദവിനെയാണ് ടീം നിലനിര്‍ത്തിയത് എന്നതും ശ്രദ്ധേയമായി. ഇതോടെ ഹാര്‍ദ്ദികും ഇഷാന്‍ കിഷനും ലേലത്തിലെത്തുമെന്ന് ഉറപ്പായി.

സമീപകാലത്തായി പരിക്കും ഫോമില്ലായ്മയും മൂലം വലയുന്ന ഹാര്‍ദ്ദികിന് ഇന്ത്യന്‍ ടീമിലെ സ്ഥാനവും നഷ്ടമായിരുന്നു. ടി20 ലോകകപ്പില്‍ ഓള്‍ റൗണ്ടറെന്ന നിലയില്‍ ടീമിലെത്തിയ ഹാര്‍ദ്ദിക് രണ്ടോവര്‍ മാത്രമാണ് പന്തെറിഞ്ഞത്. ബാറ്റിംഗിലും കാര്യമായി തിളങ്ങാന്‍ ഹാര്‍ദ്ദിക്കിനായിരുന്നില്ല. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും ഹാര്‍ദ്ദിക് നിരാശപ്പെടുത്തിയിരുന്നു.

2020ലെ ഐപിഎല്ലില്‍ മിന്നുന്ന ഫോമിലായിരുന്ന ഇഷാന്‍ കിഷനെ മുംബൈ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് യുവതാരത്തിന് തിരിച്ചടിയായത്. നാലു കളിക്കാരെ നിലനിര്‍ത്തിയതോടെ മുംബൈക്ക് താരലേലത്തില്‍ പരമാവധി 48 കോടി രൂപ മാത്രമാകും ചെലവഴിക്കാനാകുക.