പവര്‍ പ്ലേയിൽ 4 ബൗളര്‍മാരെയാണ് ശ്രേയസ് അയ്യര്‍ മാറി മാറി പരീക്ഷിച്ചത്. 

അഹമ്മദാബാദ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എന്ന നിലയിലാണ്. 36 റൺസുമായി ജോണി ബെയര്‍സ്റ്റോയും 14 റൺസുമായി തിലക് വര്‍മ്മയുമാണ് ക്രീസിൽ. രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്. 

ഇടംകയ്യൻ പേസര്‍ അര്‍ഷ്ദീപ് സിംഗാണ് പഞ്ചാബിന് വേണ്ടി ആദ്യ ഓവര്‍ എറിയാനെത്തിയത്. മികച്ച രീതിയിൽ പന്തെറിഞ്ഞ അര്‍ഷ്ദീപ് വെറും 4 റൺസ് മാത്രമാണ് വഴങ്ങിയത്. രണ്ടാം ഓവറിൽ കൈൽ ജാമിസണെ അതിര്‍ത്തി കടത്തി ജോണി ബെയര്‍സ്റ്റോ ആക്രമണത്തിന് തുടക്കമിട്ടു. അഞ്ചാം പന്ത് ഉയര്‍ത്തിയടിച്ച രോഹിത്തിനെ അസ്മത്തുള്ള ഒമര്‍സായി കൈവിട്ടു കളഞ്ഞു. എന്നാൽ, തൊട്ടടുത്ത ഓവറിൽ അര്‍ഷ്ദീപിനെ പിൻവലിച്ച് മാര്‍ക്കസ് സ്റ്റോയിനെ പന്തേൽപ്പിച്ച നായകൻ ശ്രേയസ് അയ്യരുടെ തന്ത്രം ഫലിച്ചു. ആദ്യ പന്തിൽ ബൗണ്ടറി നേടിയെങ്കിലും രണ്ടാം പന്തിൽ സിക്സറിന് ശ്രമിച്ച രോഹിത്തിന് പിഴച്ചു. ബൗണ്ടറി ലൈനിനരികിൽ കാത്തുനിന്ന വൈശാഖ് വിജയകുമാറിന്റെ ക്യാച്ചിൽ രോഹിത് (8) പുറത്ത്. മൂന്നാമനായി ക്രീസിലെത്തിയ തിലക് വര്‍മ്മ നേരിട്ട രണ്ടാം പന്തിൽ തന്നെ സിക്സര്‍ നേടി. 15 റൺസാണ് സ്റ്റോയിനിസ് വിട്ടുകൊടുത്തത്.

നാലാം ഓവറിൽ അര്‍ഷ്ദീപ് സിംഗ് 13 റൺസ് വഴങ്ങി. അഞ്ചാം ഓവര്‍ മികച്ച രീതിയിൽ പൂര്‍ത്തിയാക്കിയ ജാമിസൺ വെറും 7 റൺസ് മാത്രമാണ് വഴങ്ങിയത്. 5 ഓവറുകൾ പൂര്‍ത്തിയായപ്പോൾ മുംബൈയുടെ സ്കോര്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസിലെത്തി. ആറാം ഓവറിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ബെയര്‍സ്റ്റോ സ്കോര്‍ ഉയര്‍ത്തി. നാലാം പന്തിൽ സിക്സര്‍ നേടാനും ബെയര്‍സ്റ്റോയ്ക്ക് കഴിഞ്ഞു. ഈ ഓവറിൽ 15 റൺസ് കൂടി പിറന്നതോടെ മുംബൈയുടെ സ്കോര്‍ 65ലേയ്ക്ക് കുതിച്ചു.