വിരമിക്കൽ തീരുമാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പതിവുപോലെ സസ്പെൻസ് നിറച്ച മറുപടിയാണ് ധോണി നൽകിയത്.

അഹമ്മദാബാദ്: ഐപിഎല്ലിൽ പതിവുപോലെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച് ചെന്നൈ സൂപ്പർ കിം​ഗ്സ് സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണി. ലക്ഷക്കണക്കിന് ആരാധകരുടെ പ്രതീക്ഷകളുടെ ഭാരമുള്ള ഹർഷ ഭോഗ്ലെയുടെ ചോ​ദ്യത്തിന് അദ്ദേഹം പതിവുപോലെ സസ്പെൻസ് നിറച്ച മറുപടിയാണ് നൽകിയത്. എപ്പോഴുമെന്നപോലെ ശാന്തനായ ധോണി പക്ഷേ, കൃത്യമായ ഉത്തരം നൽകിയില്ല. എല്ലാം പൂർത്തിയായി എന്ന് പറയാൻ കഴിയില്ലെന്നും എന്നാൽ അടുത്ത സീസണിൽ തിരിച്ചുവരുമെന്ന് പറയാനാകില്ലെന്നുമായിരുന്നു ധോണിയുടെ മറുപടി. 

'എനിക്ക് തീരുമാനിക്കാൻ 4-5 മാസം സമയമുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ ഇപ്പോൾ തിരക്കുപിടിക്കേണ്ട കാര്യമില്ല. എല്ലാ വർഷവും ശരീരം ഫിറ്റ്നസോട് കൂടി നിലനിർത്താൻ 50% കൂടുതൽ പരിശ്രമം ആവശ്യമാണ്. ഇത് ഹൈ ലെവൽ ക്രിക്കറ്റാണ്. നിങ്ങൾക്ക് എത്രത്തോളം ആവേശവും ഫിറ്റ്നസും ഉണ്ട്, ടീമിന് നിങ്ങൾക്ക് എത്രത്തോളം സംഭാവന ചെയ്യാൻ കഴിയും, ടീമിന് നിങ്ങളെ ആവശ്യമുണ്ടോ എന്നതാണ് പ്രധാനം. എനിക്ക് ആവശ്യത്തിന് സമയമുണ്ട്. ഞാൻ റാഞ്ചിയിലേക്ക് മടങ്ങും. വളരെക്കാലമായി വീട്ടിലില്ല. കുറച്ച് ബൈക്ക് യാത്രകൾ ആസ്വദിക്കണം. ഏതാനും മാസങ്ങൾക്ക് ശേഷം ഞാൻ തീരുമാനിക്കാം. എല്ലാം പൂർത്തിയാക്കി എന്ന് ഞാൻ പറയുന്നില്ല, അതേസമയം തന്നെ ഞാൻ തിരിച്ചുവരുമെന്നും പറയുന്നില്ല. എനിക്ക് ആവശ്യത്തിലധികം സമയമുണ്ട്'. ധോണി പറഞ്ഞു. 

അഹമ്മദാബാദിലെ വിജയത്തോടെ അവസാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഈ സീസണിൽ ചെന്നൈയുടെ ഏറ്റവും മികച്ച ഓൾറൗണ്ട് പ്രകടനങ്ങളിലൊന്നാണിതെന്നും ധോണി പറഞ്ഞു. 2026ലെ ഐ‌പി‌എല്ലിൽ ചെന്നൈയുടെ സ്ഥിരം ക്യാപ്റ്റനായി റുതുരാജ് ഗെയ്‌ക്‌വാദ് തിരിച്ചെത്തുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കൈമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് സീസണിന്റെ പകുതിയിൽ തന്നെ ​ഗെയ്ക്വാദ് പുറത്തുപോയിരുന്നു. ഇതോടെയാണ് ധോണി വീണ്ടും നായക സ്ഥാനം ഏറ്റെടുത്തത്.